എസ്എസ്എൽസിയിൽ ചരിത്ര വിജയത്തിന്റെ തിളക്കത്തിലാണ് കോട്ടയം ജില്ല. ഏറ്റവുമധികം വിജയ ശതമാനമുള്ള കോട്ടയം, വിദ്യാഭ്യാസ മേഖലയിൽ കൈവരിക്കുന്ന നേട്ടങ്ങൾക്ക് പിറകിൽ അച്ഛനമ്മമാരുടെയും വിദ്യാർത്ഥികളുടെയും നിരന്തരമായ കഷ്ടപ്പാടുണ്ട്. ഇപ്പോഴിതാ തന്റെ മകന്റെ വിജയത്തിൽ മനോഹരമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് വാഗമൺ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ റഷീദ് കെ എം.
ചരിത്രം ആവർത്തിച്ചുകൊണ്ട് ഏന്തയാർ മർഫി സ്കൂൾ എസ്എസ്എൽസിയിൽ നൂറു ശതമാനം വിജയം കൈവരിച്ചപ്പോൾ, റഷീദിന്റെ മകൻ റോഷൻ ബിൻ റഷീദും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിക്കൊണ്ട് നാടിന്റെ അഭിമാനമായി മാറിയിരുന്നു. 124 കുട്ടികൾ പരീക്ഷ എഴുതിയതിൽ 124 പേരും ഇവിടെ വിജയിച്ചു. 34 കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മകനെ അഭിനന്ദിച്ചുകൊണ്ട് പൊലീസ് ഓഫീസർ റഷീദ് കെ എം ഈ കുറിപ്പ് പങ്കുവെച്ചത്.
കുറിപ്പ് വായിക്കാം
പ്രിയപ്പെട്ട മകനെ, വിദ്യഭ്യാസത്തിൻ്റെ വില ലോകത്തോട് വിളിച്ചു പറയാൻ നിൻ്റെ ഈ വിജയം ഞാൻ ഉപയോഗിക്കുന്നു. എന്നേക്കാൾ വളരുക, മനുഷത്വം കൊണ്ടും സത്യസന്ധത കൊണ്ടും എന്നേക്കാൾ മികച്ച മനുഷ്യനാവുക. അറിവിനേക്കാൾ മഹത്വമുള്ള മറ്റൊന്നും ഭൂമിയിൽ ഇല്ല. അതുകൊണ്ട് അത് നേടിക്കൊണ്ടേയിരിക്കുക. സ്‌കൂളുകളുടെ ചുറ്റുമതിലിന് പുറത്തും അറിയാനും പഠിക്കാനും ഒരുപാടുണ്ട്. വരും നാളുകളിൽ അതും നീ പഠിക്കുക. സഹജീവികളോടുള്ള സ്നേഹം കൊണ്ടും പെരുമാറ്റത്തിലെ ഭംഗി കൊണ്ടും നീ എന്നെ അത്ഭുതപ്പെടുത്തുക. ഞാൻ ആഗ്രഹിക്കുന്നതല്ല നീയാഗ്രഹിക്കുന്നത് നേടുക. നന്ദി.. നിന്റെ വിജയം ഞങ്ങളുടേത് കൂടിയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here