പ്രവാസി ലോകത്തിന്റെ വിഭവശേഷി സംസ്ഥാനം പ്രയോജനപ്പെടുത്തണം: മുഖ്യമന്ത്രി

PINARAYI VIJAYAN

പ്രവാസി മലയാളികളുടെ കഴിവും വൈദഗ്ധ്യവും കേരളത്തിന്റെ എല്ലാ മേഖലകളിലും പ്രയോജനപ്പെടുത്താൻ സംസ്ഥാനത്തിനു കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാലാമത് ലോക കേരള സഭയുടെ ഉദ്ഘാടനം നിയസഭയിലെ ശങ്കരനാരയണൻ തമ്പി ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈറ്റ് അപകടത്തിൽ ലോകകേരള സഭയുടെ അനുശോചനം മുഖ്യമന്ത്രി അറിയിച്ച ശേഷമായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.

നമ്മുടെ സാമൂഹിക – സാമ്പത്തിക ഘടനയെ ഒന്നാകെ മുന്നോട്ടു ചലിപ്പിക്കാനുള്ള ഉപാധിയായി പ്രവാസത്തെ പ്രയോജനപ്പെടുത്താൻ സാധിക്കണം. പ്രവാസികളിൽ നിന്നുവരുന്ന പണത്തിന്റെ കാര്യത്തിൽ ഉണ്ടായ മുന്നേറ്റം പ്രവാസിശേഷിയും പ്രതിഭയും ഉപയോഗിക്കുന്ന കാര്യത്തിലും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്തെമ്പാടുമായി പടർന്നു കിടക്കുന്ന മലയാളി സമൂഹത്തിന്റെ ഒരു പരിച്ഛേദമാണ് ലോക കേരളസഭ എന്ന വേദിയിൽ സമ്മേളിക്കുന്നത്. കേരളത്തെ ലോകത്തെമ്പാടും എത്തിച്ച കേരളീയരുടെ പ്രവാസ ചരിത്രത്തിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. എന്നാൽ, ലോകമാകെയുള്ള കേരളീയ പ്രവാസികളെ തിരികെ കേരളവുമായി ഔദ്യോഗികമായി ബന്ധിപ്പിക്കാൻ നമുക്കു കഴിഞ്ഞതിന് കഴിഞ്ഞ 7-8 വർഷത്തെ ചരിത്രമേയുള്ളൂ. അത് സാധ്യമാക്കിയ ലോക കേരള സഭയുടെ നാലാമത്തെ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനമാണ് ഇവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. അതോടൊപ്പം ലോക കേരളസഭയുടെ സമീപന രേഖയും സമർപ്പിക്കപ്പെടുകയാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് കേരളീയർ ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് ചേക്കേറി തുടങ്ങിയത്. ബർമ, സിങ്കപ്പൂർ, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു മലയാളികളുടെ ആദ്യഘട്ട കുടിയേറ്റമെങ്കിൽ പിന്നീടത് ഇന്ത്യയുടെ മറ്റു മഹാനഗരങ്ങളിലേക്കുമായി. പല ഘട്ടങ്ങളിലായി നടന്ന കുടിയേറ്റ പരമ്പരകളിലൂടെ കേരളീയർ പ്രവാസികളുടെ വലിയ കൂട്ടമായി മാറുകയും പതിയെ ചെറിയ അതിരുകളെ ലംഘിച്ച് ലോകമെമ്പാടും പടർന്നുനിൽക്കുന്ന ഒരു വലിയ സമൂഹമായി രൂപാന്തരപ്പെടുകയും ചെയ്തു.

