സ്കൂളിലും, കോളേജിലുമെല്ലാം സെക്സ് എജ്യൂക്കേഷൻ വേണമെന്ന ആവശ്യം സമൂഹ നന്മക്കായി പലരും മുന്നോട്ട് വക്കുന്ന ആവശ്യമാണ്. എന്നാൽ ഇനി മുതൽ പ്രണയം കൂടി പഠിപ്പിക്കാനാണ് ചൈനീസ് സർക്കാരിന്‍റെ തീരുമാനം. പ്രണയം,വിവാഹം, കുടുംബം, കുട്ടികൾ എന്നിങ്ങനെയുള്ള വിഷയങ്ങളിൽ കോളേജ് വിദ്യാർഥികളിൽ അറിവ് പകരാനാണ് തീരുമാനം. ‘ലവ് എജ്യുക്കേഷന്‍’ നല്‍കിയാല്‍ വിദ്യാര്‍ത്ഥികളില്‍ ഇവയെ കുറിച്ച് പൊസിറ്റീവായ മനോഭാവം വരുമെന്ന പ്രതീക്ഷയിലാണ് ചൈനീസ് സർക്കാരിൻ്റെ ഈ നീക്കം.
വിദ്യാർത്ഥികളിൽ ബന്ധങ്ങളുടെയും വിവാഹത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് ബോധ്യമുണ്ടാക്കാൻ സാധിക്കുന്ന തരത്തിലുള്ള കോഴ്സാകും പഠിപ്പിക്കുകയെന്നാണ് ചൈനയിലെ ഔദ്യോഗിക പ്രസിദ്ധീകരണമായ ചൈന പോപ്പുലേഷൻ ന്യൂസിനെ ഉദ്ധരിച്ച് ജിയാങ്‌സു സിൻഹുവ ന്യൂസ്പേപ്പർ ഗ്രൂപ്പ് പുറത്തുവിടുന്ന വിവരം.
ഒറ്റക്കുട്ടി നയം കൊണ്ട് വന്നതിന് ശേഷം രാജ്യത്ത് ജനനനിരക്ക് കുറഞ്ഞതോടെ ഉടലെടുത്ത ആശങ്കയാണ് ചൈനീസ് സർക്കാരിനെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്. യുവാക്കളെ വിവാഹം കഴിപ്പിക്കാനും കുടുംബവും കുട്ടികളുമായി ജീവിക്കാനും പ്രേരിപ്പിക്കുക എന്നതിന്‍റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് കരുതപ്പെടുന്നത്.
എന്നാൽ, വിവാഹമെന്ന ആശയത്തോടൊപ്പം കുടുംബം, കുഞ്ഞുങ്ങൾ തുടങ്ങിയ രീതികളോട് ചൈനയിലെ യുവാക്കളുടെ കാഴ്ച്ചപ്പാട് ഇന്ന് വളരെയധികം മാറിക്കഴിഞ്ഞു. ജീവിത ചെലവ് കൂടുതലാണെന്ന കാര്യവും മറ്റൊരു ഘടകമാണ്. അതിനാൽ ഭൂരിഭാഗം പേർക്കും ഇത്തരം ബന്ധങ്ങളോടൊന്നും ഒരു താല്പര്യവുമില്ല. അതോടെയാണ് വിദ്യാഭ്യാസത്തിലൂടെ ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാൻ തയ്യാറെടുക്കുന്നത്.
ALSO READ; ഇനി പെൺകരുത്ത്! നമീബിയയെ നയിക്കാന്‍ ആദ്യ വനിതാ പ്രസിഡന്റ്
കുടുംബം, കുട്ടികൾ എന്നീ കാര്യങ്ങളിൽ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പല പദ്ധതികൾക്കും നേരത്തെ ചൈനയിലെ പല പ്രവിശ്യകളും തുടക്കമിട്ടിരുന്നു. ഏതായാലും പുതിയ കോഴ്സുകളിലൂടെ യുവതലമുറ കുടുംബജീവിതത്തിലേക്ക് കൂടുതൽ ആകൃഷ്ടരാകുമെന്ന കണക്കുകൂട്ടലിലാണ് ചൈനീസ് സർക്കാർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here