കേരളത്തെ ഒരു നവവൈജ്ഞാന സമൂഹമായി പരിവര്‍ത്തനപ്പെടുത്താന്‍ ഉതകുന്ന പ്രവര്‍ത്തന പദ്ധതികള്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ രൂപംകൊടുക്കുമെന്ന് മുഖ്യമന്ത്രി. പുനഃസംഘടിപ്പിച്ച ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്‍റെ പ്രഥമ ഉപദേശക സമിതി യോഗത്തില്‍ ആണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കൃഷി, ആരോഗ്യം, വ്യവസായം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് വര്‍ദ്ധിച്ച പ്രാധാന്യം നല്‍കണം. ആധുനിക വിജ്ഞാന സമൂഹ സൃഷ്ടിയില്‍ ആവശ്യമായ നല്ല മാറ്റങ്ങള്‍ നമ്മുടെ സര്‍വകലാശലകളില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഉദ്ദേശിച്ചത്ര നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞോ എന്ന് പരിശോധിക്കണം. അക്കാദമിക ഗവേഷണ മേഖലയും വ്യവസായ മേഖലയും ബന്ധിപ്പിക്കുന്നതിലുളള പുരോഗതി വിലയിരുത്തണം. സര്‍വകലാശാലാ ശാക്തീകരണത്തിന് അനിവാര്യമായ കാഴ്ചപാടുകള്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ അവതരിപ്പിക്കണം. സംസ്ഥാനത്തെ വ്യത്യസ്തങ്ങളായ സര്‍വകലാശാലകള്‍ക്ക് അനുഗുണമായ പ്രവര്‍ത്തന പദ്ധതികള്‍ മുന്നോട്ട് വയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ തയ്യാറാക്കിയ ഓള്‍ കേരളാ ഹയര്‍ എജ്യൂക്കേഷന്‍ സര്‍വ്വേ (2021-22) റിപ്പോര്‍ട്ട് ബഹു. മുഖ്യമന്ത്രി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന് നല്‍കിയും, സംസ്ഥാന ആരോഗ്യ ശാസ്ത്ര ഗവേഷണ നയരേഖ ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോര്‍ജ്ജിന് നല്‍കിയും പ്രകാശനം ചെയ്തു.
ഉന്നത വിദ്യാഭ്യാസ രംഗം ആധുനികവത്ക്കരിക്കുന്നതിന് നൂതനമായ പല പദ്ധതികളും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നുണ്ടെന്ന് ബഹു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു യോഗത്തില്‍ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു വരുന്നു. വ്യവസായം, തൊഴില്‍ എന്നീ മേഖലകളെ ബന്ധപ്പെടുത്തുന്ന വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. ഇതിനായി തൊഴിലധിഷ്ഠിത കോഴ്സുകള്‍ അടുത്ത അക്കാദമിക വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ അക്കാദമിക ഭരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുളള കെ റീപ് സംവിധാനം നടപ്പിലാക്കുന്നതോടുകൂടി വിദ്യാര്‍ത്ഥി പ്രവേശനം മുതല്‍ പരീക്ഷാ, ഫലപ്രഖ്യാപനം വരെ കാര്യക്ഷമമായി എല്ലാ സര്‍വ്വകലാശാലകളിലും നടത്താന്‍ കഴിയും.
വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായ പുതിയ കരിക്കുലം, കോഴ്സുകള്‍ തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആധുനിക വിജ്ഞാന മേഖലകള്‍ മുന്നോട്ട് വയ്ക്കാന്‍ അധ്യാപകര്‍ക്കും വര്‍ദ്ധിച്ച സ്വാതന്ത്ര്യം ഉറപ്പാക്കുന്നതാണ്. അര്‍ത്ഥവത്തായ ഇന്‍റേണ്‍ഷിപ്പ് സമ്പ്രദായം സര്‍വ്വകലാശാലകളിലും കോളേജുകളിലും നടപ്പിലാക്കാനുള്ള പരിശ്രമം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയുടെ സഹായത്തോടെ സി.എസ്.ആര്‍ ഫണ്ടിംഗിന്‍റെ വര്‍ദ്ധിച്ച സാധ്യതകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിന് പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോര്‍ജ്, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ഗുരുക്കള്‍, മെമ്പര്‍ സെക്രട്ടറി ഡോ.രാജന്‍ വറുഗീസ്, നിയമസഭാ അംഗങ്ങളായ ശ്രീ. യു.എ. ലത്തീഫ്, ശ്രീ. കെ.എം. സച്ചിന്‍ദേവ്, ശ്രീ. എം. വിജിന്‍, ശ്രീ. വി. വേണു. ഐ.എ.എസ് (ചീഫ് സെക്രട്ടറി), പ്രൊഫ. വി.കെ. രാമചന്ദ്രന്‍ (വൈസ് ചെയര്‍മാന്‍, പ്ലാനിംഗ് ബോര്‍ഡ്), അഡ്വ. പി. സതീദേവി (ചെയര്‍പേഴ്സണ്‍ വനിതാകമ്മീഷന്‍), ശ്രീ. സി.ജെ. ജോര്‍ജ്ജ് (വ്യവസായ പ്രമുഖന്‍), ഡോ. കെ.എന്‍. ഹരിലാല്‍ (മുന്‍ പ്ലാനിംഗ് ബോര്‍ഡ് അംഗം), ഡോ. അനൂപ്കുമാര്‍ എ.എസ് (ഡയറക്ര്‍, നിംസ്ഹോസ്പിറ്റല്‍, കോഴിക്കോട്), പ്രൊഫ. കെ.സി. സണ്ണി (ന്യൂവാല്‍സ് മുന്‍ വൈസ് ചാന്‍സലര്‍), അഡ്വ. സജുസേവിയര്‍. റ്റി (ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, പയ്യാവൂര്‍), ശ്രീമതി ലളിതാ ബാലന്‍ (ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്), ശ്രീമതി കെ.ജി. രാജേശ്വരി (ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്, ആലപ്പുഴ), അഡ്വ. എസ്.കുമാരി (ചെയര്‍പേഴ്സണ്‍, ആറ്റിങ്ങള്‍ നഗരസഭ), എക്സിക്യൂട്ടീവ് ബോഡി അംഗങ്ങളായ ഡോ. കെ.കെ. ദാമേദരന്‍, ഡോ. പോള്‍ വി. കാരന്താനം, ശ്രീമതി. ഇഷിതാറോയ് ഐ.എ.എസ്. (പ്രിന്‍സിപ്പല്‍ സെക്രട്ടറി. ഉന്നതവിദ്യാഭ്യാസ വകുപ്പ്), ഡോ. സജിഗോപിനാഥ് (വൈസ്ചാന്‍സലര്‍, കേരള ഡിജിറ്റല്‍ സര്‍വകലാശാല), ഡോ.എം.എസ്. രാജശ്രീ (ഡയറക്ടര്‍, ടെക്നിക്കല്‍ എജ്യുക്കേഷന്‍) തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here