ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍. തലസ്ഥാന നഗരമായ ഖാര്‍ത്തൂമിലാണ് വെടിവെയ്പും സംഘര്‍ഷവും റിപ്പോര്‍ട്ട് ചെയ്തത്. നഗരത്തിലെ സൈനിക ആസ്ഥാനത്തോട് ചേര്‍ന്നാണ് വെടിയൊച്ചകള്‍ കേള്‍ക്കുന്നതെന്നാണ് ഒരു അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിമാനത്താവളത്തിന്റെയും പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെയും നിയന്ത്രണം പിടിച്ചെടുത്തതായി അര്‍ദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസ് പ്രഖ്യാപിച്ചു. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സംഘര്‍ഷം ഉടലെടുത്ത പശ്ചാത്തലത്തില്‍ സുഡാനിലുള്ള പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. അത്യാവശ്യ കാര്യങ്ങള്‍ക്ക് അല്ലാതെ പുറത്തിറങ്ങരുതെന്നും വീടുകള്‍ക്കുളളില്‍ തന്നെ കഴിയണമെന്നുമാണ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശം.
ഖാര്‍ത്തൂമിന്റെ ദക്ഷിണമേഖലയിലെ ഒരു ക്യാമ്പിന് നേര്‍ക്ക് ആക്രമണം നടന്നതായും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസ് ആ ഗ്രാപിക്കുന്നു. ആര്‍എസ്എഫ് ഭടന്‍മാര്‍ സൈനിക ആസ്ഥാനത്തിന്റെ നിയന്ത്രണം പിടിക്കാന്‍ ശ്രമിച്ചതായി സൈന്യവും പറയുന്നു.
2021 ഒക്ടോബറിലെ അട്ടിമറിയോടെ ഭരണം സൈനിക ജനറല്‍മാര്‍ അടങ്ങിയ കൗണ്‍സിലിന് കീഴിലായിരുന്നു. കൗണ്‍സിലിലെ വൈസ് പ്രസിഡന്റിന്റെ നിയന്ത്രണത്തിലായിരുന്നു അര്‍ദ്ധസൈനിക വിഭാഗം. എന്നാല്‍ വീണ്ടും പൗരഭരണത്തിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം ഉയര്‍ന്നതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം. ഇതേച്ചൊല്ലിയാണ് സൈന്യവും അര്‍ദ്ധസൈനിക വിഭാഗവുമായി ഏറ്റുമുട്ടിയത് എന്നാണ് ലഭിക്കുന്ന വിവരം.
അധികാര മാറ്റത്തിന് പിന്നാലെ അര്‍ദ്ധസൈനിക വിഭാഗത്തെ പ്രധാന സൈന്യവുമായി ലയിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഇത് 10 വര്‍ഷത്തേക്ക് മരവിപ്പിക്കണമെന്നാണ് റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസിന്റെ ആവശ്യം. എന്നാല്‍ രണ്ട് വര്‍ഷത്തിനുളളില്‍ നടപ്പാക്കണമെന്ന് സൈന്യവും ആവശ്യപ്പെട്ടത് തര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here