ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടങ്ങളാക്കി വിപുലീകൃതമായി നടപ്പാക്കും, ആദ്യഘട്ടത്തിൽ ഒറ്റവരിപ്പാതക്കായിരിക്കും പ്രാമുഖ്യം നൽകുക; മുഖ്യമന്ത്രി

ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി വിപുലീകൃതമായ രീതിയില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പദ്ധതിയ്ക്ക് ഒറ്റവരിപ്പാത എന്ന നിലയിൽ പ്രാമുഖ്യം നൽകിയായിരിക്കും ആദ്യഘട്ടത്തിൽ മുന്നോട്ട് പോകുകയെന്നും വികസനഘട്ടത്തിൽ പാത ഇരട്ടിപ്പിക്കല്‍ പരി​ഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന വികസനത്തിന് വലിയ കുതിപ്പേകും വിധമായിരിക്കും ശബരി റെയിൽ പദ്ധതി വിപുലീകരിക്കുന്നത് പരിഗണിക്കുകയെന്നും നിലവിൽ കേന്ദ്ര സർക്കാരിൻ്റെ പരിഗണനയിലുള്ള ചെങ്ങന്നൂർ – പമ്പ പദ്ധതിക്ക് പകരം വിഴിഞ്ഞത്തെക്കൂടി ബന്ധിപ്പിക്കുന്ന പദ്ധതിയാക്കി ഭാവിയില്‍ ഇതിനെ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്ക് അനുമതി ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഉടൻ അഭ്യര്‍ഥിക്കുമെന്നും യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ അങ്കമാലി – എരുമേലി – നിലക്കല്‍ പാത പൂര്‍ത്തീകരിക്കും. നിര്‍മാണ ചെലവിന്‍റെ 50 ശതമാനം തുക കിഫ്ബി വഹിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം തുടരും. ഈ തുക കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ച് കിട്ടാന്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടും. ആര്‍ബിഐയുമായി ചേര്‍ന്നുള്ള ത്രികക്ഷി കരാര്‍ വേണ്ടെന്ന നിലപാട് സ്വീകരിക്കും.

ALSO READ: എൻസിപിയുടെ മന്ത്രി മാറ്റം, പാർട്ടി ദേശീയ അധ്യക്ഷൻ ശരത്പവാറുമായി തോമസ് കെ തോമസ് കൂടിക്കാഴ്ച നടത്തി

അങ്കമാലി മുതൽ എരുമേലി വരെ 110 കിലോമീറ്റർ ദൈർഘ്യമുള്ള ശബരി റെയിൽവേ ലൈൻ 1997-98 ലെ റെയിൽവേ ബജറ്റിലെ നിർദ്ദേശമാണ്. ഈ പദ്ധതിയ്ക്കായി 8 കിലോമീറ്ററോളം സ്ഥലമെടുപ്പ് പൂർത്തിയായി. അങ്കമാലിക്കും കാലടിക്കും ഇടയിലുള്ള 7 കിലോമീറ്റർ പാതയുടെ നിർമ്മാണം വളരെ മുമ്പുതന്നെ പൂർത്തീകരിച്ചതാണ്. ഈ ഭാഗത്ത് രണ്ട് മേൽപ്പാലങ്ങളുടെയും രണ്ട് അടിപ്പാതകളുടെയും നിർമ്മാണം വിഭാവനം ചെയ്‌തിരുന്നു. അടുത്ത 70 കിലോമീറ്റർ സ്ഥലമെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

എന്നാൽ, 2019 ൽ റെയിൽവേ ബോർഡ് നൽകിയ കത്തിൽ പദ്ധതി മരവിപ്പിച്ചിരിക്കുകയാണെന്ന് അറിയിച്ചു. അതോടെ മേൽപ്പാലങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട തുടർ നടപടികൾ നിർത്തിവച്ചു.അങ്കമാലി സംസ്ഥാന ശബരി പദ്ധതിയുടെ 50% തുക സർക്കാർ വഹിക്കണമെന്ന് റെയിൽവേ ആവശ്യപ്പെട്ടു. പൂർണമായും റെയിൽവേ ഫണ്ടിൽ തുടങ്ങിയ പദ്ധതിയാണെങ്കിലും 2,815 കോടി രൂപ ചെലവ് കണക്കാക്കിയ പദ്ധതിയുടെ 50% ചെലവ് കിഫ്ബി വഴി വഹിക്കാൻ കേരള സർക്കാർ തയാറാണെന്ന് 2021 ൽ കേരളം കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം നിർമ്മാണ ചെലവ് 3,800.93 കോടി രൂപയായി വർധിച്ചു. റെയിൽവേ ബോർഡിൻ്റെ ആവശ്യപ്രകാരം പുതുക്കിയ എസ്റ്റിമേറ്റിനനുസൃതമായി 50% തുക പങ്കിടുന്നതിനുള്ള സന്നദ്ധതക്കുള്ള സ്ഥിരീകരണം സംസ്ഥാന സർക്കാർ നൽകിയെങ്കിലും പദ്ധതി റെയിൽവേ പുനരുജ്ജീവിപ്പിച്ചിട്ടില്ല. യോഗത്തില്‍ മന്ത്രി വി അബ്ദുറഹ്മാന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, എറണാകുളം ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഇടുക്കി കലക്ടര്‍ വി. വിഗ്നേശ്വരി കോട്ടയം കലക്ടര്‍ ജോൺ വി. സാമുവൽ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News