ചൂരൽമല മുണ്ടക്കൈ ദുരന്തം: മഴസാധ്യതാ പ്രവചനം നടത്തേണ്ടത് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രമെന്ന് മുഖ്യമന്ത്രി

cm pinarayivijayan

വയനാട് ദുരന്തമുണ്ടായ മേഖലയിലെ ജനങ്ങൾക്ക് പുനരധിവാസ പ്രവർത്തനങ്ങൾ വേ​ഗത്തിലാക്കുന്നതിനു, കേന്ദ്ര സഹായം അടിയന്തിരമായി ലഭ്യമാക്കുന്നതിനും സംസ്ഥാന സർക്കാരിന്റെ ക്രിയാത്മകമായ ഇടപെടൽ സംബന്ധിച്ചുമുള്ള അടിയന്തരപ്രമേയത്തിന്മേൽ സഭയിൽ നടന്ന ചർച്ചയിൽ നാല് മന്ത്രിമാർ മന്ത്രിസഭ ഉപസമിതി പോലെ രക്ഷാപ്രവർത്തനത്തിനായി പ്രവർത്തിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി.

സഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉപക്ഷേപത്തിന് നൽകിയ മറുപടിയുടെ പൂർണ്ണ രൂപം.

ദുരന്തം – പശ്ചാത്തല വിവരണം

2024 ജൂലൈ 30 ന് പുലർച്ചെ വയനാട് ജില്ലയിലെ മേപ്പാടിയിലെ മുണ്ടക്കൈ-ചൂരൽമല പ്രദേശത്തുണ്ടായ ഉരുൾപൊട്ടൽ സമാനതകളില്ലാത്ത മഹാദുരന്തമാണ് സൃഷ്ടിച്ചത്. ഒരു പ്രദേശമാകെ തകർന്നു പോവുന്ന സാഹചര്യമുണ്ടായി. രാജ്യത്തെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും വലിയ ഉരുൾപൊട്ടലുകളുടെ ഗണത്തിലാണ് ഈ ദുരന്തം രേഖപ്പെടുത്തപ്പെട്ടത്.
പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല, അട്ടമല എന്നീ സ്ഥലങ്ങളെ നേരിട്ട് ബാധിച്ച മേപ്പാടി ദുരന്തത്തിൽ 251 ജീവനുകൾ നഷ്ടപ്പെടുകയും, 47 വ്യക്തികളെ കാണാതാകുകയും ചെയ്തിട്ടുണ്ട്. ദുരന്ത തീവ്രത സംബന്ധിച്ച വിശദമായ വിവരങ്ങൾ മുൻപേ തന്നെ സഭയിൽ പരാമർശിച്ചിട്ടുണ്ട്.

അടിയന്തര രക്ഷാപ്രവർത്തനം 

2024 ജൂലൈ 30ന് പുലർച്ചെ ഉരുൾപൊട്ടൽ എന്ന് സംശയിക്കുന്ന ശബ്ദം കേട്ട ഉടനെ നാട്ടുകാരുടേയും ദുരന്ത നിവാരണ അതോറിറ്റിയുടെ പരിശീലനം സിദ്ധിച്ച ആപ്‍ത മിത്ര, സിവിൽ ഡിഫൻസ് വളണ്ടിയർമാരുടേയും നേതൃത്വത്തിൽ ഉടനടി രക്ഷാപ്രവർത്തനവും ആളുകളെ ഒഴിപ്പിക്കലും ആരംഭിച്ചു. സർക്കാർ സംവിധാനങ്ങളും, ജനപ്രതിനിധികളും രക്ഷാപ്രവർത്തനനങ്ങളിൽ പങ്കാളികൾ ആകുകയും, നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്തു. തുടർപ്രവർത്തനങ്ങളും നല്ല ഏകോപനത്തോടെ നടത്തുകയുണ്ടായി.

സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം വയനാട് ജില്ലയിൽ ഉൾപ്പടെ മുൻകൂറായി വിന്യസിച്ചിരുന്ന ദേശീയ ദുരന്ത നിവാരണ സേന പുലർച്ചെ 4.30ഓട് കൂടി രക്ഷാപ്രവർത്തനം ആരംഭിച്ചു. ആർമി, വ്യോമസേന എന്നിവയുടെ സഹായം ലഭ്യമാക്കാനും ബെയ് ലി പാലം രാവിലെ 11.45ന് എത്തിക്കാനും സാധിച്ചു.

ഫയർ & റെസ്ക്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ഉടൻ താൽക്കാലിക പാലം നിർമ്മിക്കുകയും സൈന്യത്തിന്റെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ ബെയ്ലി് പാലം നിർമ്മാണം പൂർത്തികരിക്കുകയും ചെയ്തു. അത് രക്ഷാ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കി.

അടുത്ത ഘട്ടം : ദുരിതാശ്വാസ പ്രവർത്തനങ്ങള്‍

കെ. രാജന്‍, എ.കെ. ശശീന്ദ്രന്‍, ഒ.ആര്‍. കേളു, മുഹമ്മദ് റിയാസ് എന്നീ നാല് മന്ത്രിമാരടങ്ങുന്ന മന്ത്രിസഭ ഉപസമിതി ദുരന്തം നടന്ന ദിവസം മുതൽ ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ദുരിതബാധിതരെ പാർപ്പിക്കുന്നതിന് വൈത്തിരി താലൂക്കിലെ വിവിധ സ്കൂളുകളിലും സ്ഥലങ്ങളിലുമായി ക്യാമ്പുകൾ ആരംഭിച്ചു.ആകെ 2,500 ൽ പരം ആളുകളെ ദുരന്ത ബാധിത പ്രദേശത്ത് നിന്നും മാറ്റി പാർപ്പിച്ചു.

