കേരള-തമിഴ്‌നാട് അതിര്‍ത്തി വനപ്രദേശത്ത് ഇരു സംസ്ഥാനങ്ങളുടെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി. ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷങ്ങള്‍ മുന്നില്‍ക്കണ്ട് അന്യസംസ്ഥാനങ്ങളില്‍ നിന്നും ലഹരി വസ്തുക്കള്‍ കടത്താന്‍ സാധ്യതയുണ്ടന്നത് മുന്‍നിര്‍ത്തിയാണ് പരിശോധന നടന്നത്.
READ ALSO:റൂം ഹീറ്ററിൽ നിന്ന് തീപടർന്ന് അച്ഛനും 3 മാസം പ്രായമായ മകളും മരിച്ചു
ഇരു സംസ്ഥാനങ്ങളുടെയും പൊലീസ്, വനംവകുപ്പ്, എക്‌സൈസ്, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്. കമ്പംമെട്ട് ചെക്ക് പോസ്റ്റിന് സമീപമുള്ള സമാന്തര പാതകള്‍, തമിഴ്‌നാട് വനപ്രദേശം തുടങ്ങിയിടങ്ങളിലാണ് പരിശോധന നടന്നത്. മുന്‍കാലങ്ങളില്‍ വനപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ വ്യാജ മദ്യ നിര്‍മ്മാണം നടന്നിരുന്നു.
READ ALSO:ഏകീകൃത കുർബാന തർക്കം; കർശന നടപടികളുമായി സഭാ നേതൃത്വം
ഇതിനോടൊപ്പം ക്രിസ്മസ്, ന്യൂ ഇയര്‍ മുന്‍നിര്‍ത്തി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും സമാന്തരപാതകള്‍ വഴി സ്പിരിറ്റ്, കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഇടുക്കി ജില്ലയിലേക്ക് എത്തുവാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് അതിര്‍ത്തി മേഖലയില്‍ വ്യാപക പരിശോധനകള്‍ നടത്തിയത്. ഇടുക്കി എസ് പി രൂപീകരിച്ച പ്രത്യേക സംഘവും പരിശോധനകളില്‍ പങ്കെടുത്തു. ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് വാഹന പരിശോധനയും നടന്നു. വരും ദിവസങ്ങളിലും തുടര്‍ പരിശോധനകള്‍ നടത്തുമെന്ന് ഇരു സംസ്ഥാനത്തെയും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here