ടെക് ലോകത്തെ ശതകോടീശ്വരന്മാരായ എലോൺ മസ്‌കിൻ്റെയും ഇന്ത്യൻ വംശജനായ സംരംഭകൻ വിവേക് രാമസ്വാമിയുടെയും നേതൃത്വത്തിൽ പുതിയ വകുപ്പുമായി ഗവൺമെൻ്റിനെ മാറ്റിമറിക്കാനുള്ള നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പദ്ധതി ചൈനയ്ക്ക് ഭീഷണിയാകുമെന്ന് ചൈനീസ് നയ ഉപദേഷ്ടാവ് ഷെങ് യോങ്നിയൻ. കാര്യക്ഷമതയുള്ള യു.എസ് ഭരണസംവിധാനം ചൈനക്കുമേൽ കടുത്ത സമ്മർദമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
“കൂടുതൽ കാര്യക്ഷമമായ യുഎസ് രാഷ്ട്രീയ സംവിധാനം ചൈനയുടെ നിലവിലെ സംവിധാനത്തിൽ വലിയ സമ്മർദ്ദം ചെലുത്തുമെന്നും ചൈനക്ക് മാത്രമല്ല, യൂറോപ്പിനും ഇത് നേരിടേണ്ടിവരും,” ചൈനീസ് യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്ങിലെ ഷെൻഷെൻ കാമ്പസിലെ സ്കൂൾ ഓഫ് പബ്ലിക് പോളിസി ഡീൻ കൂടിയായ ഷെങ്, ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ച ബൈചുവാൻ ഫോറത്തിൽ സംസാരിക്കവെ പറഞ്ഞു.
ALSO READ; മഞ്ഞുവീഴ്ചയ്ക്കൊപ്പം ബെര്‍ട്ട് കൊടുങ്കാറ്റും; യുകെയിൽ ജാഗ്രതാനിർദേശം
ദീർഘകാലാടിസ്ഥാനത്തിൽ യുഎസിൽ നടക്കുന്ന മാറ്റങ്ങളിൽ നിന്നായിരിക്കാം ചൈനക്ക് ഏറ്റവും വലിയ സമ്മർദം നേരിടേണ്ടിവരിക. എന്നാൽ, ഭരണസംവിധാനത്തിൽ മസ്കിനെപോലുള്ള പ്രതിഭകൾ കൊണ്ടുവരുന്ന പരിഷ്കാരത്തെ വിലകുറച്ചു കാണരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യുഎസിലേക്കുള്ള ചൈനയുടെ 427 ബില്യൺ ഡോളറിൻ്റെ വാർഷിക കയറ്റുമതിയിൽ 60 ശതമാനം താരിഫുകൾ ചുമത്തുമെന്ന ഭീഷണിയുമായാണ് അടുത്ത വർഷം ജനുവരി 20 മുതൽ ട്രംപ് അധികാരത്തിൽ എത്തുന്നത്. ട്രംപ് ഭരണകൂടത്തിൽ സർക്കാർ കാര്യക്ഷമത വകുപ്പിന്റെ ചുമതലയാണ് വ്യവസായി ഇലൺ മസ്കും ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിയും വഹിക്കുക. സർക്കാർ ജീവനക്കാരുടെ എണ്ണം ഗണ്യമായി വെട്ടിക്കുറക്കുന്നതടക്കം നിരവധി പദ്ധതികളാണ് ഇവർ ആസൂത്രണം ചെയ്തിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here