ബഹിഷ്‌കരണം തൊഴിലാക്കിയവര്‍ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷവും ബഹിഷ്‌കരിച്ചു; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ല കാര്യങ്ങളില്‍ സന്തോഷിക്കാത്ത മനസ്ഥിതിയുള്ളവര്‍ നമുക്കിടയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനം പ്രധാനമാണ്. വീഴ്ച്ചയുണ്ടെങ്കില്‍ പ്രതിപക്ഷത്തിന് വിമര്‍ശിക്കാം. എന്നാല്‍ സംസ്ഥാനത്തിന്റെ മാറ്റം കണ്ട പ്രതിപക്ഷം അസ്വസ്ഥരാണ്. ആ മാറ്റത്തോടാണ് അസഹിഷ്ണുത. മാറ്റം പാടില്ലെന്നാണ് പ്രതിപക്ഷം ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള പ്രതിപക്ഷ നിലപാടിനെതിരെ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

യുഡിഎഫ് മണ്ഡലങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് വികസനം നടന്നത്. സര്‍ക്കാര്‍ എന്നിട്ടും പക്ഷപാതം കാണിച്ചിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. സംസ്ഥാനത്തൊട്ടാകെ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. പ്രതിപക്ഷ എംഎല്‍എമാര്‍ പോലും കിഫ്ബി ഫണ്ട് സ്വീകരിച്ചു. യുഡിഎഫ് എംഎല്‍എമാര്‍ ആരും കിഫ്ബി പണം വേണ്ടെന്ന് വെച്ചില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അഴിമതിയും കെടുകാര്യസ്ഥതയും ആവര്‍ത്തിക്കാത്തതിലാണ് പ്രതിപക്ഷത്തിന് ആശങ്ക. പ്രതിസന്ധി നേരിട്ട ജനങ്ങളെ കരകയറ്റാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ജനങ്ങളുടെ ആ സാക്ഷ്യപ്പെടുത്തലാണ് എല്‍ഡിഫിന്റെ തുടര്‍ഭരണം. വലതുപക്ഷ മാധ്യങ്ങളുമായി ചേര്‍ന്ന് യുഡിഎഫ് നടത്തിയ പ്രചാരണത്തില്‍ എല്‍ഡിഎഫ് വീണില്ല. ജനങ്ങളുടെ അനുഭവം എല്‍ഡിഎഫിന് കരുത്തായി മാറി എന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിലും പ്രതിപക്ഷം പങ്കെടുത്തില്ല. ഇത് പ്രതിപക്ഷത്തിന്റെ നിലവാര തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. ബഹിഷ്‌കരണം തൊഴിലാക്കിയവര്‍ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷവും ബഹിഷ്‌കരിച്ചു. അത് ജനാധിപത്യ മര്യാദയ്ക്ക് ചേര്‍ന്നതാണോയെന്ന് പ്രതിപക്ഷം ചിന്തിക്കണം എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News