വിമാന കമ്പനികൾക്കായുള്ള ദക്ഷിണേന്ത്യയിലെ ഹബ്ബ് എന്ന നിലയിൽ പ്രവർത്തിക്കാൻ സിയാൽ സജ്ജം : മുഖ്യമന്ത്രി

cial
ചെറുനഗരങ്ങളിലേക്ക് സർവീസ് നടത്താൻ സഹകരണം ആരാഞ്ഞുകൊണ്ട് സമീപിച്ചിട്ടുള്ള എയർലൈനുകൾക്കായുള്ള ദക്ഷിണേന്ത്യയിലെ ഹബ്ബ് എന്ന നിലയിൽ പ്രവർത്തിക്കാൻ സിയാൽ സജ്ജമാണെന്നും ആവശ്യമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതാണെന്നും  മുഖ്യമന്ത്രി പിണറായി വിജയൻ . കൊച്ചി വിമാനത്താവളത്തിലെ 0484 എയ്‌റോ ലോഞ്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  വിമാനത്താവളത്തിലൂടെ ഇപ്പോൾ പ്രതിവർഷം  ഒരു കോടിയിലേറെ പേർ യാത്ര ചെയ്യുന്നുണ്ട്. ഓരോ ആഴ്ചയും വിദേശത്തേക്ക് 670 ഉം ആഭ്യന്തര മേഖലയിൽ 795 ഉം സർവീസുകൾ ഇവിടെ നിന്ന് പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തിനകത്ത് എല്ലാ നഗരങ്ങളിലേക്കും കൊച്ചിയിൽ നിന്ന് വിമാന സർവീസുകളുണ്ട്.
“സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിച്ചു കൊണ്ട് യാത്രക്കാരുടെ ക്ഷേമത്തിനായി ഇനിയും ഒട്ടേറെ വികസന പ്രവർത്തനങ്ങൾ സിയാലിൽ ആസൂത്രണം ചെയ്തു വരികയാണ്. 550 കോടി രൂപയോളം ചെലവിട്ട് നടത്തുന്ന രാജ്യാന്തര ടെർമിനൽ വികസനമാണ് അവയിൽ പ്രധാനം. അടുത്ത 3 വർഷത്തിനുള്ളിൽ അത് പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 160 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന കൊമേഴ്സ്യൽ സോൺ വികസനത്തിനും സിയാൽ തുടക്കമിട്ടു കഴിഞ്ഞു”, അദ്ദേഹം പറഞ്ഞു.  “വിമാനത്താവള സ്വകാര്യവത്ക്കരണം തകൃതിയായി തന്നെ രാജ്യത്ത് നടക്കുന്നുണ്ട്. സ്വകാര്യ ഓപ്പറേറ്റർമാർക്ക് കൈമാറിയ പല വിമാനത്താവളങ്ങളും കാലക്രമേണ യൂസർ ഡെവലപ്മെന്റ് ഫീസും ലാൻഡിംഗ് ഫീസും കുത്തനെ ഉയർത്തുകയും അതിന്റെ ബാധ്യത സാധാരണ യാത്രക്കാരുടെ മേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുകയാണ്. എന്നാൽ, സർക്കാർ മുഖ്യനിക്ഷേപം നടത്തിയിട്ടുള്ള സിയാലിന്റെ പ്രവർത്തനങ്ങളിൽ അത്തരത്തിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒന്നും തന്നെയില്ല. രാജ്യത്തെ ഏറ്റവും കുറഞ്ഞ ഡെവലപ്മെന്റ് ഫീസും പാർക്കിംഗ്, ലാൻഡിംഗ് ഫീസുമാണ് സിയാലിൽ ഉള്ളത്. അങ്ങനെ ജനോപകാരപ്രദമായി വ്യവസായങ്ങളെയും സേവനങ്ങളെയും നിലനിർത്താനാണ് ശ്രമിക്കുന്നത്”, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ സിയാലിൽ  അദ്ദേഹത്തിന്റെ അഞ്ചാമത്തെ ഉദ്ഘാടന ചടങ്ങാണിതെന്ന് ശ്രീ. പിണറായി വിജയൻ  ഓർമിച്ചു.  “അരിപ്പാറ ജല വൈദ്യുത നിലയം, പയ്യന്നൂർ സൗരോർജ നിലയം, ബിസിനസ് ജെറ്റ് ടെർമിനൽ എന്നിവയ്ക്ക് പുറമെ 7 മെഗാ പദ്ധതികൾക്ക് കൂടി ഇക്കാലയളവിൽ തുടക്കമിട്ടിരിക്കുന്നു.  അവയിൽ മൂന്നെണ്ണം ഇതിനോടകം കമ്മീഷൻ ചെയ്തിട്ടുണ്ട്. പത്തു മാസത്തിനുള്ളിൽ നാല് പദ്ധതികൾ പൂർത്തിയാക്കാൻ കഴിഞ്ഞു. സിയാലിന്റെ പ്രവർത്തനമികവിന്റെ ദൃഷ്ടാന്തമാണിത്. ഇത് സംസ്ഥാനത്തെ മറ്റ് സ്ഥാപനങ്ങൾക്കാകെ മാതൃകയാണ്.   മികച്ച രീതിയിലുള്ള സിയാലിന്റെ മുന്നേറ്റത്തിന് ഇത്തരം ഇടപെടലുകൾ വഴിവെച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്”.
