ഇമ്രാൻ ഖാൻ്റെ അറസ്റ്റിനെ തുടർന്നുണ്ടായ സംഘർഷം, കടുത്ത നടപടിയെടുക്കാൻ സൈന്യം

ഇമ്രാൻ ഖാൻ്റെ അറസ്റ്റിനെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ കടുത്ത നടപടിയെടുക്കാൻ സൈന്യം. അൽ ഖാദിർ അഴിമതി കേസിൽ ഹൈക്കോടതി വളപ്പിനുള്ളിൽ കയറി ഇമ്രാനെ അറസ്റ്റ് ചെയ്ത ഭരണകൂട നടപടിക്കെതിരെ ഉയർന്ന പ്രതിഷേധം കത്തി കയറിയത് സൈന്യത്തിന് നേരെയാണ്. പാക്കിസ്ഥാനിലെ പ്രധാനപ്പെട്ട സൈനിക ആസ്ഥാനങ്ങളെല്ലാം വളഞ്ഞ പ്രക്ഷോഭകർ സൈനിക സാധനസാമഗ്രികളും തീവെച്ച് നശിപ്പിച്ചിരുന്നു.

മെയ് ഒമ്പത് മുതൽ നടന്ന സംഘർഷങ്ങൾക്ക് പിന്നിലുള്ളവരെ പിടികൂടി ശിക്ഷിക്കുമെന്നാണ് സൈന്യത്തിന്റെ പ്രഖ്യാപനം. എന്നാൽ, സംഘർഷങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദി ഏജൻസിയുടെ തന്നെ ആളുകൾ ആണെന്നാണ് ഇമ്രാൻഖാന്റെ വിമർശനം. സ്വയം പ്രശ്നങ്ങൾ സൃഷ്ടിച്ച് പിടിഐക്ക് മേൽ പഴികേൾപ്പിക്കുകയാണ് ഭരണകൂടമെന്നാണ് ഇമ്രാന്റെ പ്രതികരണം. തങ്ങളുടെ ഏഴായിരം പ്രവർത്തകരെ അനധികൃതമായി കസ്റ്റഡിയിൽ എടുത്തിരിക്കുകയാണെന്നാരോപിച്ച് പാക് തെഹരീക് ഇ ഇൻസാഫും പ്രതിഷേധത്തിലാണ്.

ഇമ്രാന്റെ അറസ്റ്റിലും പ്രവിശ്യാ തെരഞ്ഞെടുപ്പുകളിലും ഇടപെടുന്ന പാക്കിസ്ഥാൻ സുപ്രീംകോടതിക്കെതിരെ അമർഷം കടുപ്പിക്കുകയാണ് ഷഹബാസ് ഷെരീഫ് സർക്കാരും. സുപ്രീംകോടതിക്കെതിരെ പ്രതിഷേധവുമായി ഇന്നലെ ഭരണമുന്നണിയിലുള്ള 13 പാർട്ടികളും ഇസ്ലാമാബാദിലെ റെഡ് സോണിലെത്തിയിരുന്നു. ജമിയത്ത് ഉലമ, പിഎംഎൽഎൻ തുടങ്ങിയ സംഘടനകളാണ് ഇമ്രാൻ്റെ അറസ്റ്റ് അസാധുവാക്കിയ കോടതി നടപടിക്കെതിരായ 24 മണിക്കൂർ പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

കഴിഞ്ഞവർഷം ഇമ്രാനെതിരെ വലിയ പ്രതിഷേധങ്ങൾ അണിനിരത്തി സ്ഥാനഭ്രഷ്ടനാക്കിയ മുന്നണിയാണ് നിലവിൽ അധികാരത്തിലുള്ള പാക്കിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെൻറ്. ചീഫ് ജസ്റ്റിസിൻ്റെ രാജി ഉടൻ വേണമെന്നാണ് രാത്രിയിലും തുടർന്ന പ്രതിഷേധത്തെ അഭിവാദ്യം ചെയ്ത് മറിയം നവാസ് ആവശ്യപ്പെട്ടത്. സത്യപ്രതിജ്ഞാ ലംഘനമാരോപിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉമർ ബന്ദിയാലിനെതിരെ കേസെടുക്കാനും പാക്കിസ്ഥാൻ നാഷണൽ അസംബ്ലിയിൽ ഭരണമുന്നണി പ്രമേയം പാസാക്കിയിരുന്നു. നേരത്തെ സുപ്രീംകോടതി അധികാരങ്ങളുടെ കടയ്ക്കൽ കത്തിവെക്കുന്ന നിയമഭേദഗതികൾ ഐകകണ്ഠേന പാസാക്കിയെടുത്തിരുന്നു സർക്കാർ. പ്രതിപക്ഷവും ഭരണകൂടവും കോടതിയും സൈന്യവും പങ്കെടുക്കുന്ന ചതുഷ്കോണ യുദ്ധത്തിൻറെ അങ്കലാപ്പിലാണ് അക്ഷരാർത്ഥത്തിൽ പാക്കിസ്ഥാൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News