കോൺഗ്രസ്സിന്റെ മതനിരപേക്ഷ മുഖം മൂടി അ‍ഴിഞ്ഞു വീ‍ഴുന്നു; പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് ജമാഅത്തെ ഇസ്ലാമി പിന്തുണയോടെയെന്ന് മുഖ്യമന്ത്രി

കോൺഗ്രസ്സിന്റെ മതനിരപേക്ഷ മുഖംമൂടി പൂർണ്ണമായും അഴിഞ്ഞു വീഴുന്ന കാഴ്ചയാണ് വയനാട് ഉപതെരഞ്ഞെടുപ്പിലേതെന്നും ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്ഥാനാർത്ഥിയായിട്ടാണ് വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതെന്നും തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജമാഅത്തെ ഇസ്ലാമി – യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിനെ വിമർശിച്ചു കൊണ്ട് അദ്ദേഹം തുറന്നെ‍ഴുതിയത്.

ജമാ അത്തെ ഇസ്ലാമി രാജ്യത്തേയും രാജ്യത്തിന്റെ ജനാധിപത്യത്തേയും ഭരണക്രമത്തെയും കണക്കിലെടുക്കാതെ പ്രവർത്തിക്കുന്ന സംഘടനയാണെന്നും മുഖ്യമന്ത്രി കുറിച്ചു. ജമ്മു കശ്മീരിലെ ജമാ അത്തെ ഇസ്ലാമിക്കാരും ബിജെപിയും അടക്കമുള്ള വർഗീയ ശക്തികൾ ഇടതുപക്ഷ നേതാവ് യൂസഫ് തരിഗാമിയെ തോൽപിക്കാൻ ശ്രമിച്ചെങ്കിലും ജനങ്ങൾ അദ്ദേഹത്തെ തെരഞ്ഞെടുത്തെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഒരു തരത്തിലുള്ള ജനാധിപത്യ ഭരണക്രമത്തേയും അംഗീകരിക്കാത്തതാണ് ജമാഅത്തെ ഇസ്ലാമിയുടെ ആശയമെന്നും അവരാണ് ഇപ്പോൾ യുഡിഎഫിനെ സഹായിക്കുന്നതെന്നും കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. ജമാ അത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ട എന്ന് പറയാൻ കോൺഗ്രസിനു സാധിക്കുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

ALSO READ; ‘കള്ളപ്പണത്തിന് എസ്കോർട്ട് പോകുകയായിരുന്നു യുഡിഎഫ് സ്ഥാനാർഥി’; ഇഎൻ സുരേഷ് ബാബു

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:

കോൺഗ്രസ്സിന്റെ മത നിരപേക്ഷ മുഖം മൂടി പൂർണ്ണമായും അഴിഞ്ഞു വീഴുന്ന കാഴ്ചയാണ് വയനാട് ഉപതെരഞ്ഞെടുപ്പിലേത്. ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്ഥാനാർത്ഥിയായിട്ടാണ് വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത്. എന്താണ് കോൺഗ്രസ്സിന്റെ നിലപാട്? നമ്മുടെ രാജ്യം ജമാ അത്തെ ഇസ്ലാമിയെ പരിചയമില്ലാത്ത രാജ്യമല്ലല്ലോ. ആ സംഘടനയുടെ നിലപാട് ജനാധിപത്യത്തിനു നിരക്കുന്നതാണോ?
ജമാ അത്തെ ഇസ്ലാമി രാജ്യത്തേയും രാജ്യത്തിന്റെ ജനാധിപത്യത്തേയും പ്രധാനമായി കാണുന്നില്ല. രാജ്യത്തിന്റെ ഭരണക്രമത്തെ കണക്കിലെടുക്കുന്നില്ല. വെൽഫയർ പാർടി രൂപീകരിച്ച് രാഷ്ട്രീയ പാർട്ടിയായി പ്രവർത്തിക്കുന്നത് ഒരു മറയാണ്. ആ മറയാണ് ജമ്മു കശ്മീരിൽ കണ്ടത്.

