പ്രവാസ ലോകത്തിന്‍റെ ഉറച്ച പിന്തുണ നവകേരള സദസിനുണ്ടെന്ന് തെളിഞ്ഞു; മുഖ്യമന്ത്രി എ‍ഴുതുന്നു

തലസ്ഥാനജില്ലയായ തിരുവനന്തപുരത്താണ് ഇനി മൂന്നു ദിവസം നവകേരള സദസ്സ് നടക്കുന്നത്. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലൂടെയും കടന്നുവന്ന ഈ യാത്രയ്ക്ക് ജനങ്ങൾ നൽകിയ പിന്തുണ അനിതരസാധാരണമാണ്. ജനകീയ സർക്കാർ എന്ന വിശേഷണം അന്വർത്ഥമാക്കുന്ന പങ്കാളിത്തവും സ്വീകരണവുമാണ് എല്ലാ മേഖലകളിലും ഉണ്ടായത്. ജനങ്ങൾ കൂട്ടത്തോടെ എത്തുന്നത് ചിലരെയെങ്കിലും അസ്വസ്ഥരാക്കുന്നുണ്ട്. എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട വിഷയങ്ങളാണ് നവകേരള സദസ്സ് ചർച്ച ചെയ്യുന്നത്. നാടിന്റെ നിലനില്പിനെയും പുരോഗതിയെയും സംബന്ധിച്ച അത്തരം സുപ്രധാന വിഷയങ്ങളോട് മുഖം തിരിച്ച്‌ നിൽക്കുന്നവരുടേതാണ് ആ അസ്വസ്ഥത. അവർ ഉന്നയിക്കുന്ന തെറ്റായ വാദങ്ങളെയും എതിർപ്പുകളെയും അക്രമോത്സുക രീതികളെയും ജനങ്ങൾ മുഖവിലയ്ക്കെടുക്കുന്നില്ല. അതിൽ നൈരാശ്യം പൂണ്ട് വിചിത്ര രീതികൾ അവലംബിക്കുന്നതും നാം കാണുകയാണ്.

Also Read; പ്രായഭേദമന്യേ സ്ത്രീ പുരുഷന്മാർ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒന്നാമത്തെ സംസ്ഥാനമാണ് കേരളം

നമ്മുടെ സംസ്ഥാനത്തിന്റെ മുന്നോട്ടു പോക്കിന് താങ്ങും തണലും നൽകുന്നവരാണ് പ്രവാസികേരളീയ സമൂഹം. പ്രവാസ ലോകത്തിന്റെ ഉറച്ച പിന്തുണ നവകേരള സദസ്സിന് ഉണ്ട് എന്ന് തെളിയിക്കുന്നതായിരുന്നു അനുഭവങ്ങളായിരുന്നു ഈ യാത്രയിലുടനീളം. പ്രവാസികുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ നിന്നാകെ വലിയ തോതിൽ ജനങ്ങൾ എത്തി. പ്രഭാത യോഗങ്ങളിലും പ്രവാസ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സജീവ ചർച്ചയായി. നാടിന്റെ വികസനത്തിലും സാമൂഹ്യപുരോഗതിയിലും വലിയ പങ്കു വഹിക്കുന്ന പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനും ക്ഷേമത്തിനുമായി പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. നോർക്ക വകുപ്പിന്റെ നേതൃത്വത്തിൽ നോർക്ക റൂട്ട്സും പ്രവാസി ക്ഷേമനിധി ബോർഡും നടത്തിവരുന്ന പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽ തന്നെ അനുകരണീയ മാതൃകകളാണ്. നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പ്രവാസി പുനരേകീകരണ പദ്ധതികൾ പഠിക്കുന്നതിനായി ഇതര സംസ്ഥാനങ്ങളിൽ നിന്നു പ്രതിനിധി സംഘംങ്ങൾ എത്തുന്നുണ്ട്.