ലോകത്തെ മികവുറ്റ ഗവേഷണ കേന്ദ്രങ്ങളിൽ, മികവുറ്റ എൻജിനിയറിങ് കമ്പനികളിൽ, സേവന മേഖലകളിൽ എല്ലാം മലയാളിയുടെ വിരൽപ്പാട് പതിഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ, അത് നമ്മുടെ നാടിന്റെ മുന്നേറ്റത്തിന് ഉപയോഗിക്കാൻ കഴിഞ്ഞോ എന്നു ചോദിച്ചാൽ ഇല്ലെന്നു മറുപടി പറയേണ്ടിവരുന്ന കാലമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രവാസിസമൂഹത്തിൽ നിന്നുള്ള ആശയങ്ങളെയും പ്രതിഭകളെയും നമ്മുടെ സാമൂഹിക ഘടനയിലേക്കു സ്വാംശീകരിക്കുക എന്ന ലക്ഷ്യത്തോടെ ലോക കേരളസഭയ്ക്കു രൂപം നൽകിയത്.

വിദേശത്തുള്ളവരുടെ പ്രജ്ഞയെയും പ്രതിഭയെയും നമ്മുടെ വിജ്ഞാന സമൂഹത്തിനായി, പുതിയ തലമുറയ്ക്കായി ഉപയോഗപ്പെടുത്താൻ നടപടി എടുക്കുക, വിദേശത്തുള്ളവരുടെ വിഭവങ്ങൾ അവരുടെ കൂടി അഭിപ്രായങ്ങൾ കണക്കിലെടുത്ത് ഈ നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുക മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസ-ക്ഷേമ കാര്യങ്ങൾക്ക് പരിമിതികൾക്കുള്ളിൽ നിന്നു ചിലതു ചെയ്യുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. മറ്റ് സംസ്ഥാനങ്ങളിലും ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും, സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി പ്രവാസിസമൂഹത്തെ കൂടെക്കൂട്ടുന്നതിനും അതോടൊപ്പം അവരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനുമായുള്ള ഒരു പൊതുവേദിയാണ് ലോക കേരള സഭ. ലോക കേരള സഭ രൂപീകൃതമായതിനു ശേഷം 3 സമ്മേളനങ്ങളും മൂന്ന് മേഖലാ സമ്മേളനങ്ങളുമാണ് ഇതുവരെ നടന്നിട്ടുള്ളത്. അവയിൽ എടുത്ത തീരുമാനങ്ങൾ നല്ല നിലയിൽ നടപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയാൻ കഴിയും.

also read: പെരുന്നാളിനും വേതനമില്ല; കോഴിക്കോട് ഓഫീസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ച് ചന്ദ്രിക ജീവനക്കാര്‍