ജമ്മു കശ്മീരിൽ ഇതുവരെ തെരഞ്ഞെടുപ്പിനെ ശക്തമായി എതിർത്തു പോവുകയായിരുന്നു ജമാ അത്തെ ഇസ്ലാമി. കടുത്ത വർഗീയ നിലപാടുകൾ സ്വീകരിച്ചു പോവുകയായിരുന്നു. ഇപ്പോൾ അവർ ബിജെപിയ്ക്ക് വേണ്ടിയാണ് നിലകൊണ്ടത്.അവിടെ മൂന്നു നാലു സീറ്റിൽ ഇത്തവണ മത്സരിക്കാൻ അവർ തീരുമാനിച്ചു. അവസാനം സിപിഐ എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി മത്സരിക്കുന്ന സീറ്റിൽ കേന്ദ്രീകരിച്ചു. ജമ്മു കശ്മീരിലെ ജമാ അത്തെ ഇസ്ലാമിക്കാർ മുഴുവനും അവിടെ കേന്ദ്രീകരിച്ചു. ഉദ്ദേശം തരിഗാമിയെ പരാജയപ്പെടുത്തണം എന്നതായിരുന്നു. ബിജെപിയും ആഗ്രഹിച്ചത് അതാണ്. അവിടെയുള്ള തീവ്രവാദികളും ബിജെപിയും ഒരേ കാര്യം ആഗ്രഹിച്ചു. പക്ഷേ, തരിഗാമിയെത്തന്നെ ജനങ്ങൾ തെരഞ്ഞെടുത്തു. അവിടത്തെ ജമാ അത്തെ ഇസ്ലാമിയും തങ്ങളും രണ്ടാണേ എന്ന് ഇവിടത്തെ ജമാ അത്തെ ഇസ്ലാമിക്കാർ പറയുന്നുണ്ട്.

ജമാ അത്തെ ഇസ്ലാമിക്ക് ഒരു നയമേയുള്ളൂ. ഒരു തരത്തിലുള്ള ജനാധിപത്യ ഭരണക്രമത്തേയും അവർ അംഗീകരിക്കുന്നില്ല. അതാണ് അവരുടെ ആശയം. അവർക്കിപ്പോൾ യുഡി എഫിനെ സഹായിക്കണമെന്ന് തോന്നുന്നു.
മതനിരപേക്ഷതയുടെ ഭാഗത്ത് നിൽക്കുന്നവർക്ക് എല്ലാത്തരം വർഗീയതകളെയും അടിയുറച്ച് എതിർക്കാൻ കഴിയണ്ടേ? കോൺഗ്രസിനു അതിനു കഴിയുന്നുണ്ടോ? മുസ്ലിം ലീഗ് അടക്കമുള്ളവർ ചില “ത്യാഗങ്ങൾ” സഹിച്ചാണ് കോൺഗ്രസ്സ് -ജമാ അത്തെ ഇസ്‌ലാമി കൂട്ടുകെട്ടിനോടൊപ്പം നിൽക്കുന്നത്. ജമാ അത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ട എന്ന് പറയാൻ കോൺഗ്രസിനു സാധിക്കുമോ? കോൺഗ്രസിന്റെ ഉത്തരവാദപ്പെട്ടവർക്ക് ആ ആർജ്ജവം എന്തെന്ന് മനസ്സിലാക്കണമെങ്കിൽ ഒരു ഘട്ടത്തിൽ സഖാവ് ഇ എം എസ് പരസ്യമായി പ്രഖ്യാപിച്ച കാര്യം ഓർക്കണം. തലശ്ശേരിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇ എം എസ് പരസ്യമായി പറഞ്ഞു ‘ഞങ്ങൾക്ക് ആർ എസ് എസിന്റെ വോട്ട് വേണ്ട!. കോൺഗ്രസ്സിന് അത്തരം ഒരു നിലപാട് എടുക്കാൻ കഴിയുമോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News