സ്മാർട്ഫോൺ അഡിക്ഷൻ! ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് സ്മാർട്ട്ഫോണിന്റെ അമിത ഉപയോഗം. ഊണിലും ഉറക്കത്തിലും വരെ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന രീതിയിലേക്ക് പലരും ഇപ്പോൾ മാറിയിട്ടുണ്ട്. പലരിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് അടക്കം ഇത് കാരണമായിട്ടുണ്ട്. ഇതോടെ സ്മാർട്ട്ഫോൺ ഉപയോഗം നിയന്ത്രിക്കാൻ പല രാജ്യങ്ങളും ചില പദ്ധതികളുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇപ്പോഴിതാ സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്ന ബോക്സുകളിൽ സിഗററ്റു പെട്ടികളിൽ നൽകുന്നതിന് സമാനമായ മുന്നറിയിപ്പ് പതിപ്പിക്കാൻ ഒരുങ്ങുകയാണ് സ്പെയിൻ.
അമിത സ്മാർട്ട്ഫോൺ ഉപയോഗം മുന്നോട്ടുള്ള ജീവിതത്തെ കാര്യമായി ബാധിക്കുമെന്ന രീതിയിലുള്ള ഒരു മുന്നറിയിപ്പ് സ്മാർട്ട്ഫോൺ ബോക്സുകളിൽ പതിപ്പിക്കുമെന്നാണ് സർക്കാർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
ALSO READ; സൂര്യനെ പഠിക്കാൻ ദൗത്യം ; പ്രോബ-3 വിക്ഷേപണം വിജയകരം
സ്പെയിൻ സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ 250 പേജുള്ള ഒരു റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച കാര്യങ്ങൾ പരാമർശിച്ചിട്ടുള്ളത്.
അധിക സമയം സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതിന്റെ ദോഷങ്ങൾ, ഇതെങ്ങനെ ഒരു വ്യക്തിയുടെ ജീവിതത്തെയും ആരോഗ്യത്തെയും ബാധിക്കും അടക്കമുള്ള വിവരങ്ങളാണ് മുന്നറിയിപ്പായി സ്മാർട്ട്ഫോൺ ബോക്സുകളിൽ പതിപ്പിക്കുക എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
എല്ലാ സ്മാർട്ട്ഫോൺ കമ്പനികളോടും സ്മാർട്ട്ഫോൺ ബോക്സിൽ ഈ മുന്നറിയിപ്പ് പതിപ്പിക്കാൻ സർക്കാർ നിർദേശം നൽകിയേക്കും.
മാത്രമല്ല, സ്മാർട്ട്ഫോണിലെ ചില പ്രത്യേക ആപ്പുകൾ ഉപയോഗിക്കുമ്പോഴും സമാന രീതിയിലുള്ള മുന്നറിയിപ്പ് പുറപ്പെടുവിക്കും. സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന കുട്ടികളെ കേന്ദ്രീകരിച്ച് പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.
അതേസമയം സ്പെയിൻ മാത്രമല്ല സ്മാർട്ട്ഫോണിന്റെ അമിത ഉപയോഗത്തിനെതിരെ ഇത്തരമൊരു മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. മുൻപ് ഓസ്‌ട്രേലിയയും സ്മാർട്ട്ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് ചില കർശന നിർദേശങ്ങൾ മുന്നോട്ട് വെച്ചിരുന്നു. പതിനാറ് വയസിന് താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിന്നും വിലക്കിയതായിരുന്നു നടപടികൾ പ്രധാനപ്പെട്ട ഒന്ന്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here