മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം, സ്വീകരണം നല്‍കാനുള്ള ഒരുക്കങ്ങളുമായി പ്രവാസി സമൂഹം

മെയ് മാസത്തില്‍ യു എ ഇ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം നല്‍കാനുള്ള ഒരുക്കങ്ങളുമായി പ്രവാസി സമൂഹം .ഇതിന്റെ ഭാഗമായി ദുബായില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. രണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികവേളയിലെ മുഖ്യന്ത്രിയുടെ സന്ദര്‍ശനത്തില്‍ കൂടുതല്‍ പ്രവാസി സൗഹൃദ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം. മെയ് പത്തിന് ദുബായിലെ മലയാളി പ്രവാസി സമൂഹം മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും വിപുലമായ സ്വീകരണം നല്‍കുന്നുണ്ട്.

അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡില്‍ വെച്ചാണ് സ്വീകരണ പരിപാടി. പരിപാടിയുടെ സംഘാടക സമിതി ദുബായ് ഫ്‌ലോറ ഹോട്ടലില്‍ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. സ്വാഗത സംഘം ചെയര്‍മാന്‍ ഡോ: കെ പി ഹുസൈന്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രവാസികള്‍ക്കായി മികച്ച നിക്ഷേപ സൗഹൃദാന്തരീക്ഷം ഉണ്ടാക്കുന്ന കാര്യത്തില്‍ കേരള സര്‍ക്കാര്‍ ഇതിനകം ഏറെ മുന്നോട്ടു പോയിട്ടുണ്ട് എന്നും മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും ഡോക്ടര്‍ കെ പി ഹുസ്സൈന്‍ പറഞ്ഞു.

സ്വീകരണ പരിപാടിക്കായുള്ള ഒരുക്കങ്ങള്‍ സജീവമായി മുന്നോട്ടു പോവുകയാണെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ രാജന്‍ മാഹി, ആര്‍ പി മുരളി എന്നിവര്‍ പറഞ്ഞു. ജനറല്‍ കണ്‍വീനറും നോര്‍ക്ക ഡയറക്ടറുമായ ഒ വി മുസ്തഫ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. നോര്‍ക്കയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനുള്ള താത്പര്യമറിയിച്ച് ചെറുതും വലുതുമായ നിരവധി സംഘടനകള്‍ മുന്നോട്ടു വന്നതായി ഓ വി മുസ്തഫ വ്യക്തമാക്കി.

351 അംഗ സ്വാഗത സംഘത്തിന്റെ നിര്‍ദേശപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ കമ്മറ്റികളും സംഘടനകളും ഇതിനകം ആരംഭിച്ചതായും പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി. സ്വാഗത സംഘം ചെയര്‍മാന്‍ ഡോ: കെ പി ഹുസൈന്‍, ജനറല്‍ കണ്‍വീനറും നോര്‍ക്ക ഡയറക്ടറുമായ ഒ വി മുസ്തഫ, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ രാജന്‍ മാഹി, ആര്‍ പി മുരളി എന്നിവര്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും ഭാവി നടപടികളും വിശദീകരിച്ചു.

എം ഇ എസ്, യു എ ഇ പ്രസിഡന്റ്- സി കെ മജീദ്, മാസ് ഷാര്‍ജയില്‍ നിന്ന് ഹമീദ്, ഫുജൈറ കൈരളിയില്‍ നിന്ന് സൈമണ്‍ മാസ്റ്റര്‍, റാസല്‍ഖൈമ ചേതനയില്‍ നിന്ന് മോഹനന്‍ പിള്ള, യുവകലാസാഹിതിയില്‍ നിന്ന് വില്‍സണ്‍ തോമസ്, ജനതാദള്‍ പ്രതിനിധി ബാബു, ഓര്‍മ ദുബായില്‍ നിന്ന് അനീഷ് മണ്ണാര്‍ക്കാട്, IBPC യില്‍ നിന്ന് ജെയിംസ് മാത്യു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. നോര്‍ക്കയുടെ നേതൃത്വത്തില്‍ ദുബായിലും മറ്റ് വടക്കന്‍ എമിറേറ്റുകളിലുമുള്ള വിവിധ മലയാളി സംഘടനകളെ ചേര്‍ത്തുകൊണ്ട് ആണ് സ്വീകരണ പരിപാടി ഒരുക്കുന്നത്.

അബുദാബി, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റ് സംഘടിപ്പിക്കുന്ന ആനുവല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ പങ്കെടുക്കാനായി യു എ ഇ സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ യു എ ഇ യില്‍ എത്തുന്നത്. മന്ത്രിമാരായ പി രാജീവ്, പി എ മുഹമ്മദ് റിയാസ് എന്നിവരും മുഖ്യമന്ത്രിയോടൊപ്പം പരിപാടികളില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News