ലോക കേരളസഭയുടെ സമ്മേളനങ്ങളിൽ ഉരുത്തിരിയുന്ന ആശയങ്ങളെ നിക്ഷേപം, ക്ഷേമം, നൈപുണ്യ വികസനം, സംസ്‌കാരം എന്നിങ്ങനെയുള്ള മുഖ്യ രംഗങ്ങളായി തരംതിരിച്ചു. അവയ്ക്ക് പ്രാവർത്തിക രൂപം നൽകാൻ ഏഴു മേഖലാ കേന്ദ്രിത സ്റ്റാൻഡിങ്ങ് കമ്മിറ്റികൾ രൂപീകരിച്ചു. എൽ കെ എസ് സെക്രട്ടേറിയറ്റ് അവയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ഇതിന്റെയൊക്കെ ഫലമായാണ് ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ്, എൻ ആർ ഐ നിർമ്മാണക്കമ്പനി, എൻ ആർ ഐ സഹകരണ സൊസൈറ്റി, നോർക്ക റൂട്ട്‌സിൽ ആരംഭിച്ച വിമൻസ് സെൽ, സി ഡി എസ്സിലെ അന്താരാഷ്ട്ര മൈഗ്രേഷൻ സെന്റർ, ലോക മലയാളം എന്ന പ്രസിദ്ധീകരണം തുടങ്ങിയവയൊക്കെ യാഥാർത്ഥ്യമായത്.
നോർക്കയുടെ ജോബ് പോർട്ടൽ, പ്രവാസികളാകാൻ താൽപര്യപ്പെടുന്നവർക്കുവേണ്ടി നടത്തുന്ന നൈപുണ്യ വികസന പരിപാടികൾ, മലയാളി നഴ്‌സുമാരെ ജർമനിയിൽ ജോലിക്കയക്കുന്ന ട്രിപ്പിൾ വിൻ പ്രൊജക്ട്, തൊഴിൽ റിക്രൂട്ട്‌മെന്റിനായി ജപ്പാൻ, ദക്ഷിണ കൊറിയ, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളുമായി ഏർപ്പെടുത്തിയിട്ടുള്ള കരാർ, പ്രവാസി ലീഗൽ എയ്ഡ് സെൽ, കോവിഡ് ഘട്ടത്തിൽ വിവിധ രാജ്യങ്ങളിൽ ആരംഭിച്ച ഹെൽപ് ഡെസ്‌ക്, സാന്ത്വനം പദ്ധതി, നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രൊജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ്, ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ, പ്രവാസി ഡിവിഡന്റ് സ്‌കീം, എന്നിവയും ലോക കേരള സഭയുടെ നിർദ്ദേശങ്ങളെയും പ്രവാസികളുടെ പ്രശ്‌നങ്ങളെയും സംസ്ഥാന സർക്കാർ വളരെ ഗൗരവത്തോടെ കണ്ടതിന്റെ ഫലമായി യാഥാർത്ഥ്യമായവയാണ്.മൂന്നാം ലോക കേരളസഭയുടെ ഭാഗമായി നിരവധി നിർദ്ദേശങ്ങൾ ഉയർന്നുവന്നിരുന്നു. അവയിൽ ഭൂരിഭാഗം നിർദ്ദേശങ്ങൾക്കുമേലും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഒരു സുപ്രധാന നിർദേശമായിരുന്നു ലോകമെമ്പാടുമുള്ള മലയാളികൾക്കുവേണ്ടി ഒരു ഡിജിറ്റൽ ഓൺലൈൻ സ്‌പെയ്‌സ് എന്നത്. പ്രവാസികളുടെ ആശയവിനിമയത്തിനും തൊഴിൽ അവസരങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങളുടെ കൈമാറ്റത്തിനും സാംസ്‌കാരിക വിനിമയത്തിനുമായി ‘ലോകകേരളം ഓൺലൈൻ’ എന്ന പേരിൽ വിപുലമായ ഒരു സംവിധാനം പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. നോർക്കാ റൂട്ട്‌സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.രണ്ട് വർഷത്തിലധികമായി മറ്റു സംസ്ഥാനങ്ങളിൽ ജീവിക്കുന്ന മലയാളികൾക്കും 6 മാസത്തിലധികമായി ഇന്ത്യയ്ക്ക് പുറത്ത് ജീവിക്കുന്ന മലയാളികൾക്കും ഈ പോർട്ടൽ ഉപയോഗപ്പെടുത്താം. പ്രവാസികൾക്ക് അവരുടെ പ്രാഥമിക വിവരങ്ങൾ നൽകിയോ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഉപയോഗിച്ചോ ഈ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യാം. സൂക്ഷ്മപരിശോധന നടത്തിയതിന് ശേഷം മാത്രമേ രജിസ്റ്റർ ചെയ്യുന്നവർക്ക് അംഗത്വം നൽകൂ എന്നതിലൂടെ വ്യക്തികളുടെയും സംഘടനകളുടെയും വിശ്വാസ്യത ഉറപ്പാക്കാൻ സാധിക്കുന്നു. പ്രവാസി സംഘടനകൾ, ലോക കേരളസഭാംഗങ്ങൾ എന്നിവരുടെ സഹായത്തോടെ പരമാവധി പ്രവാസികളെ ഇതിന്റെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്.

