‘കുടുംബശ്രീ മുതൽക്ക് കൊച്ചി മെട്രോയുടെ ആദ്യകാല നടപടികകളുടെ ആരംഭം വരെ’, കേരളം നെഞ്ചോട് ചേർത്ത സഖാവിന്റെ ഓർമ്മകൾ പങ്കുവെച്ച് മുഖ്യമന്ത്രി

സഖാവ് ഇ കെ നായനാരുടെ സ്മരണ ദിനത്തിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന സഖാവ് നായനാർ കേരളമൊന്നാകെ സമ്മതനായിരുന്ന നേതാവായിരുന്നുവെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മുഖ്യമന്ത്രി കുറിച്ചു.

ALSO READ: ഷോക്കേറ്റ ആറ് വയസുകാരന് റോഡിന് നടുവിൽ വെച്ച് സി പി ആർ നൽകി ഡോക്ടർ, ഒടുവിൽ പുതുജീവൻ; കയ്യടിച്ച് സോഷ്യൽ മീഡിയ: വീഡിയോ

ഇരുപതാമത്തെ വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായ സഖാവിന്റെ ത്യാഗോജ്ജ്വലമായ രാഷ്ട്രീയ ജീവിതം ഈ നാടിന്റെ സമസ്തമേഖലകളേയും സ്പർശിച്ചിട്ടുണ്ടെന്ന് കുറിച്ച മുഖ്യമന്ത്രി, സ്വാതന്ത്ര്യ സമര സേനാനി, തൊഴിലാളി-കർഷക സമര നായകൻ, സംഘാടകൻ, ഭരണാധികാരി, പ്രഭാഷകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലെല്ലാം കേരളത്തിന്റെ ചരിത്രത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തിത്വമാണ് സഖാവ് നായനാരെന്നും കൂട്ടിച്ചേർത്തു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം

കേരളം നെഞ്ചോട് ചേർത്ത സഖാവ് ഇ കെ നായനാരുടെ സ്മരണ ദിനമാണിന്ന്. ജനാധിപത്യവും മതേതരത്വവും പുലരുന്ന ആധുനിക കേരളത്തിന്റെ ശില്പികളിൽ പ്രമുഖ സ്ഥാനം സഖാവിനുണ്ട്. ജാതീയവും വർഗപരവുമായ ഉച്ചനീചത്വങ്ങൾക്കെതിരെ കേരളം ഉയർത്തിയ ബദലുകൾക്ക് പിന്നിൽ അദ്ദേഹത്തിന്റെ ചിന്തകൾക്കും അദ്ദേഹത്തിന്റെ പ്രയത്നങ്ങൾക്കും വലിയ പങ്കുണ്ട്. സഖാവ് നായനാരുടെ രാഷ്ട്രീയ ജീവിതം സമര കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. 1939-ൽ തന്റെ ഇരുപതാമത്തെ വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായ സഖാവിന്റെ ത്യാഗോജ്ജ്വലമായ രാഷ്ട്രീയ ജീവിതം ഈ നാടിന്റെ സമസ്തമേഖലകളേയും സ്പർശിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനി, തൊഴിലാളി-കർഷക സമര നായകൻ, സംഘാടകൻ, ഭരണാധികാരി, പ്രഭാഷകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലെല്ലാം കേരളത്തിന്റെ ചരിത്രത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തിത്വമാണ് സഖാവ് നായനാർ.

ഇന്നും നാം കാണുന്ന കേരളം വാർത്തെടുക്കുന്നതിൽ സഖാവ് നായനാരുടെ പങ്ക് അനുപമാണ്. ലോകം അംഗീകരിച്ച കേരള മാതൃക സൃഷ്ടിക്കുന്നതിൽ ചാലകശക്തിയായ പല നയങ്ങളും രൂപം കൊണ്ടത് സഖാവ് മുഖ്യമന്ത്രിയായിരുന്ന സന്ദർഭങ്ങളിലാണ്. ജനകീയാസൂത്രണം, കുടുംബശ്രീ, സാമൂഹ്യസുരക്ഷ പെൻഷനുകൾ തുടങ്ങി നിരവധി ജനകീയ ഇടപെടലുകൾക്ക് തുടക്കം കുറിച്ചത് സഖാവിന്റെ നേതൃത്വത്തിലായിരുന്നു. രാജ്യത്തെ ആദ്യ ഐടി പാർക്കായ തിരുവനന്തപുരത്തെ ടെക്നോപാർക്കും ആരംഭിച്ചത് സഖാവ് മുഖ്യമന്ത്രിയായിരിക്കുമ്പോളാണ്. ഈ സമയത്തു തന്നെയാണ് കൊച്ചി മെട്രോയുടെ ആദ്യകാല നടപടികൾ ആരംഭിക്കുന്നതും.

ALSO READ: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ പിഴവ്; അന്വേഷണം മെഡിക്കല്‍ കോളജ് എ.സി.പി ഏറ്റെടുത്തു

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന സഖാവ് നായനാർ കേരളമൊന്നാകെ സമ്മതനായിരുന്ന നേതാവായിരുന്നു. പാർടിയേൽപ്പിച്ച വിവിധ ഉത്തരവാദിത്തങ്ങൾ ആശയ ദൃഢതയോടെ നടപ്പിലാക്കിയ സഖാവ് തൊഴിലാളി വർഗത്തിന്റെ വിമോചനത്തിനായും കർഷകരുടെ ഉന്നമനത്തിനായും തന്റെ ജീവിതം ഉഴിഞ്ഞുവച്ചു. സഖാവിന്റെ സാമൂഹ്യപ്രതിബദ്ധതയും പോരാട്ട വീര്യവും നാടിന്റെ നന്മയ്ക്കായി നിലയുറപ്പിക്കുന്ന ഏവർക്കും മാതൃകയും പ്രചോദനവുമാണ്. വർഗീയതയും ഉദാരവൽക്കരണ നയങ്ങളും പ്രതിസന്ധികൾ സൃഷ്ടിക്കുന്ന ഇക്കാലത്ത് സഖാവിന്റെ ഓർമ്മകൾ പകരുന്ന ഊർജ്ജം നമ്മുടെ കരുത്തായി മാറട്ടെ. നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കും വേണ്ടി നിസ്വാർഥമായി പ്രവർത്തിക്കാൻ സഖാവിന്റെ ജീവിതം നമുക്ക് പ്രചോദനമാകണം. ഈ നായനാർ ദിനം അത്തരത്തിൽ അർഥപൂർണമാകട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News