ബഹു. പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ്, വിവിധ രാഷ്ട്രീയ പാര്ട്ടി കളുടെ നേതാക്കള്‍, മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കള്‍ എന്നിവരെല്ലാം തന്നെ ആദ്യഘട്ടം മുതല്‍ ഈ ദുരന്തവുമായി ബന്ധപ്പെട്ടിട്ടുള്ള ആശ്വാസനടപടികളില്‍ പൂര്ണ്ണടമായി സഹകരിച്ചു. പ്രതിപക്ഷ നേതാവും ഉപനേതാവും ഉൾപ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പാര്ട്ടി് നേതാക്കളും സാമുദായിക പ്രവർത്തകരും അവിടെയെത്തി പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി.

ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടറെ സ്പെഷ്യൽ ഓഫീസറായി നിയമിക്കുകയും ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ലാന്റ് റവന്യു കമ്മീഷണർ, ഡെപ്യൂട്ടി കളക്ടർമാർ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ജില്ലയിൽ ക്യാമ്പ് ചെയ്യുകയും ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഏകോപനം, അടിസ്ഥാന വിവരശേഖരണം, വിശകലനം, അപഗ്രഥനം, റിപ്പോർട്ടിംങ് എന്നീ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ജില്ലാതലത്തിലും താലൂക്ക് തലത്തിലും കൺട്രോൾ റൂമുകൾ കൂടുതൽ കാര്യക്ഷമമാക്കി. ദുരന്ത മേഖലയിൽ റവന്യൂ, പോലീസ്, ഫയർഫോഴ്സ് എന്നീ വകുപ്പുകളുടെ കൺട്രോൾ റൂം സജ്ജമാക്കി. ആരോഗ്യ വകുപ്പിന്റെ നേതൃത്യത്തിൽ ചൂരൽമലയിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ് തുറന്നു. ദുരന്ത ബാധിതർക്കായി കളക്ടറേറ്റിൽ ഒരു സ്പെഷ്യൽ സെൽ രൂപീകരിക്കുകയും ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തുകയും ചെയ്തു.

മാറ്റി പാർപ്പിക്കാനുദ്ദേശിച്ച ആളുകൾക്കായി 17 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുകയും ക്യാമ്പുകളിൽ താമസിപ്പിച്ചിട്ടുള്ള കുടുംബങ്ങളുടെയും വ്യക്തികളുടെയും വിവരങ്ങൾ രേഖപ്പെടുത്തുകയും, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും സാധന സാമഗ്രികൾ സജ്ജീകരിക്കുകയും ചെയ്തു. ദുരന്തമുണ്ടായതും രക്ഷാ പ്രവർത്തനം നടന്നതുമായ സ്ഥലങ്ങളിൽ ശുചിത്യമിഷന്റെ നേതൃത്വത്തിൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി. 102 ഹരിത സേന അംഗങ്ങളും 70 ഓളം സന്നദ്ധസേന അംഗങ്ങളും ഈ പ്രവർത്തനങ്ങളിൽ സഹകരിച്ചു.

കണ്ടെത്തിയ മൃതദേഹങ്ങളിൽ തിരിച്ചറിഞ്ഞ എല്ലാ മൃതദേഹങ്ങളും ബന്ധുകൾക്ക് കൈമാറുകയും തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പ്രത്യേക സ്ഥലം ഏറ്റെടുത്ത് സംസ്കരിക്കുകയും ചെയ്തു. ദുരന്തത്തിൽ മരണപ്പെട്ടവരുടെ മരണ രജിസ്ട്രേഷൻ സമയബന്ധിതമായി പൂർത്തികരിക്കുന്നതിനും ദുരന്ത ബാധിതർക്ക് നഷ്ടപ്പെട്ട രേഖകൾ. സർട്ടിഫിക്കറ്റുകൾ എന്നിവ ലഭ്യമാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ചു.

ദുരന്തബാധിതരായ 794 കുടുംബങ്ങളെ വിവിധ തദ്ദേശ സ്വയംഭരണ പരിധിയിൽ വാടകയ്കക്ക് താമസിക്കാൻ അനുയോജ്യമായ കെട്ടിടങ്ങൾ കണ്ടെത്തുകയും മുഴുവൻ കുടുംബങ്ങളെയും 28 ദിവസത്തിനകം പുനരധിവസിപ്പിക്കുയും ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും പുനരധിവസിപ്പിക്കുന്ന ആളുകൾക്ക് അത്യാവശ്യമായ ഭക്ഷണ സാധനങ്ങളും മറ്റുമടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. വീടുകൾക്ക് ആവശ്യമായ ഫർണിച്ചറുകളും മറ്റുപകരണങ്ങളും വിതരണം ചെയ്തു. ഉരുൾ പൊട്ടലിൽ തകർന്ന മുണ്ടക്കൈ സർക്കാർ എൽ പി സ്കൂളും വെള്ളാർമല, സർക്കാർ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കുളും മേപ്പാടിയിൽ താൽക്കാലികമായി തുറന്നു. ദുരന്ത മേഖലകളിലെ 607 വിദ്യാർത്ഥികളുടെ പഠനം പുനരാരംഭിക്കുകയും സൗജന്യ യാത്ര സൗകര്യവും, പഠന സാമഗ്രികളുടെ ലഭ്യതയും ഉറപ്പു വരുത്തി. അമ്പതാംദിവസം തേയിലത്തോട്ടങ്ങളിൽ ജോലി പുനരാരംഭിച്ചു.