also read: പെരുന്നാളിനും വേതനമില്ല; കോഴിക്കോട് ഓഫീസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ച് ചന്ദ്രിക ജീവനക്കാര്‍

ലോക കേരളസഭയുടെ നിർദേശപ്രകാരം പ്രവാസികളുടെ വിപുലമായ വിവരശേഖരണം ലക്ഷ്യമിട്ടു കേരളമൈഗ്രേഷൻ സർവ്വേ 2023 സംഘടിപ്പിച്ചു. പ്രവാസികളെ സംബന്ധിക്കുന്ന വിവരങ്ങളിലെ വ്യക്തതക്കുറവ് പ്രവാസ നയരൂപീകരണത്തിലടക്കം വിലങ്ങുതടിയായിരുന്ന സാഹചര്യത്തിലാണ് കേരള മൈഗ്രേഷൻ സർവ്വേ റിപ്പോർട്ട് പുറത്തിറക്കിയത്. 1998 മുതൽ തന്നെ കൃത്യമായ ഇടവേളകളിൽ സർവ്വേ നടന്നിരുന്നു. എങ്കിലും പ്രവാസികളെ സംബന്ധിക്കുന്ന കൃത്യവും ആധികാരികവുമായ വിവരങ്ങളുടെ അപര്യാപ്തത ഒരു പ്രതിസന്ധിതന്നെയായിരുന്നു. ഈ സാഹചര്യത്തിലാണ് മൂന്നാം ലോക കേരള സഭയുടെ ഭാഗമായി, ആധികാരികമായ ഒരു കേരള മൈഗ്രേഷൻ സർവ്വേ എന്ന ആശയം ഉയർന്നുവന്നത്. ആ നിർദ്ദേശമാണ് നടപ്പാക്കിയിരിക്കുന്നത്. പ്രവാസി സമൂഹത്തെ കുറിച്ച് ഇത്തരമൊരു ആധികാരിക രേഖ പ്രസിദ്ധീകരിച്ചിരിക്കുന്നു എന്നതിൽ ലോക കേരളസഭയ്ക്ക് അഭിമാനിക്കാം.

20,000 കുടുംബങ്ങളിൽ നിന്ന് വിശദമായ വിവരശേഖരണം നടത്തി, തയ്യാറാക്കിയ സർവ്വേ റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത്രയേറെ കുടുംബങ്ങളുടെ പങ്കാളിത്തം സർവ്വേയുടെ ആധികാരികതയും കൃത്യതയും വർധിപ്പിക്കുമെന്നതിൽ തർക്കമില്ല. കേരളത്തിൽ നിന്നുള്ള കുടിയേറ്റം സംബന്ധിച്ച വിവരങ്ങൾ അതിലുണ്ട്. കോവിഡ് മഹാമാരി പ്രവാസികൾക്ക് ഉണ്ടാക്കിയ പ്രതിസന്ധികളെ സംബന്ധിച്ചുള്ള അപഗ്രഥനവും അതിലുണ്ട്. കുടിയേറ്റം, മടങ്ങിവരവ്, വിദേശ നാണ്യത്തിന്റെ വരവ് എന്നിവയിലെ സമീപകാല പ്രവണതകൾ പരിശോധിക്കുന്നതിനും സർവ്വേയിലൂടെ കഴിഞ്ഞിട്ടുണ്ട്.