“വിമാനത്താവളത്തിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് പുറമെ, സംസ്ഥാന സർക്കാരിന്റെ നിരവധി പദ്ധതികളും സിയാലിന്റെ പ്രഫഷണൽ മികവ് ഉപയോഗപ്പെടുത്തുന്നുണ്ട്. പശ്ചിമതീര ജലപാതയുടെ പുനരുദ്ധാരണമാണ് അവയിൽ പ്രധാനം. ഏറെ ശ്രമകരവും സങ്കീർണവുമായ ഈ പദ്ധതിയിൽ കാര്യമായ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ, കനൽ വികസനത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം മുതൽ വർക്കല വരെയുള്ള ഭാഗത്ത് 516 കുടുംബങ്ങളെയാണ് പുനരധിവസിപ്പിച്ചത്. സർക്കാരിന്റെ മേൽനോട്ടത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സമൂഹത്തിൽ ക്രിയാത്മകമായി ഇടപെടാൻ കഴിയുമെന്നാണ് ഇതെല്ലാം കാണിക്കുന്നത്.” എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
“നിലവിൽ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ വിമാനത്താവളത്തിൽ, ഒരു ഹ്രസ്വമായ വിശ്രമകേന്ദ്രം വേണമെന്ന യാത്രക്കാരുടെ നിരന്തരമായ ആവശ്യം മുൻനിർത്തിയാണ് സിയാൽ ഇപ്പോൾ 0484 എന്ന ഈ എയ്‌റോ ലോഞ്ച് നിർമിച്ചിട്ടുള്ളത്. യാത്രക്കാർക്കും സന്ദർശകർക്കും തങ്ങൾക്ക് ആവശ്യമുള്ള സമയത്തേക്ക് മാത്രമായി വിമാനത്താവളത്തിനുള്ളിൽ തങ്ങാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. അരലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ചിട്ടുള്ള ഈ എയ്‌റോ ലോഞ്ച്, യാത്രക്കാരോടുള്ള സിയാലിന്റെ പ്രതിബദ്ധതയുടെ ദൃഷ്ടാന്തമാണ്”, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിയാൽ ജീവനക്കാരുടെ വകയായി ഒരു കോടി  രൂപയും കാർഗോ കയറ്റിറക്ക് തൊഴിലാളി സൊസൈറ്റിയുടെ വകയായി അരലക്ഷം രൂപയും ചടങ്ങിൽ വച്ച് മുഖ്യമന്ത്രിക്ക് കൈമാറി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സിയാൽ നേരത്തെ തന്നെ രണ്ടു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.
