ബഹിരാകാശ സാങ്കേതിക വിദ്യാ രംഗത്തെ മുന്‍നിര ശക്തികളിലൊന്നാണ് ചൈന. തങ്ങളുടെ കഴിവുകൾ ഓരോ ദിവസം തോറും ചൈന മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സമുദ്രത്തിന് നടുവില്‍ ഒരു കപ്പലില്‍ സ്ഥാപിച്ച വിക്ഷേപണത്തറയില്‍ നിന്ന് എട്ട് ഉപഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള റോക്കറ്റ് വിക്ഷേപിച്ചിരിക്കുകയാണ് ഇപ്പോൾ ചൈന.
Also Read; ഫാസ്റ്റ് ടാഗ് അപ്‌ഡേഷൻ വൈകിപ്പിക്കേണ്ട ; പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രം
ഷാന്‍ഡോങ് പ്രവിശ്യയുടെ തീരത്തെ ഹായങ് സീ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം നടത്തിയത്. ജൈലോങ്-3 ( സ്മാര്‍ട് ഡ്രാഗണ്‍-3) എന്ന റോക്കറ്റാണ് വിക്ഷേപിച്ചത്. ഈ റോക്കറ്റിന്റെ വിജയകരമായ രണ്ടാമത്തെ വിക്ഷേപണം കൂടിയായിരുന്നു ഇത്. ചൈനീസ് എയറോസ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജി കോര്‍പറേഷന്‍ (സി.എ.എസ്.സി.) ആണ് ഈ റോക്കറ്റ് വികസിപ്പിച്ചത്. ഈ റോക്കറ്റ് രൂപകല്പന ചെയ്തത് വാണിജ്യാടിസ്ഥാനത്തില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനും സമുദ്രത്തില്‍ നിന്നുള്ള വിക്ഷേപണങ്ങള്‍ക്കും വേണ്ടിയാണ്.
ട്യാൻയി 41, എക്‌സ്എസ്ഡി-15, എക്‌സ്എസ്ഡി-21, എക്‌സ്എസ്ഡി-22, യുക്‌സിങ്-2-05, ഫുഡാന്‍-1 ഇങ്ങനെ എട്ട് ഉപഗ്രഹങ്ങളാണ് ചൈന വിക്ഷേപിച്ചത്. ഭൗമ നിരീക്ഷണം, ആശയവിനിമയം, ശാസ്ത്രഗവേഷണം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്കുവേണ്ടി നിർമിച്ചതാണ് ഈ റോക്കറ്റുകള്‍.
സമുദ്രത്തിലെ തന്നെ വിവിധ സ്ഥാനങ്ങളില്‍ നിന്ന് റോക്കറ്റ് വിക്ഷേപണം നടത്താന്‍ കഴിയുന്ന മൊബൈല്‍ ലോഞ്ച് പാഡ് എന്നതാണ് ഹായങ് പ്ലാറ്റ്‌ഫോമിന്റെ പ്രത്യേകത. ജൈലോങ് – 3 റോക്കറ്റ് വിക്ഷേപണം വിജയം കണ്ടതോടെ വിവിധ രീതികളിലുള്ള വിക്ഷേപണ സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കിയിരിക്കുകയാണ് ചൈന. ആഗോള ബഹിരാകാശ രംഗവുമായി മത്സരിക്കാന്‍ ഇത് ചൈനയെ പ്രാപ്തമാക്കുമെന്നാണ് പ്രതീക്ഷ.
News summary; China launches 8 satellites into orbit from ship
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here