മാറിക്കൊണ്ടിരിക്കുന്ന ജനസംഖ്യാ വിതാനം, ആഗോള സാമ്പത്തിക പ്രതിസന്ധി, ഗൾഫ് നാടുകളിലെ സ്വദേശിവൽക്കരണം തൊഴിൽ വിപണിയിലെ മാറ്റങ്ങൾ എന്നിവയെല്ലാം പ്രവാസികളുടെ എണ്ണത്തിലുള്ള കുറവിന് കാരണമായെന്നാണ് വിലയിരുത്തൽ. 2018ന് ശേഷമാകട്ടെ കോവിഡ് മഹാമാരിയും ലോക്ക്ഡൗണുമെല്ലാം പ്രവാസികളുടെ വൻതോതിലുള്ള മടങ്ങിവരവിന് കാരണമായി. ഇക്കാലത്ത് 1.7 ദശലക്ഷം മലയാളികൾ തിരിച്ചുവന്നതിൽ ഏകദേശം 65 ശതമാനം പേർ മാത്രമാണ് തിരികെ പോയത്. കേരളത്തിൽ നിന്നുള്ള ഇപ്പോഴത്തെ കുടിയേറ്റ നിരക്ക് 2018 ലേതിന് സമാനമാണ്. അതായത് പ്രതികൂല സാഹചര്യത്തിലും മലയാളി പ്രവാസം പൂർവസ്ഥിതിയിലെത്തിയെന്ന് പറയാനാകും.
മൈഗ്രേഷൻ സർവ്വേ റിപ്പോർട്ട് വ്യക്തമാക്കുന്നത് കുടുംബത്തോടൊപ്പം വിദേശത്തേക്ക് ചേക്കേറിയവരുടെ എണ്ണം വർധിച്ചുവെന്നാണ്. 20 ലക്ഷത്തോളം കേരളീയർ വിദേശരാജ്യങ്ങളിൽ കുടുംബമായി ചേക്കേറുകയോ അതിന് ഒരുങ്ങുകയോ ചെയ്യുന്നുവെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്.
കുടിയേറ്റവും കുടിയേറ്റക്കാരുടെ എണ്ണവും വർധിച്ചതിനൊപ്പം തന്നെ പ്രവാസിപ്പണത്തിലും വർധനയുണ്ടായി എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു വസ്തുത. 2018ൽ 85,092 കോടി രൂപയായിരുന്നു കേരളത്തിൽ എത്തിയിരുന്ന പ്രവാസിപ്പണമെങ്കിൽ കഴിഞ്ഞ വർഷം അത് 2,16,893 കോടിയായി കുതിച്ചുയർന്നു. അതായത്, 5 വർഷത്തിനിടെ ഏകദേശം 155 ശതമാനത്തോളം വർധന. കോവിഡ് മഹാമാരിക്ക് ശേഷം ഗൾഫിൽ മാത്രമായൊതുങ്ങാതെ മറ്റനേകം രാജ്യങ്ങളിലേക്ക് കുടിയേറുന്ന പ്രവണത മലയാളികളിൽ വൻതോതിൽ വർധിച്ചതാണ് പ്രവാസി വരുമാനം കൂടുതലായെത്തുന്നതിന് വഴിയൊരുക്കിയത്.

മൂന്നാം ലോക കേരളസഭയുടെ നിർദ്ദേശങ്ങളിലൊന്നിന്റെ അടിസ്ഥാനത്തിൽ പ്രവാസി യുവസംരംഭകർക്ക് കേരള സ്റ്റാർട്ടപ്പ് മിഷനിലൂടെ പുതിയ സ്റ്റാർട്ടപ്പുകൾ ആരംഭിക്കാനായി സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി എന്ന പദ്ധതി ആരംഭിച്ചു. വിദേശ മലയാളികളെ സംരംഭകത്വത്തിലേക്ക് ആകർഷിക്കുക, ഉയർന്ന സാമ്പത്തികശേഷിയുള്ള വിദേശ ഇന്ത്യക്കാരിൽ നിന്നും കേരളാടിസ്ഥാന സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപം ലഭ്യമാക്കുക, കേരളാടിസ്ഥാന സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ബിസിനസ്സ് സംബന്ധമായ ആവശ്യങ്ങൾക്ക് വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ പ്രവർത്തന സ്ഥലവും ഉപഭോക്താക്കളെ ബന്ധപ്പെടുന്നതിനുള്ള സൗകര്യവും ലഭ്യമാക്കുക, തുടങ്ങിയ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്.

