കുടുംബശ്രീയുടെ ചരിത്രം അടയാളപ്പെടുത്തുന്ന രേഖ, ‘രചന’ എന്നീ പദ്ധതികളുടെ ഉദ്‌ഘാടനം നിർവഹിച്ച ശേഷമുള്ള രാഷ്ട്രപതിയുടെ വാക്കുകൾ ഏവർക്കും പ്രചോദനമാവട്ടെയെന്ന് ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളത്തിന്റെ ഇത്തരം പദ്ധതികൾ മാതൃകയാക്കി രാജ്യമെങ്ങും അനുകരിക്കാവുന്നതാണെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു പറഞ്ഞുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിലെ പട്ടികവർഗ വിഭാഗത്തിൽ പെട്ടവർക്ക് തൊഴിൽ ഉറപ്പാക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ ‘ഉന്നതി’ പദ്ധതിയും രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്തു. രാഷ്ട്രപതിയുടെ ആദ്യ കേരള സന്ദർശനമാണിത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്
കേരളത്തിന്റെ സംഘടിത സ്ത്രീമുന്നേറ്റ മാതൃക കുടുംബശ്രീയുടെ ചരിത്രം അടയാളപ്പെടുത്തുന്ന രേഖ, ‘രചന’, ബഹു. രാഷ്‌ട്രപതി ദ്രൗപദി മുർമു ഉദ്‍ഘാടനം ചെയ്തു. ഇതോടൊപ്പം കേരളത്തിലെ പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് തൊഴിൽ ഉറപ്പാക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ ‘ഉന്നതി’ പദ്ധതിയും ബഹു.രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ തുടങ്ങിയതു മുതൽ ഇതുവരെയുള്ള ചരിത്രം വിശദീകരിക്കുന്ന ‘രചന’ സംസ്ഥാനത്തൊട്ടാകെയുള്ള കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി (സിഡിഎസ്) പ്രവർത്തകരെല്ലാവരും ചേർന്നാണ് തയ്യാറാക്കുന്നത്. ഓരോ സിഡിഎസുകളുടെയും ചരിത്രം പ്രാദേശികമായി രൂപീകരിച്ച ഗവേഷണ സമിതികൾ തയ്യാറാക്കുന്ന ബൃഹത്തായ പരിപാടിയാണ് ‘രചന’.
കേരളം ലോകത്തിന് സമ്മാനിച്ച കുടുംബശ്രീയെന്ന ഉജ്വല മാതൃകയുടെ സമഗ്രമായ ചരിത്രമൊരുക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റിത്തീർക്കാൻ പ്രതിജ്ഞാബദ്ധമാണ് എൽഡിഎഫ് സർക്കാർ. അറിവും നൈപുണിയും കൈമുതലായൊരു സമൂഹത്തെ വാർത്തെടുക്കാൻ നാം സമഗ്രമായ സാമൂഹിക പുരോഗതി കൈവരിക്കേണ്ടതുണ്ട്. ഈ വളർച്ച ലക്ഷ്യം വെച്ചുള്ള ചുവടുവെപ്പുകളിലൊന്നാണ് ‘ഉന്നതി’. നമ്മുടെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നിറങ്ങുന്ന പട്ടികവർഗ്ഗ വിഭാഗത്തിലെ യുവതയ്ക്ക് തൊഴിൽ ഉറപ്പാക്കാനായി നടപ്പിലാക്കുന്ന പദ്ധതിയാണിത്.
സമഗ്രവും ജനകീയവുമായൊരു വികസന മാതൃക വികസിപ്പിച്ചെടുക്കാൻ എൽഡിഎഫ് സർക്കാർ നടപ്പിലാക്കി വരുന്ന ഇത്തരം പദ്ധതികളെ ബഹു.രാഷ്‌ട്രപതി ഉദ്‌ഘാടനവേളയിൽ പ്രശസിക്കുകയുണ്ടായി. ഈ മാതൃക രാജ്യമെങ്ങും അനുകരിക്കാവുന്നതാണെന്ന് ശ്രീമതി. മുർമു ആവർത്തിച്ചുപറഞ്ഞു. വിജ്ഞാന സമൂഹമെന്ന വലിയ ലക്ഷ്യത്തിലേക്കെത്താൻ ഈ നല്ല വാക്കുകൾ നമുക്ക് പ്രചോദനമാവട്ടെ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here