കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് നിർമ്മിച്ച എറണാകുളം ജനറൽ ആശുപത്രിയിലെ ക്യാൻസർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഒക്ടോബർ 2 നാണു ഉദ്ഘാടനം. ആറ് നിലകളിലുള്ള ക്യാൻസർ ബ്ലോക്കിന്റെ ചെലവ്. നൂറ് രോഗികളെ കേന്ദ്രത്തിൽ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമുണ്ടാകും. കൊച്ചിയിലെ ആരോഗ്യമുന്നേറ്റത്തിന് പുത്തൻ കുതിപ്പാകും ക്യാൻസർ സ്പെഷ്യാലിറ്റി ബ്ലോക്ക് എന്നാണ് പ്രതീക്ഷയെന്ന് മന്ത്രി എം ബി രാജേഷ് പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
ALSO READ:സംസ്ഥാനത്ത് മിതമായ മഴയ്ക്ക് സാധ്യത
മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
കൊച്ചിക്കാർക്കിതാ ഒരു സന്തോഷ വാർത്ത കൂടി. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് നിർമ്മിച്ച എറണാകുളം ജനറൽ ആശുപത്രിയിലെ ക്യാൻസർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ഒക്ടോബർ 2ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുകയാണ്. 25 കോടി രൂപയാണ് ആറ് നിലകളിലുള്ള ക്യാൻസർ ബ്ലോക്കിന്റെ ചെലവ്. നൂറ് രോഗികളെ കേന്ദ്രത്തിൽ കിടത്തിച്ചികിത്സിക്കാനാവും. കൊച്ചിയിലെ ആരോഗ്യമുന്നേറ്റത്തിന് പുത്തൻ കുതിപ്പാകും ക്യാൻസർ സ്പെഷ്യാലിറ്റി ബ്ലോക്ക് എന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തെ കൂടുതൽ സ്മാർട്ടാക്കാൻ ആരോഗ്യസൌകര്യങ്ങളുടെ ആധുനികവത്കരണം അനിവാര്യമാണ്. ആധുനികവും വിദഗ്ധവുമായ ചികിത്സയ്ക്കുള്ള പശ്ചാത്തല സൌകര്യമാണ് ക്യാൻസർ ബ്ലോക്കിൽ ഒരുക്കിയിരിക്കുന്നത്. എറണാകുളം ജില്ലയിലെ ജനങ്ങള് പ്രധാനമായും ആശ്രയിക്കുന്ന ജനറൽ ആശുപത്രിയിലെ ക്യാൻസർ ബ്ലോക്ക് ജില്ലയ്ക്കാകെ മുതൽക്കൂട്ടാകും. ക്യാൻസർ സ്പെഷ്യാലിറ്റി ബ്ലോക്ക് സാധ്യമാക്കിയ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിനെ അഭിനന്ദിക്കുന്നു.
ആധുനിക സംവിധാനങ്ങളോടെ സജ്ജമായ പുതിയ ബ്ലോക്കിൽ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡുമായി ചേർന്ന് ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഇൻകെൽ ആണ് കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിനു വേണ്ടി നിർവഹണം നടത്തിയത്.ക്യാൻസർ ഐസിയു, കീമോതെറാപ്പി യൂണിറ്റ്, സ്ത്രീകള്ക്കും പുരുഷന്മാർക്കുമായി പ്രത്യേക വാർഡ്, കൂട്ടിരിപ്പുകാർക്കുള്ള ഡോർമറ്ററി തുടങ്ങിയവയെല്ലാം ഒരുക്കിയിട്ടുണ്ട്. കീമോതെറാപ്പിക്ക് വിധേയരാകുന്ന രോഗികള്ക്ക് രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറഞ്ഞാൽ അടിയന്തിര ചികിത്സ നൽകുന്നതിനുള്ള ന്യൂട്രോപ്പീനിയ ഐസിയുവും സജ്ജമാക്കിയിട്ടുണ്ട്. ഓരോ നിലകളിലും നഴ്സിംഗ് സ്റ്റേഷനും ഡോക്ടർമാരുടെ പ്രത്യേക മുറികളും രോഗികള്ക്ക് ഏറ്റവും സൌകര്യപ്രദമായ ശുചിമുറികളും ഒരുക്കിയിട്ടുണ്ട്. 1070 കോടി രൂപയുടെ കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിൽ 570 കോടി രൂപ സംസ്ഥാന സർക്കാരിന്റെയും കൊച്ചി കോർപറേഷന്റെയും വിഹിതമാണ്. ബാക്കി കേന്ദ്രസർക്കാർ വിഹിതമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here