ധനസഹായ വിതരണം

ദുരന്തത്തിൽ മരണമടഞ്ഞവരുടെ ആശ്രിതരായ 131 കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ വീതം നൽകി. SDRF ൽ നിന്ന് 4 ലക്ഷവും CMDRF ൽ നിന്ന് 2 ലക്ഷവും വീതമാണ് നൽകിയത്. ഈയിനത്തിൽ SDRF ൽ നിന്ന് 5,24,00,000 രൂപയും CMDRF ൽ നിന്ന് 2,62,00,000 രൂപയും ചെലവാക്കി. 173 പേരുടെ സംസ്കാര ചടങ്ങുകൾക്കായി കുടുംബങ്ങൾക്ക് 10,000 രൂപ വീതം നൽകി.

ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ഒരാഴ്ചയിൽ കൂടുതൽ ആശുപത്രിവാസം ആവശ്യമായി വന്ന 26 പേർക്ക് 17,16,000 രൂപ സഹായമായി നൽകി. ഇതിൽ 4,16,000 രൂപ SDRF ൽ നിന്നും 13 ലക്ഷം രൂപ CMDRF ൽ നിന്നുമാണ് അനുവദിച്ചത്.

ദുരന്തത്തിൽ ഒരാഴ്ചയിൽ താഴെ മാത്രം ആശുപത്രി വാസം ആവശ്യമായ രീതിയിൽ പരിക്കേറ്റ 8 പേർക്കായി SDRF ൽ നിന്ന് 43,200 രൂപയും CMDRF ൽ നിന്ന് 4 ലക്ഷം രൂപയും അനുവദിച്ചു. ആകെ 4,43,200 രൂപ ഈയിനത്തിൽ നൽകിയിട്ടുണ്ട്.

ദുരന്ത ബാധിതരായ 1013 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 10,000 രൂപ നൽകി. SDRF ൽ നിന്ന് 5000 രൂപയും CMDRF ൽ നിന്ന് 5000 രൂപയും വീതമാണ് നൽകിയത്. 1,01,30,000 രൂപ ഇതിനായി ചെലവഴിച്ചു.

ഉപജീവന സഹായമായി ദുരന്ത ബാധിത കുടുംബങ്ങളിലെ 1694 പേർക്ക് ദിവസം 300 രൂപ വീതം നൽകി. 30 ദിവസത്തേക്ക് 1,52,46,000 രൂപ ഈയിനത്തിൽ നൽകിയിട്ടുണ്ട്. ഈ സഹായം 60 ദിവസത്തേക്ക് കൂടി വർദ്ധിപ്പിക്കുവാൻ ഉള്ള നടപടികൾ സ്വീകരിച്ച് വരുന്നു.

കിടപ്പ് രോഗികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 33 ഗുണഭോക്താക്കൾക്കായി പ്രത്യേക ധനസഹായമായി 2.97 ലക്ഷം രൂപ നൽകി.

722 കുടുംബങ്ങൾക്ക് പ്രതിമാസ വാടക 6000 രൂപ (പ്രതിദിനം 200 രൂപ) വീതം നൽകി വരുന്നു. ആദ്യമാസ വാടക ആയി ഇതുവരെ ഈയിനത്തിൽ 24,95,800 രൂപ ചെലവഴിച്ചു. (വ്യത്യസ്ത ദിവസങ്ങളിൽ വാടക വീടുകളിലേക്ക് ആളുകൾ മാറിയത് കൊണ്ട് ദിവസം 200 രൂപ എന്ന കണക്കിനാണ് വാടക ആദ്യമാസത്തിൽ നൽകിയിട്ടുള്ളത്)

649 കുടുംബങ്ങൾക്ക് ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള ബാക്ക് റ്റു ഹോം കിറ്റുകൾ നൽകി.

വയനാട് ഉരുൾപൊട്ടലിനെത്തുടർന്ന് ഇരു മാതാപിതാക്കളെയും നഷ്ടപ്പെട്ട 6 കുട്ടികൾക്ക് 10 ലക്ഷം രൂപ വീതവും, മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ നഷ്ടപ്പെട്ട 8 കുട്ടികൾക്ക് 5 ലക്ഷം രൂപ വീതവും നൽകുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു. ശ്രുതിയുടെ കാര്യം നമുക്കറിയാം. ഒറ്റപ്പെട്ടുപോയ ആരുടെയെങ്കിലും കാര്യം ഇനിയും പരിഗണിക്കപ്പെടേണ്ടതുണ്ടെങ്കിൽ അക്കാര്യവും പരിഗണിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 531.12 കോടി രൂപ ഇതുവരെ ലഭിച്ചു.
സംസ്ഥാന ദുരന്ത പ്രതിരോധ നിധിയിൽ ലഭിച്ച സി.എസ്.ആര്‍ 3.5 കോടി രൂപ ഇതുവരെ ലഭിച്ചു.

