എറണാകുളം പെരുമ്പാവൂരിൽ കോൺഗ്രസിനകത്ത് പൊട്ടിത്തെറി. പെരുമ്പാവൂർ,കുറുപ്പംപടി ബ്ലോക്ക് കമ്മിറ്റികളുടെ പുന:സംഘടനയിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. 250 പേരെ ഉൾപ്പെടുത്തി ജംബോ കമ്മിറ്റി രൂപീകരിച്ച തീരുമാനത്തിൽ പ്രതിഷേധിച്ച് പാർട്ടി വിടാൻ ഒരുങ്ങുകയാണ് കോൺഗ്രസിലെ ഒരു വിഭാഗം.
പെരുമ്പാവൂർ, കുറുപ്പംപടി ബ്ലോക്ക് കമ്മിറ്റികളിലായി 250 പേരെ ഉൾപ്പെടുത്തി ജംബോ കമ്മിറ്റി രൂപീകരിച്ചതാണ് പ്രാദേശിക നേതാക്കളെ ചൊടിപ്പിച്ചത്.പെരുമ്പാവൂർ നഗരസഭ ചെയർമാനും കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ടുമായ പോൾ പാത്തിക്കൽ,ബ്ലോക്ക് സെക്രട്ടറി ഷാജി കുന്നത്താൻ എന്നിവർ കഴിഞ്ഞ ദിവസം പാർട്ടിസ്ഥാനങ്ങൾ രാജി വെച്ചിരുന്നു.ഇതിനു പിന്നാലെയാണ് പെരുമ്പാവൂരിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഒരു വിഭാഗം സമാന്തരയോഗം വിളിച്ചു ചേർത്തത്.മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷീബ രാമചന്ദ്രൻ, കോൺഗ്രസ് വെങ്ങോല മണ്ഡലം പ്രസിഡണ്ട് അബൂബക്കർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.
യോഗ്യതയുള്ളവരെയെല്ലാം ഒഴിവാക്കി അനർഹരെ ഉൾപ്പെടുത്തിയാണ് ജംബോ കമ്മിറ്റി രൂപീകരിച്ചതെന്ന് യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.ബെന്നി ബഹനാൻ എംപി നേതൃത്വം നൽകുന്ന എ ഗ്രൂപ്പും എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ഐ ഗ്രൂപ്പും ചേർന്നുള്ള സമവായ ഫോർമുലയുടെ ഫലമാണ് ഈ ജംബോ കമ്മിറ്റിയെന്നും ഇത് പിരിച്ചുവിട്ടില്ലെങ്കിൽ കൂടുതൽ പേർ പാർട്ടി വിടുമെന്നും വെങ്ങോല മണ്ഡലം പ്രസിഡണ്ട് അബൂബക്കർ മുന്നറിയിപ്പ് നൽകി.
also read: സിപിഐഎം വയനാട് ജില്ലാ സമ്മേളനം ഡിസംബർ 21 മുതൽ 23വരെ
നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പാർട്ടി വിടാൻ ഒരുങ്ങുന്നവരെ ചേർത്തുനിർത്തുന്നതിന് വേണ്ടിയാണ് സമാന്തര യോഗം വിളിച്ചതെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷീബ രാമചന്ദ്രൻ പറഞ്ഞു.വെങ്ങോല, അറയ്ക്കപ്പടി മണ്ഡലം കമ്മിറ്റികളിലെ നൂറോളം പ്രവർത്തകരാണ് സമാന്തര യോഗത്തിൽ പങ്കെടുത്തത്. ജംമ്പോ കമ്മറ്റി പിരിച്ച് വിടണമെന്നാവശ്യപ്പെട്ട്ഡിസിസി പ്രസിഡണ്ടിനും കെപിസിസി നേതൃത്വത്തിനും ഉടൻ കത്ത് നൽകാനാണ് ഇവരുടെ തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here