കഴിഞ്ഞ ഏഴു വർഷക്കാലത്ത് പ്രവാസി വകുപ്പിനുള്ള ബജറ്റ് നീക്കിയിരുപ്പിൽ അഞ്ചിരട്ടി വർധനയാണ് ഉണ്ടായത്. പ്രവാസി സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് പ്രാതിനിധ്യമുള്ള ലോക കേരള സഭ നാം സൃഷ്ടിച്ച പ്രധാന മാതൃകയാണ്. പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുക അവയ്ക്ക് പരിഹാരം കാണുക എന്നതാണ് ലക്ഷ്യം. ഇതിനോടകം മൂന്ന് ലോക കേരള സഭാ സമ്മേളനങ്ങളും മൂന്ന് മേഖലാ സമ്മേളനങ്ങളും നടന്നു.

മൂന്നാം ലോക കേരള സഭയിൽ ഉയർന്ന ഏറ്റവും പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന് പ്രവാസികളുടെ വിവരശേഖരണത്തിനായി ഡിജിറ്റൽ ഡേറ്റ പ്ലാറ്റ്ഫോം വേണം എന്നതായിരുന്നു. ഡിജിറ്റൽ യൂണിവേഴ്സിറ്റിയുമായി ചേർന്ന് നോർക്ക റൂട്ട്സ് നിർമ്മിക്കുന്ന പോർട്ടലിന്റെ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. പ്രവാസികളുടെ കൃത്യമായ ഡേറ്റ ശേഖരണത്തിനായി കേരള മൈഗ്രേഷൻ സർവേയുടെ പുതിയ റൗണ്ട് നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പ്രവാസിക്ഷേമ വികസന പ്രവർത്തനങ്ങൾക്ക് സഹായകരമാകും വിധം 20000 പ്രവാസി കുടുംബങ്ങളുടെ വിവരശേഖരണമാണ് പുതിയ സർവ്വേ വഴി ഉദ്ദേശിക്കുന്നത്.

പ്രവാസികൾ ഉന്നയിച്ച മറ്റൊരു വിഷയമായിരുന്നു റവന്യൂ അനുബന്ധ പരാതികൾ പരിഹരിക്കാനുള്ള ഓൺലൈൻ സംവിധാനം. കഴിഞ്ഞ മേയ് 17നു റവന്യൂ വകുപ്പിൻറെ നേതൃത്വത്തിൽ പ്രവാസികളുടെ റവന്യൂ പരാതികൾ സ്വീകരിക്കാൻ “പ്രവാസി മിത്രം” എന്ന പോർട്ടൽ ആരംഭിച്ചിട്ടുണ്ട്.
പ്രവാസ ജീവിതത്തിന് ശേഷം മടങ്ങിയെത്തിയവർക്ക് നോർക്കയുടെ പുനരധിവാസ പദ്ധതിയായ എൻഡിപിആർഇഎം മുഖേന സഹായങ്ങൾ നൽകുന്നു. 19 ധനകാര്യ സ്ഥാപനങ്ങൾ വഴി മൂന്നു ലക്ഷം മുതൽ 30 ലക്ഷം രൂപ വരെയുള്ള, സബ്സിഡിയോടുകൂടിയ ലോണുകൾ നൽകിയിട്ടുണ്ട്. ഇതിനോടകം 6600ൽ അധികം സംരംഭങ്ങളാണ് ഈ പദ്ധതി മുഖേന ആരംഭിച്ചിട്ടുള്ളത്.

Also Read; കുടുംബശ്രീയും നഗരസഭയും തമ്മിലുള്ള സംയോജന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും മികച്ച മാതൃകയായി ഉപജീവന കേന്ദ്രം മാറുകയാണ്; എം ബി രാജേഷ്