സർക്കാർ ഇതര സഹായങ്ങള്‍

ദുരന്തത്തിന്റെ വേളയില്‍ സർക്കാർ സംവിധാനങ്ങൾക്കൊ പ്പംതന്നെ നല്ലവരായ നാട്ടുകാരും സ്ഥാപനങ്ങളും പ്രവാസിസമൂഹവും നമ്മെ സഹായിക്കാന്‍ മുന്നോട്ടുവന്നു എന്നത് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. സഹായവുമായി മുന്നോട്ടുവന്ന ചില സ്ഥാപനങ്ങളുടെ പേരുകള്‍ താഴെപ്പറയുന്നു:

1. രാഹുല്‍ ഗാന്ധി/കെ.പി.സി.സി – 100 വീടുകള്‍

2. ഡിവൈഎഫ്‌ഐ – 100 വീടുകള്‍

3. മുസ്ലീം ലീഗ് – 100 വീടുകള്‍

4. തണല്‍ – 100 വീടുകള്‍

5. നാഷണല്‍ സർവ്വീസ് സ്‌കീം – 150 വീടുകള്‍

6. കേരള കാത്തലിക് ബിഷപ് കൗൺസില്‍ – 100 വീട്

7. ശോഭ ഗ്രൂപ്പ് – 50 വീടുകള്‍

8. കെ.സി. ഈപ്പന്‍ (കെ.ജി.എ ഗ്രൂപ്പ്) – 50 വീടുകള്‍

9. എ.എം. വിക്രമരാജ വണിഗര്‍ സംഘം തമിഴ്‌നാട് – 40 വീടുകള്‍

10. ബിസിനസ്സ് ക്ലബ് കോഴിക്കോട് – 40 വീടുകള്‍

തുടങ്ങി ഇതുപോലെ ഒട്ടനേകം സ്ഥാപനങ്ങളും വ്യക്തികളും സഹായവുമായി മുന്നോട്ടുവന്നിട്ടുണ്ട്.

ഇതുകൂടാതെ ടൗൺഷി്പ്പിലേക്ക് ആവശ്യമായ ഹോസ്പിറ്റല്‍, സ്‌കൂള്‍, ഹെൽത്ത് സെന്റര്‍ തുടങ്ങിയ മറ്റു ഇന്ഫ്രാസ്ട്രക്ചര്‍ പണിയുന്നതിനും ഓഫറുകള്‍ ലഭ്യമായിട്ടുണ്ട്. ടൗൺഷിപ്പിന്റെ മാസ്റ്റര്‍ പ്ലാന്‍ അന്തിമമാക്കിയ ശേഷം ഓഫറുകള്‍ നൽകിയവരുമായി വിശദമായ ചര്ച്ചാകള്‍ സംഘടിപ്പിച്ച് പ്രായോഗികമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതാണ്.

എടുത്തു പറയേണ്ട മറ്റൊരു കാര്യം, മറ്റു സംസ്ഥാനങ്ങള്‍ നൽകിയ ധനസഹായങ്ങളാണ്.

ആന്ധ്രാപ്രദേശ്, തമിഴ്നാട്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ 10 കോടിയും 5 കോടി വീതവും നൽകി്യിട്ടുണ്ട്. മേഘാലയ 1 കോടി 35 ലക്ഷം, കർണ്ണാടക 1 കോടി നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.

കെ.എസ്.ഇ.ബി – 10 കോടി
കല്യാണ്‍ ജ്വല്ലേഴ്‌സ് – 5 കോടി
രവിപിള്ള ഫൗണ്ടേഷന്‍ – 5 കോടി
അദാനി ഗ്രൂപ്പ് – 5 കോടി
ലുലു ഗ്രൂപ്പ് – 5 കോടി
കേരള ബാങ്ക് 5 കോടി
തൃശൂര്‍ മുനിസിപ്പാലിറ്റി – 5 കോടി
കേരള നഴ്‌സസ് & മിഡ് വൈവ്‌സ് കൗണ്സില്‍ – 5 കോടി
കെ.എസ്.എഫ്.ഇ – 5 കോടി
എല്‍ & ടി – 3.5 കോടി

കേന്ദ്രസഹായത്തിനുള്ള ഉദ്യമം

സംസ്ഥാന ദുരന്തപ്രതികരണ നിധിയിലേക്ക് അധിക സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് നിവേദനം നൽകുകയും ബഹു. പ്രധാനമന്ത്രിയെ 27.08.2024 ന് നേരിൽകണ്ട് സഹായം അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ മേഖലകളിലായി 1,200 കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി അനുമാനിച്ചിട്ടുള്ളത്. ഇത് കണക്കിലെടുത്തുള്ള അധിക കേന്ദ്രസഹായത്തിനായി കേന്ദ്ര മാനദണ്ഡങ്ങൾക്കനുസൃതമായി മെമ്മോറാണ്ടം ഓഗസ്റ്റ് 17ആം തീയതി തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്. വിശദമായ മെമ്മോറാണ്ടം സമർപ്പിച്ചു വെങ്കിലും ദുരന്തത്തിൻ്റെ ഭാഗമായി ലഭിക്കേണ്ട പ്രത്യേക ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പ്രത്യേക ധനസഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാൻ 03.10.2024-ന് മന്ത്രിസഭായോഗം തീരുമാനിക്കുകയും, ഡെൽഹിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധി ശ്രീ. കെ.വി തോമസ് കേന്ദ്ര ധനകാര്യ മന്ത്രിയെ നേരിട്ട് കണ്ട് ചർച്ചകൾ നടത്തി. ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ചർച്ചകൾ നടത്തി.

ദുരന്ത ഘട്ടങ്ങളില്‍ കേന്ദ്രസഹായം വേണ്ടരീതിയില്‍ ലഭിക്കാത്ത ദുരനുഭവങ്ങള്‍ നമുക്കുണ്ട്. ലോകത്തിന്റെ ആകെ ശ്രദ്ധയിലുള്ള നമ്മുടെ നാടിനെ ഏറ്റവും ഗുരുതരമായി ബാധിച്ച വയനാട് ദുരന്തത്തിന്റെ കാര്യത്തില്‍ അത്തരം അനുഭവം ആവർത്തി ക്കാതിരിക്കുക പ്രധാനമാണ്. കേന്ദ്രസഹായം ലഭിക്കുമെന്ന ശുഭപ്രതീക്ഷ തന്നെയാണ് ഇപ്പോഴും നമുക്കുള്ളത്.

