നവീകരിച്ച സി എം ഒ പോർട്ടലിൻ്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും

നവീകരിച്ച സി.എം ഒ പോർട്ടലിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിർവഹിക്കും. പൊതുജന പരാതി പരിഹാരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൂടുതൽ സുതാര്യവും ലളിതവും ആകുന്ന രീതിയിലാണ് പോർട്ടൽ പരിഷ്കരിക്കുന്നത്. മലയാളത്തിന് പുറമേ ഇംഗ്ലീഷ് പതിപ്പും നവീകരിച്ച ലാൻ്റിംഗ് പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരാതി സമർപ്പിച്ചവർക്ക് പരാതിയുടെ തൽസ്ഥിതി അറിയുന്നതിന് ബന്ധപ്പെട്ട ഓഫീസിലെ ചാർജ്ജ് ഓഫീസറുടെ വിവരങ്ങൾ ഇനി പോർട്ടൽ വഴി അറിയാൻ കഴിയും.

പൊതുജനങ്ങൾക്ക് തങ്ങൾ സമർപ്പിച്ച പരാതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെല്ലിലെ ഉദ്യോഗസ്ഥരെ നേരിട്ടും ഫോണിലൂടെയും ബന്ധപ്പെടുന്നതിനും മുൻകൂട്ടി അപ്പോയിന്റ്മെൻ്റ് എടുക്കുന്നതിനുമുള്ള സംവിധാനവും കൂട്ടിചേർക്കുന്നുണ്ട്. നടപടി തുടരുന്നതും തീർപ്പാക്കിയതുമായ പരാതികൾ സംബന്ധിച്ച് പരാതിക്കാർക്ക് പ്രതികരണം അറിയിക്കാനുളള സംവിധാനവും ഉടൻ യാഥാർത്ഥ്യമാകും. നാളിതുവരെ ലഭിച്ച പരാതികളെ സംബന്ധിച്ച വിവരങ്ങളും ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായത്തിനായി ലഭിച്ച അപേക്ഷകളുടെ വിവരങ്ങളും അവയിൽ നടപടി പൂർത്തിയായവ സംബന്ധിച്ച വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാകും.

Also Read: ട്രെയിനിൽ പേട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി, തട്ടികൊണ്ടുപോയത് ഉപദ്രവിക്കാൻ, കുട്ടിയെ ഉപേക്ഷിച്ച ശേഷം പ്രതി പലസ്ഥലത്ത് കറങ്ങി നടന്നു: സി എച്ച് നാഗരാജു

ഓൺലൈനായി പരാതികൾ എങ്ങനെയാണ് സമർപ്പിക്കേണ്ടത് എന്ന് പൊതുജനങ്ങൾക്ക് മനസിലാക്കാനായി തയ്യാറാക്കിയ വീഡിയോ ടൂട്ടോറിയൽ പോർട്ടലിൻ്റെ പ്രത്യേകതയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുളള ഉത്തരവുകൾ സർക്കുലറുകൾ എന്നിവ ലഭ്യമാക്കും. ലഭിച്ചതും തീർപ്പാക്കിയതുമായ പരാതികളുടെ സ്ഥിതിവിവര കണക്കുകൾ ഉൾപ്പെടെ ഒട്ടേറെ സവിശേഷതകൾ ഈ പോർട്ടലിലുണ്ട്.

ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം ലഭിക്കുന്നതിന് വേണ്ടി സമർപ്പിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ ആധികാരികത പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥർ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്ന സംഭവങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന് പരിഹാരമായി മെഡിക്കൽ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്നതിന് ഇ-ഹെൽത്ത് സോഫ്റ്റ് വെയറിലും, അത്തരത്തിൽ തയ്യാറാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്നതിന് സിഎംഒ പോർട്ടലിലും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

Also Read: വ്യാജ ഓൺലൈൻ ജോലി വാഗ്ദാനങ്ങൾ; മുന്നറിയിപ്പുമായി കേരള പൊലീസ്

ഇതുവഴി ഇ-ഹെൽത്ത് പ്രവർത്തനക്ഷമമായ ആശുപത്രികളിലെ ഡോക്ടർമാർക്ക് ഇ-ഹെൽത്തിലെ മെഡിക്കൽ സർട്ടിഫിക്കറ്റ് മോഡ്യൂൾ ഉപയോഗിച്ച് തങ്ങൾ ചികിത്സിക്കുന്ന രോഗികൾക്ക് ചികിത്സാ സഹായത്തിനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് തയ്യാറാക്കാനാകും. രോഗിയുടെ രോഗവിവരങ്ങളും ചികിത്സകൾ സംബന്ധിച്ച വിവരങ്ങളും ഇ-ഹെൽത്ത് സോഫ്റ്റ് വെയറിൽ ലഭ്യമായതിനാൽ ഡോക്ടർമാർക്ക് സുഗമമായി മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാനാകും.

ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായത്തിനായി ഹാജരാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടറുടെ വിവരങ്ങൾ പരിശോധിക്കാൻ നിലവിൽ സംവിധാനമില്ല. ഇതിനൊരു പരിഹാരമായി മെഡിക്കൽ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള ഡോക്ടർമാരുടെ രജിസ്ട്രേഷൻ നമ്പരും കേരള സംസ്ഥാന മെഡിക്കൽ കൗൺസിലിൻ്റെ ഡാറ്റാ ബേസിലെ വിവരങ്ങളും ഒത്തു നോക്കി കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഡോക്ടർമാർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കുന്ന സംവിധാനവും കേരള സംസ്ഥാന മെഡിക്കൽ കൗൺസിലിന്റെ സഹകരണത്തോടെ തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏഴ് വർഷത്തെ പ്രവർത്തനങ്ങൾ കൊണ്ട് മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനമായ സി.എം.ഒ പോർട്ടലിന് രാജ്യത്തെ മികച്ച പരാതി പരിഹാര സംവിധാനമെന്ന ഖ്യാതി നേടാൻ കഴിഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News