സഖാവ് പി കൃഷ്‌ണപിള്ളക്ക് അഭിവാദ്യം അർപ്പിച്ച് മുഖ്യമന്ത്രി

സഖാവ് പി കൃഷ്‌ണപിള്ളയുടെ ചാരവാർഷിക ദിനത്തിൽ അനുസ്മരണ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലാകെ സഞ്ചരിച്ചു കൊണ്ട് തൊഴിലാളി വർഗ്ഗ പ്രസ്‌ഥാനം കെട്ടിപ്പടുത്ത സഖാവിന്റെ ഓർമ്മ തലമുറകളെ സമരസജ്ജമാക്കിയ ഊർജ്ജപ്രവാഹമാണ് എന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയത്.സഖാവിന്റെ ഉജ്ജ്വലമായ ഓർമ്മ നവകേരളത്തിലേക്കുള്ള നമ്മുടെ പ്രയാണത്തിന് കരുത്തുപകരും എന്നാണ് മുഖ്യമന്ത്രി കുറിച്ചത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്‌ഥാനത്തിന്റെ സ്‌ഥാപക നേതാവും അത്യുജ്ജ്വലനായ സംഘാടകനുമായിരുന്ന സഖാവ് പി കൃഷ്ണപിള്ളയുടെ ഓർമ്മ ദിനമാണ് ഇന്ന്. കേരളത്തിലാകെ സഞ്ചരിച്ചുകൊണ്ട് തൊഴിലാളി വർഗ്ഗ പ്രസ്‌ഥാനം കെട്ടിപ്പടുത്ത സഖാവിന്റെ ഓർമ്മ തലമുറകളെ സമരസജ്ജമാക്കിയ ഊർജ്ജപ്രവാഹമാണ്.

ദേശീയ സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പ്രവർത്തിച്ച സഖാവ്, ഉപ്പു സത്യഗ്രഹ കാലത്ത് വടകരയിൽ നിന്നും പയ്യന്നൂരിലേക്ക് സംഘടിപ്പിച്ച ജാഥയിലൂടെയാണ് പൊതു രാഷ്ട്രീയത്തിൽ അടയാളപ്പെടുത്തപ്പെട്ടത്. അന്ന് ഉപ്പു കുറുക്കാൻ നിയോഗിക്കപ്പെട്ട ഒരു വളണ്ടിയർ സംഘത്തിന്റെ ലീഡർ കൃഷ്ണപിള്ളയായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായി തുടങ്ങിയ അദ്ദേഹം പിന്നീട് കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ടി, കമ്മ്യൂണിസ്റ്റ്‌ പാര്‍ടി എന്നിവയുടെ രൂപീകരണത്തിൽ നിർണ്ണായകവും ചരിത്രപരവുമായ നേതൃത്വം നൽകി.

1937ല്‍ കോഴിക്കോട്ട്‌ രൂപീകരിക്കപ്പെട്ട ആദ്യത്തെ കമ്യൂണിസ്റ്റ്‌ പാര്‍ടി സെല്ലിന്റെ സെക്രട്ടറിയായി പ്രവർത്തിച്ച കൃഷ്ണപിള്ള 1939 ൽ പിണറായിയിലെ പാറപ്രത്ത് നടന്ന സമ്മേളനത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ടിയുടെ കേരളഘടകത്തിന്റെ ആദ്യ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. സഖാവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ കേരള ഘടകം മുഴുവനായും കമ്മ്യൂണിസ്റ്റ് പാർടിയുടെ കേരള ഘടകമായി മാറുകയായിരുന്നു.

ഐതിഹാസികമായ പുന്നപ്ര-വയലാര്‍ സമരത്തിന്റെ പ്രചോദന കേന്ദ്രമായിരുന്നു കൃഷ്ണപിള്ള. സമരത്തിന് മുന്നോടിയായി നടന്ന 1946 സെപ്തംബർ 15 ന്റെ പണിമുടക്കവും ആക്ഷന്‍ കൌണ്‍സില്‍ രൂപീകരണവും ഒളിവു കാലത്ത് പാർട്ടി സെക്രട്ടറി എന്ന നിലയില്‍ സഖാവിന്റെ നേതൃത്വത്തിൽ എടുത്ത തീരുമാനങ്ങളുടെ ഭാഗമായിരുന്നു. കൽക്കത്താ തീസിസിനുശേഷം കമ്മ്യൂണിസ്റ്റ് പാർടി നിരോധിക്കപ്പെട്ടതിനെ തുടർന്നുള്ള ആലപ്പുഴയിലെ ഒളിവുജീവിതത്തിനിടെയാണ് 1948 ആഗസ്‌റ്റ്‌ 19-ന്‌ സഖാവ് സര്‍പ്പദംശമേറ്റ്‌ മരണമടയുന്നത്.
കമ്മ്യൂണിസ്റ്റ് പാർടിയെ കേരളത്തിൽ ബഹുജന പിന്തുണയുള്ള വലിയ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്നതിൽ നിസ്തുലമായ പങ്കാണ് സഖാവ് കൃഷ്ണപിള്ള വഹിച്ചത്.

ആധുനിക കേരളം രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന അവിസ്മരണീയമാണ്. സഖാവിന്റെ ഉജ്ജ്വലമായ ഓർമ്മ നവകേരളത്തിലേക്കുള്ള നമ്മുടെ പ്രയാണത്തിന് കരുത്തുപകരും.പി കൃഷ്‍ണപിള്ളക് അഭിവാദ്യം അർപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News