ഹൈക്കോടതി ഇടപെടല്‍

മേപ്പാടി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബഹുമാനപ്പെട്ട ഹൈക്കോടതി എടുത്തിട്ടുള്ള സ്വമേധയാ കേസ് നമ്പർ WP (C) 28509 OF 2024 ൽ സെപ്റ്റംബർ 6 ആം തീയതി കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധി ഈ അവസരത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്നു. ഈ വിധിയുടെ അവസാന ഖണ്ഡികയില്‍ കേരളം സമർപ്പിച്ച മെമ്മോറാണ്ടത്തിന്റെ വെളിച്ചത്തിൽ ദുരന്ത ബാധിതരായ ആളുകളുടെ ലോണുകൾ ദുരന്ത നിവാരണ നിയമം സെക്ഷൻ 13 അനുസരിച്ച് എഴുതിത്തള്ളുന്നതു സംബന്ധിച്ചും വിവിധങ്ങളായ മറ്റു ആവശ്യങ്ങൾ മെമ്മോറാണ്ടത്തിൽ ഉന്നയിച്ചത് സംബന്ധിച്ചും കേന്ദ്ര സർക്കാരിനോട് വിശദമായ മറുപടി നൽകുവാൻ ബഹു. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര സർക്കാർ ഈ മറുപടിക്കായി ഒക്ടോബർ 18 വരെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ സുവോ മോട്ടോ കേസിൽ ഒക്ടോബർ 4-ആം തീയതിയിലെ വിധിയിൽ കേന്ദ്ര സർക്കാരിനോട് 18 ആം തീയ്യതിക്കുള്ളിൽ പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്നും അധിക സഹായം നൽകുന്നത് സംബന്ധിച്ചു അടിയന്തര തീരുമാനം കൈക്കൊണ്ട് കോടതിയെ അറിയിക്കാനായി ആവശ്യപ്പെട്ടിട്ടുണ്ട്. അമിക്കസ്ക്യൂറി സമർപ്പിച്ച റിപ്പോർട്ടുകളുടെ വെളിച്ചത്തിലാണ് കേന്ദ്ര സർക്കാരിനോട് ബഹുമാനപ്പെട്ട ഹൈക്കോടതി ഇത്തരം നിർദ്ദേശങ്ങൾ വച്ചിട്ടുള്ളത്.

വ്യാജ വാർത്താ നിർമ്മിതിയും – യാഥാർത്ഥ്യങ്ങളും

ഇതിനിടയിൽ ചില മാധ്യമങ്ങൾ മെമ്മോറാണ്ടത്തിലെ Estimated തുകയെ വക്രീകരിച്ച് അവതരിപ്പിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടത്തി. കോടതി തന്നെ ഇത്തരം മാധ്യമ രീതികളിൽ ഉള്ള അനിഷ്ടം 10-10-2024ൽ പുറപ്പെടുവിച്ച വിധിയിൽ പ്രകടിപ്പിച്ചിട്ടുണ്ട്. മാധ്യമങ്ങളുടെ ഈ പ്രവണത അത്യന്തം അപലപനീയമാണ്.

കേന്ദ്ര സർക്കാർ 2024 ഓഗസ്റ്റ് 14ന് പുതുതായി ദുരന്ത പ്രതികരണ-പ്രതിരോധ നിധിയുടെ മനദണ്ഡത്തിൽ കൊണ്ടുവന്ന ഒരു നടപടിക്രമം ആണ് Post Disaster Needs Assessment. ഈ പ്രക്രിയയുടെ ഭാഗമായ ഫീൽഡ് പഠനം കേന്ദ്ര-സംസ്ഥാന വിദഗ്ദ്ധർ അടങ്ങിയ സംഘം പൂർത്തീകരിച്ചു. നിലവിൽ റിപോർട്ട് റിവ്യു ഘട്ടത്തിൽ ആണ്. ഈ മാസം അവസാനത്തോടെ ഈ പുതിയ നടപടിക്രമം അനുസരിച്ചുള്ള റിപ്പോർട്ടും നൽകുവാൻ സാധിക്കും. പുനർനിർമ്മാണത്തിന് സഹായം നൽകുവാൻ ഈ റിപോർട്ട് കേന്ദ്ര സർക്കാർ പരിഗണിക്കും എന്നാണ് കരുതുന്നത്.

സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ ഈ വർഷം ലഭിക്കേണ്ട കേന്ദ്ര വിഹിതം ലഭിച്ചിട്ടുണ്ട്. ഇത് 291.2 കോടി രൂപയാണ്. കൂടാതെ മേപ്പാടി പഞ്ചായത്തിൽ 50ൽ അധിക തോഴിൽ ദിനങ്ങളും അനുവദിച്ചു. എന്നാൽ അധിക അടിയന്തിര സാമ്പത്തിക സഹായം കേന്ദ്രത്തിൽ നിന്നും ഇത് വരെ ലഭിച്ചിട്ടല്ല. ലോകം മുഴുവൻ ശ്രദ്ധിച്ച ഒരു ദുരന്തം എന്ന നിലയിൽ കേരളത്തിന് അധിക സഹായം അനുഭാവപൂർവം നൽകും എന്ന് തന്നെ ആണ് ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നത്.