വ്യവസായ- നിയമ- കയർ വകുപ്പ് മന്ത്രിയും സിയാൽ ഡയറക്ടർ ബോർഡ് അംഗവും സബ് കമ്മിറ്റി ചെയർമാനുമായ  ശ്രീ. പി.രാജീവ് അധ്യക്ഷനായിരുന്നു. സിയാൽ മാനേജിംഗ് ഡയറക്ടർ ശ്രീ. എസ്. സുഹാസ് ഐ.എ.എസ് സ്വാഗതം ചെയ്ത ചടങ്ങിൽ സിയാൽ ഡയറക്ടർ ശ്രീ. എം. എ. യൂസഫലി ആമുഖ പ്രഭാഷണം നടത്തി. റവന്യൂ- ഭവന നിർമാണ വകുപ്പ് മന്ത്രിയും സിയാൽ ഡയറക്ടറുമായ അഡ്വ. കെ. രാജൻ, പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശൻ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി. സിയാൽ ഡയറക്ടർമാരായ ശ്രീ.  ഇ. കെ. ഭരത് ഭൂഷൻ, ശ്രീമതി. അരുണ സുന്ദരരാജൻ, ശ്രീ. എൻ. വി. ജോർജ്, ശ്രീ. ഇ. എം ബാബു, ഡോ. പി. മുഹമ്മദലി; ജനപ്രതിനിധികളായ ശ്രീ. അൻവർ സാദത്ത് എം.എൽ.എ, ശ്രീ. റോജി എം.ജോൺ എം.എൽ.എ, ശ്രീ. ബെന്നി ബഹനാൻ എം.പി, ശ്രീ. ഹൈബി ഈഡൻ എം.പി, അഡ്വ. ജെബി മേത്തർ എം.പി,  ശ്രീ. മാത്യു തോമസ്, ശ്രീ. എ.വി. സുനിൽ, ശ്രീ. വി. എം. ഷംസുദ്ദീൻ, ശ്രീമതി. വിജി ബിജു, ശ്രീമതി. ശോഭാ ഭരതൻ  എന്നീ പ്രമുഖരും പങ്കെടുത്തു. സിയാൽ എക്‌സിക്യൂട്ടീവ് ഡയറക്ടറും കമ്പനി സെക്രട്ടറിയുമായ  ശ്രീ. സജി കെ. ജോർജ്  കൃതജ്ഞത രേഖപ്പെടുത്തി.
‘അഫോർഡബിൾ ലക്ഷ്വറി’  എന്ന വിപ്ലവകരമായ ആശയത്തിൽ നിർമ്മിച്ച 0484 എയ്റോ ലോഞ്ചിലൂടെ, മിതമായ മണിക്കൂർ നിരക്കുകളിൽ പ്രീമിയം എയർപോർട്ട് ലോഞ്ച് അനുഭവമാണ് സിയാൽ ജനങ്ങൾക്കായി  ഒരുക്കിയിട്ടുള്ളത്. സെക്യൂരിറ്റി ഹോൾഡ്  മേഖലയ്ക്ക് പുറത്തായി, ബിസിനസ് ജെറ്റ് ടെർമിനൽ സ്ഥിതി ചെയ്യുന്ന ടെർമിനൽ 2 വിനോട് ചേർന്ന് തന്നെ ഒരുക്കിയിട്ടുള്ള ഈ ലോഞ്ച്,  യാത്രക്കാർക്കും സന്ദർശകർക്കും ഒരുപോലെ ഉപയുക്തമാക്കാനാകും. എറണാകുളത്തിൻ്റെ എസ്.ടി.ഡി കോഡിൽ നിന്ന് പ്രചോദനമുൾകൊണ്ടാണ് ഇതിന്റെ  നാമകരണം. അകച്ചമയങ്ങളിൽ കേരളത്തിൻ്റെ പ്രകൃതിലാവണ്യം. കായലും വള്ളവും സസ്യജാലങ്ങളും രൂപകൽപ്പനയിൽ തിടമ്പേറ്റുന്നു. 50,000 ചതുരശ്ര അടിയിലായി 37 മുറികൾ, 4 സ്യൂട്ടുകൾ, 3 ബോർഡ് റൂമുകൾ, 2 കോൺഫറൻസ് ഹാളുകൾ, ഒരു കോ-വർക്കിംഗ് സ്‌പേസ്, ജിം, സ്പാ, ലൈബ്രറി, റെസ്റ്റോറന്റ് എന്നിവയെല്ലാം ഈ ലോഞ്ചിലുണ്ട്.
ഒക്ടോബറിൽ ഉദ്ഘാടനം ചെയ്ത ഏഴ് മെഗാ പദ്ധതികളിൽ മൂന്നെണ്ണം ഇതിനോടകം പ്രവർത്തനം തുടങ്ങി.  നാലാമത്തെ മെഗാ പദ്ധതിയായ 0484 AERO LOUNGE ആണ് ഇന്നത്തെ ഉദ്ഘാടനത്തോടെ പ്രവർത്തന സജ്ജമാവുന്നത്.  നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ടെർമിനൽ വികസനം, കൂടുതൽ ഫൂഡ് കോർട്ടുകളുടെയും ലോഞ്ചുകളുടെയും നിർമാണം, ശുചിമുറികളുടെ നവീകരണം എന്നിവ അതിവേഗം പുരോഗമിക്കുന്നു. യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ ആഗോള നിലവാരത്തിലുള്ള വിമാനത്താവള അനുഭവം ഒരുക്കാൻ പുതിയ പദ്ധതികളുമായി സിയാൽ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News