ശങ്കരയ്യയുടേത് ചരിത്രപരവും ത്യാഗനിർഭരവുമായ നേതൃശൈലി – മുഖ്യമന്ത്രി

ശങ്കരയ്യയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. നിസ്വാർത്ഥവും ചരിത്രപരവും ത്യാഗനിർഭരവുമായിരുന്നു എൻ ശങ്കരയ്യയുടെ നേതൃശൈലി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും വൈഷമ്യമായ സാഹചര്യങ്ങളിലും പ്രവർത്തിക്കാൻ വേണ്ട പ്രചോദനം നൽകുന്നതായിരുന്നു അത്. അതീവ ദുഃഖകരമാണ് സഖാവ് ശങ്കരയ്യയുടെ വേർപാട്. കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി വ്യാപിച്ചുനിന്ന സഖാവിന്റെ ജീവിതം ആധുനിക ഇന്ത്യൻ ചരിത്രത്തിന്റെ തന്നെ പര്യായമാണ്. ആ ജീവിതം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാർഗനിർദ്ദേശകവും വറ്റാത്ത പ്രചോദനത്തിന്റെ ഉറവയുമായിരുന്നു.

ഉന്നതവിദ്യാഭ്യാസം അപൂർണ്ണമാക്കി സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്തു ചാടിയതു മുതൽക്കിന്നോളം വ്യക്തിതാത്പര്യത്തിനു മേലെ പാർട്ടിയുടെയും ജനങ്ങളുടെയും താല്പര്യത്തെ ഉയർത്തിപ്പിടിച്ചതായിരുന്നു സഖാവ് ശങ്കരയ്യയുടെ ജീവിതം. 1964 ൽ സിപിഐ നാഷണൽ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന 32 സഖാക്കളിൽ ഇന്നു ജീവിച്ചിരിക്കുന്നവരിൽ അവശേഷിച്ച രണ്ടുപേരിൽ ഒരാളായിരുന്നു ശങ്കരയ്യ. സിപിഐഎം രൂപീകരിക്കുന്നതിൽ, അതിനെ ശക്തിപ്പെടുത്തുന്നത്തിൽ നേതൃപരവും നിർണ്ണായകവുമായ പങ്കാണ് ശങ്കരയ്യ വഹിച്ചത്. റിവിഷനിസത്തിനെതിരെയും അതിതീവ്ര ഇടതുപക്ഷ അതിസാഹസികതാവാദത്തിനെതിരെയും പൊരുതിക്കൊണ്ട് സിപിഐഎമ്മിനെ ശരിയായ പാതയിലൂടെ നയിച്ചു. പാർട്ടിക്കുവേണ്ടി സഖാവ് വഹിച്ച തീവ്രാനുഭവങ്ങൾ എക്കാലവും ആ സഖാവിന്റെ മഹത്തായ സംഭാവനകൾക്കൊപ്പം സ്മരിക്കപ്പെടും.

Also Read; വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസുകളില്‍ നിറഞ്ഞുനിന്ന സഖാവാണ് എന്‍ ശങ്കരയ്യ: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സഖാവ് ശങ്കരയ്യയെപ്പോലെ പാർട്ടിയെ സ്ഥാപിക്കുകയും നയിക്കുകയും ചെയ്ത സഖാക്കൾ ഉണ്ടാക്കിയെടുത്ത ശക്തമായ അടിത്തറയിലാണ് പിൽക്കാലത്തു ഞങ്ങളെപ്പോലുള്ളവർ പ്രവർത്തിച്ചത്. എട്ടു വർഷത്തെ തടവുശിക്ഷയനുഭവിച്ചിട്ടുള്ള ത്യാഗധനനായ ഈ നേതാവ് ദീർഘകാലത്തെ ഒളിവുജീവിതത്തിന്റെയും ഉടമയാണ്. മൂന്നു തവണ എംഎൽഎയായിരുന്നു. രണ്ടുവട്ടം തമിഴ്‌നാട് നിയമസഭയിലെ സിപിഐഎം നേതാവായിരുന്നു. പാർട്ടിയുടെ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായിരുന്നു. തമിഴ്‌നാട്ടിലെ പുരോഗമന കലാസാഹിത്യ പ്രസ്ഥാനം വളർത്തിയെടുക്കുന്നതിൽ നേതൃപരമായ പങ്കാണ് വഹിച്ചത്. അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറിയായിരുന്നു. പാർട്ടി കൺട്രോൾ കമ്മീഷൻ ചെയർമാനായിരുന്നു. ഇങ്ങനെ വ്യത്യസ്തമായ തലങ്ങളിൽ ജനങ്ങൾക്കുവേണ്ടിയും പാർട്ടിക്കു വേണ്ടിയും പ്രവർത്തിച്ചു.

പരിഹരിക്കാനാവാത്ത നഷ്ടമാണ് സഖാവിന്റെ വിയോഗത്തിലൂടെ ഉണ്ടായിട്ടുള്ളത്. ആ സ്മരണയ്ക്കു മുമ്പിൽ ആദരാഞ്ജലികളർപ്പിക്കുന്നു. സിപിഐഎം തമിഴ്‌നാട് സംസ്ഥാന കമ്മറ്റിയേയും സഖാവിന്റെ കുടുംബത്തേയും ദുഃഖം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Also Read; എന്‍ ശങ്കരയ്യ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപൂര്‍വ മാതൃക; എ വിജയരാഘവന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News