പുനരധിവാസത്തിനുള്ള നടപടികള്‍

ഉരുൾപൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവര്ക്ക് മികച്ച പുനരധിവാസം ഉറപ്പാക്കുന്നതിന് 29.08.2024-ന് സർവ്വകക്ഷിയോഗം ചേരുകയുണ്ടായി. യോഗത്തില്‍ എല്ലാ കക്ഷികളും ഒരേ വികാരമാണ് പ്രകടിപ്പിച്ചത്. ആഗസ്റ്റ് 23 ന് മേപ്പാടിയില്‍ എം.എല്‍.എമാര്‍, ദുരന്തബാധിത പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേതുള്പ്പെ ടെയുള്ള മുഴുവന്‍ ജനപ്രതിനിധികള്‍, ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് പുനരധിവാസത്തെക്കുറിച്ച് അവരുടെ അഭിപ്രായം കൂടി അറിയുന്നതിന് ജനകീയ യോഗം സംഘടിപ്പിച്ചു. ഈ യോഗത്തില്‍ ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. പുനരധിവാസത്തെ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം കൂടി കേൾക്കാന്‍ തയ്യാറാവുന്ന ആദ്യ അനുഭവമായിരുന്നു ഇത്.

സമഗ്രവും സർവതലസ്പർശിയുമായ പുനരധിവാസമാണ് സർക്കാ ര്‍ വിഭാവനം ചെയ്യുന്നത്. ജനങ്ങള്‍ പങ്കുവച്ച നിർദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാകും അന്തിമ രൂപം നല്കുുക.

ദുരന്തം ബാക്കിയാക്കിയവരെ ചേര്ത്തു പിടിച്ചുകൊണ്ട് അവർക്ക് കൂടുതല്‍ മെച്ചപ്പെട്ടതും സുരക്ഷിതവുമായി ജീവിതം വീണ്ടെടുത്ത് നല്കാകനുള്ള അശ്രാന്ത പരിശ്രമത്തിലാണ് സർക്കാർ. മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റും കല്പ്പറ്റ മുനിസിപാലിറ്റിയിലെ എല്സ്റ്റോണ്‍ എസ്റ്റേറ്റും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി മാതൃക ടൗൺഷി്പ്പ് നിർമ്മിക്കുന്നതിന് ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങള്‍ കാലതാമസംകൂടാതെ ഏറ്റെടുക്കുന്നതിന് ദുരന്തനിവാരണ നിയമം പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഭാവിയില്‍ രണ്ടാമത്തെ നില കൂടി പണിയുന്നതിന് സൗകര്യമുള്ള രീതിയില്‍ 1000 സ്ക്വയര്‍ ഫീറ്റില്‍ ഒറ്റനില വീടുകളാണ് നിർമ്മിക്കാനുദ്ദേശിക്കുന്നത്. പുനരധിവാസ പാക്കേജില്‍ ജീവനോപാധികളും ഉറപ്പാക്കും. വനിതകൾക്ക് അവർക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്തുന്നതിനുള്ള പരിശീലനവും ഇതോടൊപ്പം നല്കും. കർഷകർക്ക് കൃഷി ചെയ്യാനുള്ള സൗകര്യവും പാക്കേജിന്റെ ഭാഗമായി പരിഗണിക്കും.

ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാം ഘട്ടമായും വാസയോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ ഉൾപ്പെടുന്ന മറ്റു കുടുംബങ്ങളെ രണ്ടാം ഘട്ടമായി പുനരധിവസിപ്പിക്കും. ഒന്നും രണ്ടും ഘട്ടങ്ങളില്‍ ഉൾപ്പെടുന്ന ഗുണഭോക്താക്കളുടെ കരടുപട്ടിക ജില്ലാ കളക്ടര്‍ പ്രസിദ്ധീകരിക്കും. പട്ടിക അന്തിമമാക്കുന്നതു സംബന്ധിച്ച വിശദമായ നിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പുനരധിവാസ പാക്കേജില്‍ ജീവനോപാധികള്‍ ഉറപ്പാക്കും. തൊഴിലെടുക്കാന്‍ കഴിയുന്ന പരമാവധി പേർക്ക് തൊഴില്‍ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. എല്ലാ സ്ത്രീകൾക്കും അവർക്ക് താല്പ്പര്യമുള്ള തൊഴിലില്‍ ഏർപ്പെടുന്നതിന് ആവശ്യമായ പരിശീലനവും ഇതോടൊപ്പം നല്കും. വാടക കെട്ടിടങ്ങളില്‍ കച്ചവടം നടത്തുന്നവരെക്കൂടി പുനരധിവാസത്തിന്റെ ഭാഗമായി സംരക്ഷിക്കും.

പുനരധിവാസ പദ്ധതികളുടെ പ്രൊജക്റ്റ് മാനേജ്മെൻ്റ് കണ്സൾട്ടന്റാ്യി (പി.എം.സി) സര്ക്കാാര്‍ അംഗീകരിച്ച നിലവിലെ വ്യവസ്ഥകള്‍ അനുസരിച്ച് കിഫ്ബി മുഖേന മുന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നു. വിവിധ മേഖലകളില്‍ ആവശ്യമായി വരുന്ന വിദഗ്ദ്ധരുടെ സേവനവും ഉപയോഗിക്കുന്നതാണ്. ഇതിനായി മറ്റു വകുപ്പുകളില്‍ (പൊതുമരാമത്ത് വകുപ്പ്, കേരള വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, തദ്ദേശസ്വയംഭരണ വകുപ്പ്, ടൗണ്‍ പ്ലാനിംഗ് വകുപ്പ്, ഡിസാസ്റ്റര്‍ മാനേജ്മന്റ് വകുപ്പ് മുതലായവ) നിന്നും അഭിപ്രായങ്ങള്‍ സമന്വയിപ്പിച്ച് ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ആയിരിക്കും പദ്ധതികളുടെ നിർവ്വഹണം നടത്തുക. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു ഉന്നത അധികാര സമിതി ആയിരിക്കും പദ്ധതിക്ക് മേൽനോട്ടം നൽകുന്നത്.

