മദ്രസകൾക്കെതിരെയുള്ള ബാലാവകാശ കമ്മീഷൻ ഉത്തരവ് നഗ്നമായ ഭരണഘടനാ ലംഘനം: കേരള മുസ്ലിം ജമാഅത്ത്

Kerala Muslim Jamaath

കോഴിക്കോട്: രാജ്യത്തെ മദ്രസ്സകൾ അടച്ച് പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയിലും മത സ്വാതന്ത്ര്യത്തിൻമേലുമുള്ള നഗ്നമായ കടന്നാ ക്രമണമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കാബിനറ്റ് പ്രസ്താവനയിൽ പറഞ്ഞു. കേരളമുൾപ്പെടെയുള്ള ബഹുഭൂരിഭാഗം സംസ്ഥാനങ്ങളിലും തീർത്തും സ്വതന്ത്രമായി സർക്കാറിൻ്റെ യാതൊരുവിധ സാമ്പത്തിക സഹായവുമില്ലാതെയാണ് ആയിരകണക്കിന് മദ്രസകൾ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത്. ഇത് നാടിൻ്റെ സൗഹാർദ്ദത്തിനും ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും ഏറെ സംഭാവനകൾ നൽകുന്ന മികച്ച വിദ്യാഭ്യാസകേന്ദ്രങ്ങളാണ്.

Also Read: വിദ്യാഭ്യാസ മികവിന് കേരളം മുന്നിലെത്തിയ വേളയിലാണ് ഈ വർഷത്തെ വിദ്യാരംഭ ദിനം: മന്ത്രി പി രാജീവ്

ചരിത്രപരമായ കാരണങ്ങളാൽ വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നിൽക്കുന്ന ഉത്തരേന്ത്യയിലെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെയും മുസ്ലിം കുട്ടികൾക്ക് അവരുടെ പ്രാഥമിക മത പഠനത്തോടൊപ്പം തന്നെ സ്കൂൾ വിദ്യാഭ്യാസവും നൽകുന്ന സമ്പ്രദായമാണ് പതിറ്റാണ്ടുകളായിട്ടുള്ളത്. സൗഹാർദ്ദ കേന്ദ്രങ്ങളായ ഇവിടങ്ങളിൽ മറ്റു സമുദായക്കാരായ കുട്ടികളും പഠിക്കുന്നു എന്നത് നമ്മുടെ നാടിന്റെ അഭിമാനമാണ്. സച്ചാർ കമ്മീഷൻ പോലും ഇത്തരം സ്ഥാപനങ്ങളെ കൂടുതൽ മെച്ചപ്പെടുത്താനാണ് ശുപാർശ ചെയ്തിട്ടുള്ളതെന്ന വസ്തുത ഇവിടെ പ്രത്യേകം എടുത്തു പറയേണ്ടതാണ്.

Also Read: ‘ചെറിയ കുഞ്ഞുങ്ങൾക്ക് ഖുറാന്റെ അറിവ് നൽകുന്ന മദ്രസകൾ അടച്ചുപൂട്ടുന്നത് അപകടകരം…’: മന്ത്രി കെബി ഗണേഷ്‌കുമാർ

ഇത്തരം സ്ഥാപനങ്ങളെ ബാലാവകാശ കമ്മീഷന്റെ മറവിൽ അടച്ചു പൂട്ടാനുള്ള കേന്ദ്രസർക്കാർ നീക്കം അത്യന്തം പ്രകോപനപരവും രാജ്യത്ത് നിലനിൽക്കുന്ന ജനാധിപത്യ അവകാശങ്ങളുടെ പച്ചയായ ലംഘനവുമാണ്. നിലവിലുള്ള സംരംഭങ്ങളിൽ എന്തെങ്കിലും കുറവുകളോ പാളിച്ചകളോ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ ആവശ്യമായ ഇടപെടൽ ആണ് സബ് കേ സാത് സബ് കെ വികാസ് എന്ന് ഉദ്ഘോഷിക്കുന്ന കേന്ദ്രസർക്കാരിൽ നിന്നും സമൂഹം പ്രതീക്ഷിക്കുന്നത്. നേരെമറിച്ച് തീർത്തും അന്യായമായ രൂപത്തിൽ എല്ലാ അവകാശങ്ങളെയും ധ്വംസിച്ച് ന്യൂനപക്ഷ ജനവിഭാഗങ്ങളെ അരക്ഷിതത്വത്തിലാക്കാനും സാമുദായിക ചേരിതിരിവുണ്ടാക്കാനുമുള്ള ഗൂഢ നീക്കത്തിൽ നിന്നും ബാലാവകാശ കമ്മീഷനും കേന്ദ്ര സർക്കാറും പിന്തിരിയണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു. യോഗത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി, കെ.കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, സി.മുഹമ്മദ് ഫൈസി, പേരോട് അബ്ദു റഹ് മാൻ സഖാഫി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, മാരായമംഗലം അബ്ദു റഹ്മാൻ ഫൈസി, എൻ. അലി അബ്ദുല്ല, സി.പി. സൈതലവി, ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി, എ. സൈഫുദ്ധീൻ ഹാജി,മജീദ് കക്കാട്, മാളിയേക്കൽ സുലൈമാൻ സഖാഫി, മുസ്തഫ കോഡൂർ എന്നിവർ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration