തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ഉത്സാഹമാണ് കാണുന്നതെന്നും അതിന് ഇടയാക്കിയത് പാലക്കാട് കുറച്ചു കാലമായി നിലനില്‍ക്കുന്ന സ്ഥിതി വിശേഷം മാറ്റി തീര്‍ക്കുമെന്ന ഉറച്ച വിശ്വാസമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ഡോ. സരിന് വേണ്ടി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ. സരിൻ എൽഡിഎഫിന്‍റെ ഭാഗമാവാൻ തീരുമാനിച്ചപ്പോള്‍ ഉണര്‍വും ഉത്സാഹവും വര്‍ധിച്ചു എന്നതാണ് സത്യം. ഇത് എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കിയെന്നത് വ്യക്തമാണ്. ഈ അങ്കലാപ്പ് സ്വാഭാവികമാണ്. കോൺഗ്രസും ബിജെപിയും അങ്കലാപ്പിന്‍റെ ഭാഗമായി എല്ലാ തെറ്റായ വഴിയും സ്വീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ട് കൂട്ടര്‍ ഒരേ സ്വഭാവ സവിശേഷത കാണാം. നേരത്തെ ഉള്ളതാണ്, ഇപ്പോഴും കാണാം. കേരളത്തിന് ആകെയുണ്ടായ മാറ്റത്തിനൊപ്പം നില്ക്കാൻ പാലക്കാടിനും കഴിയണ്ടേ എന്ന ചിന്ത പാലക്കാട്ടെ ഭൂരിഭാഗം ആളുകളുടെയും മനസ്സിൽ ഇന്നുണ്ട്. ആ ദൗത്യമാണ് ഡോ. സരിൻ ഇന്നിവിടെ ഏറ്റെടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
2016 ന് മുമ്പുള്ള കേരളത്തിന്‍റെ അവസ്ഥ നമുക്ക് ഓര്‍മ്മയുണ്ട്. അന്ന് കേരളത്തില്‍ താമസിക്കുന്നവര്‍ നിരാശയിലായിരുന്നു. അതിനെ അവരെ കുറ്റം പറയാൻ പറ്റില്ല. ജീവിക്കുന്നവരുടെ അനുഭവമായിരുന്നു അത്.
ചിലര്‍ വിധിയെ പഴിച്ചു. അന്നത്തെ എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന വാഗ്ദാനം ജനം സ്വീകരിച്ചു. ജനങ്ങളുടെ വിശ്വാസം നിറവേറുന്നതാണ് പിന്നീട് കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here