രണ്ടു ടൗൺഷിപ്പിലും കൂടി ഏകദേശം 1000 വീടുകള്‍ പണിയുവാനാണ് ലക്ഷ്യം ഇടുന്നത്. എന്നാൽ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ പാർക്കുന്ന കുടുംബങ്ങളുടെ സമ്പൂർണ പുനരധിവാസം വേണ്ടിവരുന്ന എണ്ണം പൂർണമായിട്ട് തിട്ടപ്പെടുത്തിയതിനു ശേഷം, കൂടുതൽ വീടുകൾ നിർമ്മിക്കേണ്ടുന്ന ആവശ്യം വന്നാൽ, അതിനുവേണ്ടി പ്രത്യേക പദ്ധതികൾ തയ്യാറാക്കുവാനും ഉദ്ദേശിക്കുന്നു.
പദ്ധതി നിർവഹണ സമയം ചുരുക്കുവാനായി ടൗൺഷിപ്പുകൾ നിർമിക്കുവാൻ ഉദ്ദേശിക്കുന്ന രണ്ടു ലൊക്കേഷനുകളുടെയും ടോട്ടൽ സ്റ്റേഷൻ സർവേയ്‌ക്കും ലിഡാർ സർവെയ്‌ക്കുമുള്ള കരാർ ഉടന്‍ നല്കു‌ന്നതാണ്. പദ്ധതികൾ ടെണ്ടർ വഴി നൽകുന്നതിന് മുന്നോടിയായി സർവ്വേകൾ പൂർത്തീകരിക്കുന്നു വഴി മൊത്തം നിർവഹണ സമയത്തിൽ മൂന്നു മാസം സമയം ലഭിക്കുവാൻ കഴിയും എന്ന് ഉദ്ദേശിക്കുന്നു.

എഞ്ചിനീയറിംഗ്, പ്രൊക്യുർമെൻ്റ്, കണ്സ്ട്ര ക്ഷന്‍ (ഇ.പി.സി) മാതൃകയിലാണ് പദ്ധതികള്‍ നിർവഹിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി ഇ.പി.സി ടെൻഡര്‍ രേഖകള്‍ 2024 നവംബര്‍ 15-നകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നിർദേശിച്ചിട്ടുള്ള പാരിസ്ഥിതിക സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും എല്ലാ നിർമാണങ്ങളും നടത്തുന്നത്.
നിലവിൽ സർവെ നടപടികൾക്കായി ടെൻഡർ ക്ഷണിച്ച് കഴിഞ്ഞു. സർക്കാർ അനുമതി ലഭ്യമായശേഷം ഒരാഴ്ചക്കകം പദ്ധതികള്‍ ടെൻഡര്‍ ചെയ്യുവാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ 31-നോടെ ടെൻഡര്‍ നടപടികള്‍ പൂർത്തീ കരിക്കുവാന്‍ സാധിക്കും എന്ന് കരുതുന്നു.

പദ്ധതിക്കായി സാധന സാമഗ്രികളായി സഹായങ്ങള്‍ വാഗ്ദാനം ചെയ്ത സ്പോണ്സർമാരില്‍ നിന്ന് അവ സ്വീകരിക്കുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ സൃഷ്ടിക്കും.

രണ്ട് ടൗൺഷിപ്പുകളിലെയും വീടുകളുടെയോ മറ്റ് സൗകര്യങ്ങളോടെയോ പൂര്ത്തീകരണത്തിന് പണമായി സംഭാവന നല്കാുന്‍ സന്നസ്സ് പ്രകടിപ്പിച്ചിട്ടുള്ള സ്പോൺസർമാർക്ക് , അവരുടെ സഹായം നല്കുവാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്പ്പെടുത്തും. അവരുമായി പ്രത്യേക ചർച്ച നടത്തി വിശദാംശങ്ങള്‍ തീരുമാനിക്കും.

ദുരന്തത്തില്‍ ജീവനോപാധികളും ബന്ധുമിത്രാദികളെയും നഷ്ടപ്പെട്ട അതിജീവിതര്‍ നേരിടുന്ന മാനസിക സമ്മർദ്ദം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഈ അവസ്ഥ മറികടക്കാനായി സൈക്കോ സോഷ്യല്‍ കൗൺസലിംഗ് നല്കാാനുള്ള നടപടികള്‍ സർക്കാർ സ്വീകരിച്ചിട്ടുണ്ട്.

മുന്നറിയിപ്പ് സംവിധാനങ്ങളുടെ ശാക്തീകരണം

ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ ദുരന്ത സാധ്യത സംബന്ധിച്ച അറിവ്, അവയുടെ സാധ്യത സംബന്ധിച്ച പ്രവചനം എന്നിവ നൽകാൻ രാജ്യത്ത് ചുമതലപ്പെടുത്തിയിരിക്കുന്നത് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെന്ന കേന്ദ്ര സർക്കാർ സ്ഥാപനമാണ്. ജൂലൈ 29 ന് ഉച്ചക്ക് 2 മണി വരെയോ അതിന്റെ മുന്നേയുള്ള ദിവസങ്ങളിലോ ജൂലൈ 29, 30 തീയതികളിൽ ഔദ്യോഗിക സംവിധാനങ്ങളിൽ നിന്ന് ഉരുൾപൊട്ടൽ പ്രവചിക്കപ്പെട്ടിട്ടില്ല.

