തീവ്രവാദ ക്യാമ്പിലേക്ക് പോയ മകന്റെ മയ്യത്ത് കാണേണ്ട എന്ന് പറഞ്ഞ ഉമ്മമാരുടെ നാടാണിത്; വിദ്വേഷ പ്രചാരകര്‍ അത് കാണാതെ പോയി: മുഖ്യമന്ത്രി

കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം മലിനമാക്കുന്നതിന് ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനായി ഫാസിസ്റ്റ് തന്ത്രം പയറ്റുകയും കലാ രംഗത്തെ പോലും വര്‍ഗ്ഗീയവല്‍ക്കരിക്കുകയും ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മുസ്ലീം ജമാത്ത് ഫെഡറേഷന്‍ ജനമുന്നേറ്റ റാലി കൊല്ലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെക്കുറിച്ച് മോശമായ ചിത്രം അവതരിപ്പിക്കുന്നതിന് ഒരു കൂട്ടര്‍ നിരന്തരമായി ശ്രമിക്കുകയാണ്. അവര്‍ നുണകള്‍ നിരന്തരം ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് സത്യമാണെന്ന് ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. അതിനായി കലാരൂപങ്ങളെ പോലും ദുരുപയോഗം ചെയ്യുന്നു.ജാതിമത സംഘര്‍ഷം ഇല്ലാതെ സമാധാനമായി പുലരുന്ന നാടാണ് കേരളം. അവിടെ വിദ്വേഷത്തിന്റെ വിത്ത് പാകാന്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തീവ്രവാദ ക്യാമ്പിലേക്ക് പോയ മകന്റെ മയ്യത്ത് കാണേണ്ട എന്ന് പറഞ്ഞ ഉമ്മമാരുടെ നാടാണ് കേരളം. വിദ്വേഷ പ്രചരണം നടത്തുന്നവര്‍ ആ കാര്യം തിരിച്ചറിയാതെ പോയി എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പള്ളിക്കും അമ്പലത്തിനും ഒരേ മതില്‍ പങ്കിടുന്ന നാടാണ് കേരളം. ശബരിമല അയ്യപ്പനും വാവരും ഒരുമിച്ച നാടാണ് കേരളം. ഇതൊന്നും പിടിക്കാത്തവരാണ് ഏതുവിധേനയും വര്‍ഗീയ ധ്രുവീകരണ സൃഷ്ടിച്ച് ലാഭം കെയ്യാന്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ ധ്രുവീകരണമാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ജമ്മുകശ്മീരിലെ പ്രത്യേക പദവി എടുത്തു കളഞ്ഞു, പൗരത്വ ഭേദഗതി നിയമം കൊണ്ട് വന്നു , ചര്‍ച്ചയില്ലാതെ കാര്‍ഷിക രംഗത്ത് കരി നിയമങ്ങള്‍ കൊണ്ട് വന്നു. ഇപ്പോഴിതാ സിവില്‍ കോഡിലേക്ക് നീങ്ങാന്‍ പോകുന്നു. പിന്നാലെ ഹിന്ദു രാഷ്ട്രമാക്കാന്‍ ശ്രമിക്കുമെന്നും അതില്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷ ഇന്ത്യയില്‍ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കാമെന്ന നിലവന്നു. മണിപ്പൂരിലെ കലാപം ഇനിയും അവസാനിച്ചിട്ടില്ല. പുതിയ ആരാധനാലയങള്‍ പണിയാന്‍ സംഘപരിവാര്‍ അനുവദിക്കുന്നില്ല മുസ്ലീം ആരാധനാലയങള്‍ നിര്‍മ്മിക്കാന്‍ ഒരു കാലത്ത് അനുവാദം ഉണ്ടായിരുന്നില്ല അത് സാധ്യമാക്കിയത് ഇടതുപക്ഷ സര്‍ക്കാരാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മതപരമായ ആഘോഷങ്ങള്‍ പോലും സംല പരിവാര്‍ ചോരയില്‍ മുക്കുന്നു. രാമനവമി ആഘോഷങളില്‍ മത വിദ്വേഷ പ്രസംഗങ്ങളാണ് നടത്തിയത്. ഇവയെല്ലാം തുറന്നു കാണിക്കേണ്ട മാധ്യമങള്‍ പോലും എല്ലാം മൂടിവെക്കുന്നു .ഇതെല്ലാം സംഘപരിവാറാണ് ചെയ്യുന്നതെന്ന് മലയാള മാധ്യമങള്‍ പോലും പറയാന്‍ മടിക്കുന്നു. അത് ജനങ്ങളില്‍ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ തുറങ്കലിലടക്കുകയാണ്. അരാഷ്ട്രീയ ചിന്തകള്‍ വളര്‍ത്തി ജനാധിപത്യത്തെ ധ്വംസിക്കുമ്പോള്‍ മാധ്യമങ്ങള്‍ മാധ്യമധര്‍മം മറക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുന്നു. ചരിത്രത്തെ സ്വാതന്ത്ര്യ സമരത്തെ ഒറ്റ് കൊടുത്ത സംഘപരിവാര്‍ ഭയക്കുന്നു. ചരിത്ര ബോധമില്ലാത്ത തലമുറയെ സൃഷ്ടിച്ച് സത്യത്തെ ഇല്ലാതാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത് എന്നുംമുഖ്യമന്ത്രി പറഞ്ഞു. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉള്‍പ്പടെ 387 പേരുകള്‍ സ്വാതന്ത്രസമര നായകരുടെ പേരുകള്‍ വെട്ടിമാറ്റുന്നു.നെഹ്‌റുവിനെയും ഗാന്ധിയെയും മൗലാനാ അബുള്‍ കലാം ആസാദിനെയും, മുഗള്‍ സാമ്രാജ്യത്തെ ഒഴിവാക്കുന്നു. സംഘപരിവാര്‍ മൂഢ സ്വര്‍ഗത്തിലാണുള്ളത്. അവര്‍ ഭയപ്പെടുന്ന എല്ലാകാര്യങ്ങളും അവരുടെ തീട്ടൂരം അനുസരിച്ച് കേരളത്തിലെ പാഠപുസ്തകങ്ങളില്‍ നിന്ന് മാറ്റാന്‍ പോവുകയല്ല ചെയ്യുന്നത്.അതെല്ലാം കേരളത്തിലെ പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കും.പട്ടിണിയും തൊഴിലില്ലായ്മ മറച്ചു പിടിക്കാനാണ് സംഘപരിവാര്‍ ഭരണകൂടം ഇതെല്ലാം ചെയ്യുന്നത് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ പൊതു അവസ്ഥയെക്കുറിച്ച് ശുഭസൂചന വന്ന ദിവസമാണ് ഇന്ന് എന്നും കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റിയും മുഖ്യമന്ത്രി പ്രതികരിച്ചു.തെരഞ്ഞെടുപ്പ് ഫലം സംഘപരിവാറിന്റെ ഹുങ്കിന് കനത്ത തിരിച്ചടിയാണ്.രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ഐക്യത്തോടെയും ഒരുമയോടെയും നേരിടാം എന്നതിന്റെ സൂചനയാണിത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News