കോവിഡ് സമയത്ത് തൊഴിൽ നഷ്ടപ്പെട്ടു തിരികെയെത്തിയ പ്രവാസികൾക്കായി ആരംഭിച്ച പദ്ധതിയായ “പ്രവാസി ഭദ്രതയ്ക്ക്” വലിയ സ്വീകാര്യത ലഭിച്ചു. സർക്കാർ ഈ പദ്ധതി തുടരാൻ തന്നെയാണ് തീരുമാനിച്ചത്. കഴിഞ്ഞ രണ്ടു വർഷക്കാലം കൊണ്ട് മാത്രം അതിലൂടെ 15000ത്തോളം സംരംഭങ്ങൾ ആരംഭിക്കുവാൻ കഴിഞ്ഞു. ശാരീരികവും സാമ്പത്തികവുമായ അവശതകൾ നേരിടുന്ന തിരികെയെത്തിയ പ്രവാസികൾക്കായി നടപ്പാക്കി വരുന്ന സമാശ്വാസ പദ്ധതിയായ സാന്ത്വനയിലൂടെ 25969 ൽ പരം പ്രവാസികൾക്ക് 160.64 കോടി രൂപയുടെ ധനസഹായം നൽകി. നിയമാനുസൃതവും സുതാര്യവും സുരക്ഷിതവുമായ കുടിയേറ്റം ഉറപ്പു വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിൻറെ ഭാഗമായി ഗൾഫ് മേഖലയ്ക്ക് പുറമേ യൂറോപിലേക്കും, ബ്രിട്ടൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് നോർക്കാ റൂട്ട്സ് റിക്രൂട്ട്മെൻറ് നടത്തുന്നു. നോർക്ക റൂട്ട്സും ജർമ്മൻ സർക്കാർ ഏജൻസിയായ ഫെഡറൽ എംപ്ലോയ്മെൻറ് ഏജൻസിയും സംയുക്തമായി നടപ്പാക്കുന്ന ട്രിപ്പിൾ വിൻ പദ്ധതി മുഖേന ആദ്യ ഘട്ടത്തിൽ 200 ഓളം നഴ്സുമാരെ തിരെഞ്ഞുടുത്തു. ഈ പദ്ധതി പ്രകാരം യുകെയിലും ജർമനിയിലും ഇതിനോടകം ഇരുനൂറിലധികം ആരോഗ്യ പ്രവർത്തകർ ജോലിയിൽ പ്രവേശിച്ച് കഴിഞ്ഞു.

ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയിലേയ്ക്കുള്ള റിക്രൂട്ട്മെൻറ് ഉടൻ ആരംഭിക്കും. കാനഡയിലേയ്ക്ക് ആരോഗ്യ പ്രവർത്തകരെ റിക്രൂട്ട് ചെയ്യുന്നതിനായി കൊച്ചിയിൽ അഭിമുഖം നടന്നു വരികയാണ്. ഫിൻലൻഡിലേക്ക് ആരോഗ്യമേഖല, അക്കൗണ്ടിംഗ്, കിണ്ടർ ഗാർട്ടൻ, ഹോസ്പിറ്റാലിറ്റി മേഖലകളിലേക്കും ജപ്പാനിലേക്ക് തിരഞ്ഞെടുത്ത 14 തൊഴിൽ മേഖലകളിലേക്കും കേരളത്തിൽ നിന്നും റിക്രൂട്ട്മെൻറ് നടത്താനുള്ള സാധ്യതകൾ പരിശോധിച്ച് വരികയാണ്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ് വഴി ബിപിഎൽ വിഭാഗത്തിനും, എസ്‍സി, എസ്ടി വിഭാഗത്തിനും സൗജന്യമായി വിദേശ ഭാഷകളിൽ പരിശീലനം നൽകുന്നു. മറ്റ് പൊതു വിഭാഗത്തിലുള്ളവർക്ക് 75 ശതമാനം ഫീസ് ഇളവിൽ പരിശീലനം സാധ്യമാകും. തൊഴിൽ ദാതാക്കൾക്ക് മികച്ച ഉദ്യോഗാർത്ഥികളെ കണ്ടെത്താനും റിക്രൂട്ട് ചെയ്യാനും കഴിയുന്ന ഒരു മൈഗ്രേഷൻ ഫെസിലിറ്റേഷൻ കേന്ദ്രമായി ഈ പഠന കേന്ദ്രത്തെ ഉയർത്തും. നോർക്ക ഇൻസ്റ്റിറ്റ്യൂട്ടിൻറെ സെൻറർ ഉടൻ കോഴിക്കോട് പ്രവർത്തനസജ്ജമാക്കും. പ്രവാസികേരളീയരുടെ മക്കൾക്കായുളള നോർക്കറൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പും ആരംഭിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നതാണ് പദ്ധതി.