മഴയുടെ കാര്യത്തിൽ പ്രവചനം നൽകുന്നത് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉത്തരവാദിത്വമാണ്. ഓരോ ദിവസവും ജില്ലാടിസ്ഥാനത്തിലുള്ള അടുത്ത 5 ദിവസത്തേക്കുള്ള മഴ പ്രവചനമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാന സർക്കാരിന് ലഭ്യമാക്കുന്നത്. ഇതുപ്രകാരം ജൂലൈ 27 ന് പുറപ്പെടുവിച്ച 5 ദിവസത്തെ മഴ സാധ്യത പ്രവചനപ്രകാരം ജൂലൈ 28 ന് വയനാട് ജില്ലക്ക് മഞ്ഞ അലേർട്ടും കോഴിക്കോട് ജില്ലക്ക് ഓറഞ്ച് അലേർട്ടും നൽകിയിരുന്നു. ജൂലൈ 28 ൻറെ പ്രവചനത്തിലും മുന്നറിയിപ്പ് അതേപടി തുടരുകയും ജൂലൈ 29, 30 തീയതികളിലേക്ക് കോഴിക്കോട് വയനാട് ജില്ലകൾക്ക് മഞ്ഞ അലേർട്ട് മാത്രം നൽകുകയും ചെയ്തു. ദുരന്തത്തിനു മുമ്പ് റെഡ് അലർട്ട് നൽകപ്പെട്ടിരുന്നില്ല.
മേൽകാര്യങ്ങള്‍ വെളിവാക്കുന്നത് നമ്മുടെ ദുരന്തപ്രവചന സംവിധാനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തലും ശാക്തീകരണവും അനിവാര്യമാണെന്നാണ്. ഇക്കാര്യം 10.08.2024 ന് ബഹു. പ്രധാനമന്ത്രിക്ക് നൽകിയ കത്തില്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. തുടർ നടപടികൾക്കായി കേന്ദ്രസർക്കാരുമായി ചർച്ചകൾ നടത്താന്‍ ഉദ്ദേശിക്കുന്നു.

എം.എല്‍.എ. – എം.പി. ഫണ്ട് വിനിയോഗം

ദുരന്തബാധിതരുടെ പുനരധിവാസത്തിനായി എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 25 ലക്ഷ രൂപ വരെ വിനിയോഗം ചെയ്യാന്‍ കേന്ദ്ര സർക്കാർ അനുമതി നല്കി‍യിട്ടുണ്ട്. എം.എല്‍.എമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ദുരിതാശ്വാസത്തിനായി തുക വിനിയോഗിക്കുന്നതു സംബന്ധിച്ച് പ്രത്യേകം ആലോചിക്കേണ്ടതുണ്ട്.

ദുരന്തബാധിത കുടുംബങ്ങൾക്കായുള്ള മൈക്രോ പ്ലാന്‍

ഓരോ കുടുംബങ്ങളുടെയും ജീവിതാവസ്ഥ മെച്ചപ്പെട്ട സ്ഥിതിയിലേക്ക് അതിവേഗം എത്തിക്കുന്നതിനായി കുടുംബാധിഷ്ട മൈക്രോ പ്ലാന്‍ തയ്യാറാക്കി വരുന്നു.
ജില്ലാ ഭരണകൂടം, കുടംബശ്രീ മിഷന്‍, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍, വിദ്ഗ്ധര്‍ എന്നിവരെ പങ്കെടുപ്പിച്ച് സെപ്തംബര്‍ 9 ന് വയനാട് കല്പ്പ്റ്റയില്‍ വെച്ച് കൺസൾട്ടേഷന്‍ ശില്പ്പശാല സംഘടിപ്പിച്ചു. എല്ലാ കുടുംബങ്ങൾക്കും മൈക്രോ പ്ലാന്‍ ഉടൻ തന്നെ തയ്യാറാക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു.

വയനാടിനെയും ദുരന്തബാധിതരായ ജനങ്ങളെയും കൈപിടിച്ചുയർത്താൻ നാടിൻ്റെ നാനാഭാഗത്ത് നിന്നും സഹായ വാഗ്ദാനങ്ങളുടെ പ്രവാഹമാണ് ഉണ്ടായത്. സംസ്ഥാന സർക്കാരുകളും രാഷ്ട്രീയപാർട്ടികളും വ്യക്തികളും സ്ഥാപനങ്ങളും സഹായവാഗ്ദാനവുമായി മുന്നോട്ടു വന്നു. ഇതുവരെ ലഭിച്ച സഹായ വാഗ്ദാനങ്ങളുടെ പട്ടിക ഇവിടെയുണ്ട്. ഇവരെല്ലാം യോജിപ്പിച്ചുകൊണ്ട് ഈ ദുരിതമനുഭവിക്കുന്ന ജനതയെ ജീവിതത്തിൻറെ പുതിയ തലത്തിലേക്ക് കൈപിടിച്ചുയർത്തുക എന്ന ദൗത്യമാണ് സർക്കാർ ഏറ്റെടുക്കുന്നത്. അത് വളരെ എളുപ്പം ചെയ്തുതീർക്കാവുന്ന ഒന്നല്ല എന്ന ധാരണ സർക്കാരിനുണ്ട്. എല്ലാവരുടെയും സഹകരണം അതിനാവശ്യമാണ്. അതിന് പ്രതിപക്ഷ കക്ഷികൾക്കും വലിയ പങ്കുവഹിക്കാനാവും. ആ ഉദ്യമത്തിൽ പൂർണ്ണ സഹകരണം നിങ്ങളിൽ നിന്ന് അഭ്യർത്ഥിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News