മംഗളാദേവിയിൽ ചിത്ര പൗര്‍ണമി ഉത്സവം ഇന്ന്‌

ചരിത്ര പ്രസിദ്ധമായ മംഗളാദേവി കണ്ണകി ക്ഷേത്രത്തില്‍ ചിത്ര പൗര്‍ണമി ഉത്സവം ഇന്ന്‌. വന്യജീവി സംരക്ഷണമേഖലയും അത്യപൂര്‍വമായ ജീവജാലങ്ങളുടെ വാസസ്‌ഥലവുമായ പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലാണു ക്ഷേത്രം സ്‌ഥിതി ചെയ്യുന്നത്‌. എല്ലാ വര്‍ഷവും ചിത്ര പൗര്‍ണമി ദിവസം ആയിരക്കണക്കിനു ഭക്ത ജനങ്ങളാണ് മംഗളാദേവി ക്ഷേത്രത്തില്‍ എത്തിചേരുക. കുമളി ബസ് സ്റ്റാൻഡിൽ നിന്നും ക്ഷേത്രത്തിലേക്ക് ആളുകളെ ഘട്ടം ഘട്ടമായി പ്രത്യേകം സജ്ജീകരിച്ച ജീപ്പുകളിലാണെത്തിക്കുക.

പ്രകൃതിക്കു കോട്ടം സംഭവിക്കാതെയും വന്യജീവികളുടെ സൈ്വര്യവിഹാരത്തിന്‌ തടസം ഉണ്ടാവാതെയുമാണ്‌ ആഘോഷം നടത്തുക. പ്ലാസ്‌റ്റിക്‌ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വനമേഖലയില്‍ നിരോധിച്ചിട്ടുണ്ട്‌.

വനത്തിനുള്ളില്‍ ഉച്ചഭാഷിണികള്‍, ഉയര്‍ന്ന ശബ്‌ദം പുറപ്പെടുവിക്കുന്ന സ്‌പീക്കറുകള്‍, മൈക്കുകള്‍ എന്നിവയും പ്ലാസ്‌റ്റിക്‌ ഉത്‌പന്നങ്ങള്‍, വിഗ്രഹങ്ങള്‍ എന്നിവ കാടിനുള്ളില്‍ കൊണ്ടുപോകുന്നതും പടക്കങ്ങള്‍ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്‌.

കുടിവെള്ളം കൊണ്ടുവരുന്നതിനായി ഭക്‌തജനങ്ങള്‍ ഫ്ലാസ്‌ക്‌, അഞ്ചു ലിറ്ററോ, അതിലധികമോ ഉള്ള ബോട്ടിലുകള്‍ ഉപയോഗിക്കേണ്ടതാണ്‌. അഞ്ചു ലിറ്ററില്‍ കുറഞ്ഞുള്ള പ്ലാസ്‌റ്റിക്‌ ബോട്ടിലുകളും നിരോധിച്ചിട്ടുണ്ട്‌. ഭക്ഷണ സാധനങ്ങള്‍ പേപ്പറിലോ, ഇലകളിലോ പൊതിഞ്ഞു കൊണ്ടു പോകാം. സര്‍ക്കാര്‍ വകുപ്പുകളും ഈ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. തല മുണ്ഡനം ചെയ്യല്‍, മാംസാഹാരം, മദ്യം, ലഹരി വസ്‌തുക്കള്‍, പുകവലി എന്നിവയുടെ ഉപയോഗവും നിരോധിച്ചു. ഭക്‌തജനങ്ങള്‍ക്ക്‌ ഇന്ന്‌ രാവിലെ ആറ്‌ മുതല്‍ മംഗളാ ദേവിയിലേക്ക്‌ പ്രവേശിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here