പൊതുവെ സ്വന്തം ആരോഗ്യത്തിന് ശ്രദ്ധ നൽകിയില്ലെങ്കിലും, കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനു അമിത ശ്രദ്ധ നൽകുന്നവരാണ് മാതാപിതാക്കൾ. എപ്പോഴും അവർ ആരോഗ്യത്തോടെ ഇരിക്കണമെന്നാണ് ഏതു മാതാപിതാക്കളും ആഗ്രഹിക്കുന്നത്. എന്നാൽ പലപ്പോഴും മാതാപിതാക്കളുടെ ഈ ആഗ്രഹത്തിനു നേർ വിപരീതമായാണ് കുട്ടികളുടെ പ്രവർത്തികൾ. മരുന്ന് കഴിക്കാൻ മടി, ഭക്ഷണം നൽകിയാൽ കഴിക്കാൻ മടി, വെള്ളം കുടിക്കാൻ മടി അങ്ങനെ നീളും അവരുടെ കുസൃതികൾ. അതുകൊണ്ടു തന്നെ ഇത്തരത്തിൽ ആഹാരത്തോടും, വെള്ളം കുടിക്കുന്നതിലും ഒക്കെ മടി കാണിക്കുന്ന കുട്ടികളുടെ ആരോഗ്യ നില പലപ്പോഴും വഷളാകാറുള്ളത് പതിവാണ്. ഇനി അഥവാ ആഹാരം കഴിച്ചാലും, കുട്ടികളെ വെള്ളം കുടിപ്പിക്കുന്ന കാര്യത്തിൽ ആണ് മാതാപിതാക്കൾക്ക് ഏറ്റവും കൂടുതൽ തലവേദന ഉണ്ടാകാറുള്ളത്.
ALSO READ: ആരോഗ്യകരമായി എങ്ങനെ ഭാരം കുറയ്ക്കാം? അറിയാം 3 കാര്യങ്ങൾ
ശരിക്കും മനുഷ്യ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ വെള്ളം കുടിയ്‌ക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ ശരീരത്തിൽ ജലാംശത്തിന്റെ അളവ് എത്ര കൂടുന്നുവോ അത്രയും നല്ലതാണ്. 75 % ശതമാനമാണ് കുഞ്ഞുങ്ങളുടെ ശരീരത്തിൽ ഉള്ള വെള്ളം. മുതിർന്നവരിൽ ഇത് 60 % വും. 4 – 13 വയസ്സു വരെയുള്ള കുഞ്ഞുങ്ങള്‍ ദിവസവും ആറു മുതൽ എട്ട് ഗ്ലാസ്സ് വരെ വെള്ളം കുടിക്കണമെന്നാണു പഠനങ്ങൾ പറയുന്നത്. പക്ഷെ ഇതൊന്നും കുട്ടികൾ ചെവി കൊള്ളാറില്ല. അവർക്കു എപ്പോഴും ഇഷ്ടം ശീതള പാനീയങ്ങളും,നിറം കൂടിയ മറ്റു മധുര പാനീയങ്ങളുമൊക്കെയാണ്.
പലപ്പോഴും മാതാപിതാക്കൾക്ക് വലിയ ആശയക്കുഴപ്പം ഉണ്ടാകാറുള്ള സംഗതിയാണ് കുഞ്ഞുങ്ങൾക്കു എത്ര അളവിൽ വെള്ളം നൽകണം എന്നത്. യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റി നിഷ്കര്‍ഷിക്കുന്നത് പ്രകാരം 4-8 വയസ്സിനിടയില്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍- 1.1 – 1.3 ലിറ്ററും, 9-13 വയസ്സിടയില്‍ പ്രായമുള്ള പെണ്‍കുഞ്ഞുങ്ങള്‍ – 1.3- 1.5 ലിറ്ററും, 9-13 വയസ്സിനിടയില്‍ പ്രായമുള്ള ആണ്‍കുഞ്ഞുങ്ങള്‍- 1.5- 1.7 ലിറ്ററും വെള്ളം കുടിക്കണമെന്നാണ്. എന്നാൽ ആറുമാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രം ആണ് നൽകേണ്ടത്. അതേസമയം ആറു മുതൽ 12 മാസം വരെ പ്രായമുള്ള കുട്ടികൾക്ക് മുലപ്പാലിന് പുറമെ വെള്ളം മാത്രമാണ് നൽകേണ്ട പാനീയം.
ALSO READ: പ്രമേഹരോഗികൾക്ക് തേങ്ങാവെള്ളം കുടിക്കാമോ? വിദഗ്ദ്ധർ പറയുന്നത് ഇങ്ങനെ…
ഇനി വെള്ളം കുടിക്കാൻ മടിയുള്ള കുട്ടികളെ വെള്ളം കുടിപ്പിക്കാൻ ചില വഴികൾ പറയാം. നിർജലീകരണം ഒഴിവാക്കുന്നതിനായി കുട്ടികളെ നിർബന്ധിച്ചു തന്നെ വെള്ളം കുടിപ്പിക്കേണ്ടത് അല്ലെങ്കിൽ നൽകേണ്ടതിന്റെ ഉത്തരവാദിത്വം മാതാപിതാക്കൾക്ക് തന്നെയാണ് . അതിൽ നിന്നും അവർക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ല. ആദ്യം ചെയ്യേണ്ടത് വീട്ടുകാർ തന്നെ നന്നായി വെള്ളം കുടിക്കുക എന്നതാണ്. ഒപ്പം അത് കുട്ടികളുടെ മുന്നിൽ വെച്ച് തന്നെ ചെയ്യാൻ ശ്രമിക്കുകയും വേണം. അങ്ങനെ ചെയ്യുമ്പോൾ സ്വാഭാവികമായും ഇത് കാണുന്ന കുട്ടികൾക്ക് വെള്ളം കുടിക്കാൻ പ്രേരണ ഉണ്ടാകും. മറ്റൊന്ന് കുട്ടികൾക്കിഷ്ടമുള്ള കാർട്ടൂൺ കഥാപാത്രങ്ങളുടെയോ,മറ്റോ ചിത്രങ്ങളുള്ള ഗ്ലാസിലും, കപ്പിലും, വാട്ടർ ബോട്ടിലിലുമൊക്കെ വെള്ളം നൽകുക. അത് അവർക്കു വെള്ളം കുടിക്കുന്നതിനോട് താല്പര്യം തോന്നുന്ന ഒരു കാര്യമാണ്. കുട്ടികളുമായി എവിടെ പോയാലും ആ വാട്ടർ ബോട്ടിൽ അവരുടെ കയ്യിൽ ഏൽപ്പിക്കുക. ഇതിനൊക്കെ പുറമെ ശുദ്ധജലം കുടിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക. ഇതൊക്കെ പരീക്ഷിച്ചാൽ വെള്ളം കുടിയ്ക്കുന്നതിനുള്ള അവരുടെ മടി നല്ല രീതിയിൽ തന്നെ മാറും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here