പ്രവാസിക്ഷേമത്തിന് ആദ്യമായി ഒരു പ്രത്യേക വകുപ്പ് രൂപീകരിച്ചതുതന്നെ കേരളത്തിലാണ്, 1998 ൽ. 2008 ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ് പ്രവാസിക്ഷേമ നിയമം കൊണ്ടുവന്നത്. സുസ്ഥിര പുനരധിവാസം സംബന്ധിച്ച നൂതനമായ ആശയങ്ങൾ മുന്നോട്ടു വെക്കപ്പെടേണ്ടതുണ്ട്. പ്രവാസികൾ മടങ്ങിവരുന്നു, അവർക്ക് സംരംഭങ്ങൾ തുടങ്ങാൻ ധനസഹായം നൽകുന്നു എന്ന നിലയിലേക്കു പുനരധിവാസം ഒതുങ്ങരുത് എന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. ആ നിലയ്ക്ക് പുനരധിവാസത്തിനുള്ള തയ്യാറെടുപ്പുകൾ വിദേശത്ത് ആയിരിക്കുമ്പോഴേ ഉണ്ടാകേണ്ടതുണ്ട്. തിരിച്ചുവന്ന ശേഷം വിദേശത്തു നിന്ന് നിങ്ങൾ ആർജ്ജിച്ച അറിവും നൈപുണ്യവുമെല്ലാം നാട്ടിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള ഒരു ഇക്കോ സിസ്റ്റം രൂപപ്പെടേണ്ടതുണ്ട്. അതിനുതകുന്ന ചർച്ചകൾ നടത്തി നമുക്കു മുന്നോട്ടുപോകാം.
നവകേരള നിർമ്മിതിയുമായും പ്രവാസിക്ഷേമവുമായും വിജ്ഞാന സമൂഹം, വിജ്ഞാന സമ്പദ്ഘടന എന്നിവയുമായും ബന്ധപ്പെട്ട് ഇനിയും ഏതെല്ലാം മേഖലകളിലാണ് സംസ്ഥാന സർക്കാരിന്റെ ശ്രദ്ധ പതിയേണ്ടതെന്ന് ലോക കേരള സഭ ചർച്ച ചെയ്യണം. കൂട്ടായി ചിന്തിച്ച് വരുംകാല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള അവസരമാണ് ലോക കേരളസഭയുടെ ഈ നാലാം സമ്മേളനം. സഭയുടെ പ്രവർത്തനങ്ങൾ എങ്ങനെ കൂടുതൽ അർത്ഥപൂർണവും വ്യാപകവും സമഗ്രവും ആക്കാം എന്നതു സംബന്ധിച്ച ചർച്ചകൾ കൂടി അടുത്ത രണ്ടുദിവസങ്ങളിലായി ഇവിടെ നടക്കണം.
നിങ്ങളുടെ ഓരോരുത്തരുടെയും അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി ഈ സർക്കാർ കാത്തിരിക്കുന്നതായും ലോക കേരളസഭയുടെ സമീപന രേഖ സമർപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

ALSO READ:ദുരന്തങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനും വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടാതിരിക്കാനും ആവശ്യമായ എല്ലാ കരുതലും എടുക്കേണ്ടത്: മുഖ്യമന്ത്രി

ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടെയാണ് ലോകകേരള സഭ ആരംഭിച്ചത്. പ്രസീഡിയം അംഗങ്ങളെ സ്പീക്കർ എ. എൻ. ഷംസീർ വേദിയിലേക്ക് ക്ഷണിച്ചു. കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് ഡോ. ഇരുദയ രാജൻ മുഖ്യമന്ത്രിക്ക് ചടങ്ങിൽ സമർപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം എട്ട് വിഷയാധിഷ്ഠിത ചർച്ചകളും ഏഴു മേഖലാ സമ്മേളനങ്ങളും നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News