അടിയന്തര ഘട്ടങ്ങളിൽ വിദേശ രാജ്യങ്ങളിൽ നിന്നും മലയാളികളെ തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാരുമായും വിവിധ മിഷനുകളുമായും ചേർന്ന് പ്രവർത്തിക്കുന്നു. ലിബിയ. മൊസുൾ, അഫ്ഗാനിസ്ഥാന്, സുഡാൻ, മണിപ്പൂർ ഏറ്റവുമൊടുവിൽ ഇസ്രായേൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിച്ചു. ഉക്രൈൻ യുദ്ധവേളയിൽ ലോക കേരള സഭാ അംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ ഏകോപനത്തോടെയാണ് നോർക്ക ഇടപെടലുകൾ ഫലപ്രദമായി നടപ്പിലാക്കിയത്.

അടിയന്തരഘട്ടങ്ങളിൽ പ്രവാസികൾക്ക് സഹായകരമാകുന്ന ഐഡി കാർഡ് സേവനങ്ങൾ, പ്രവാസി സുരക്ഷ ഇൻഷുറൻസ് , വിവിധതരത്തിലുള്ള സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ സേവനങ്ങൾ,വിദേശത്ത് മരണപ്പെടുന്നവരുടെ മൃതദേഹം വിമാനത്താവളങ്ങളിൽ നിന്ന് ഏറ്റുവാങ്ങി വീടുകളിൽ എത്തിക്കാനുള്ള സൗജന്യ ആംബുലൻസ് സേവനം , നിയമ പ്രശ്നങ്ങളിൽ പെട്ട് വിദേശ ജയിലുകളിൽ കഴിയുന്നവരെ സഹായിക്കുന്ന സൗജന്യ നിയമ സഹായ സെല്ലുകൾ തുടങ്ങിയ ഫലപ്രദമായി നടപ്പാക്കുന്നുണ്ട്. വിദേശത്തേക്കുള്ള നിയമവിരുദ്ധമായി റിക്രൂട്ട്മെൻറുകൾ, വിസ തട്ടിപ്പുകൾ, മനുഷ്യക്കടത്ത് എന്നിവയ്ക്കെതിരെ കേരള പോലീസും, നോർക്കയും, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻറ്സും സംയുക്തമായി ഇടപെടുകയാണ്.

പ്രവാസി കേരളീയരുടെ ക്ഷേമ പരിപാടികൾ വിപുലപ്പെടുത്തുന്നതിൻറെ ഭാഗമായും പ്രവാസി നിക്ഷേപങ്ങൾ ഫലപ്രദമായി നാടിൻറെ വികസന പ്രവർത്തനത്തിനായി ഉപയോഗപ്പെടുത്തുന്നതിനുമായി സർക്കാർ മുന്നോട്ട് വയ്ക്കുന്ന നൂതന ദീർഘകാല നിക്ഷേപ പദ്ധതിയാണ് “പ്രവാസി ഡിവിഡൻറ് പദ്ധതി” പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളുടെ എണ്ണം ഏഴു ലക്ഷത്തിലേക്ക് ഉയർന്നിട്ടുണ്ട്. നിലവിൽ പ്രവാസി ഡിവിഡന്റ്റ് പദ്ധതിയിലെ നിക്ഷേപം മുന്നൂറു കോടി കവിഞ്ഞു.പ്രവാസി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിലാകെ നവകേരള സദസ്സിന് ലഭിക്കുന്ന സ്വീകാര്യത സ്വാനുഭവങ്ങളിൽനിന്ന് ഇതൊക്കെ മനസ്സിലാക്കുന്നതിന്റെ ഫലമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News