രാജ്യത്ത് ക്രൈസ്തവർക്കെതിരെ അക്രമങ്ങൾ വർധിക്കുന്നതിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യൻ നേതാക്കൾ. 400 ൽ അധികം ക്രിസ്ത്യൻ നേതാക്കളും മുപ്പതോളം സഭകളുമാണ് ആവശ്യം ഉന്നയിച്ചത്. സംഘപരിവാറിന്റെ നേതൃത്വത്തിൽ ക്രൈസ്തവർക്കുനേരെ ആക്രമണം തുടരുന്നതിനിടെയാണ് നേതാക്കളുടെ വാർത്തകുറിപ്പ്.
ഇക്കഴിഞ്ഞ ക്രിസ്തുമസ് ആഘോഷവേളയിലടക്കം രാജ്യത്തുടനീളം 14 അക്രമ സംഭവങ്ങളാണ് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ ഉണ്ടായത് ഇതിന്റെ പശ്ചാത്തലത്തിലാണ് അക്രമികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യൻ നേതാക്കൾ രംഗത്ത് എത്തിയത്.
ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെ അസഹിഷ്ണുതയും ശത്രുതയും വർദ്ധിക്കുന്നതിനെ നേതാക്കൾ അപലപിച്ചു. 2024 ജനുവരിക്കും നവംബറിനും ഇടയിൽ രാജ്യത്ത് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ 720 അക്രമ സംഭവങ്ങൾ ഉണ്ടായതായുള്ള ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ കണക്കുകളും 760 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ വെളിപ്പെടുത്തലും നേതാക്കൾ ചൂണ്ടിക്കാണിച്ചു.
മതപരിവർത്തന വിരുദ്ധ നിയമങ്ങളുടെ ദുരുപയോഗം, മതസ്വാതന്ത്ര്യത്തിനുള്ള ഭീഷണികൾ വർദ്ധിച്ചു വരുന്ന വിദ്വേഷ പ്രസംഗം, ദളിത് ക്രിസ്ത്യാനികൾക്ക് പട്ടികജാതി പദവി നിഷേധിക്കൽ തുടങ്ങിയവയിലെ ആശങ്കയും അവർ പങ്കുവെച്ചു.
Also Read:ഒരേ പയ്യനെ ഇഷ്ടം; നടുറോഡില്‍ പെണ്‍കുട്ടികളുടെ തല്ലുമാല, സംഭവം യുപിയില്‍
360 പള്ളികൾ തകർക്കപ്പെട്ട മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള അക്രമങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ടണമെന്നും മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാരുകൾക്ക് മാർഗനിർദേശങ്ങൾ നൽകണം തുടങ്ങിയ ആവശ്യങ്ങളും നേതാക്കൾ ഉന്നയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here