സര്‍ക്കാര്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ അതിതീവ്ര സാമ്പത്തിക കടന്നാക്രമണങ്ങളാണ് നേരിടേണ്ടിവരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ സംസ്ഥാനങ്ങള്‍ക്ക് നികുതി പിരിക്കുന്നതില്‍ വലിയ അധികാര നഷ്ടമാണുണ്ടായത്. നികുതി അവകാശം പെട്രോള്‍, ഡീസല്‍, മദ്യം എന്നിവയില്‍ മാത്രമായി ചുരുങ്ങി. ജിഎസ്ടി നിരക്കില്‍ തട്ടുകള്‍ നിശ്ചയിച്ചതും, റവന്യു നൂട്രല്‍ നിരക്ക് ഗണ്യമായി കുറച്ചതും കേരളത്തിന്റെ വരുമാനത്തിന് തിരിച്ചടിയായായെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഈ വര്‍ഷം കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന തുകകളിലും വായ്പാനുപാതത്തിലും 57,400 കോടി രൂപയുടെ കുറവാണുണ്ടാകുന്നത്. അര്‍ഹതപ്പെട്ട വായ്പാനുമതിയില്‍ 19,000 കോടി രൂപ നിഷേധിച്ചു. റവന്യു കമ്മി ഗ്രാന്റില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 8400 കോടി കുറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരമായി ലഭിച്ചിരുന്ന 12,000 കോടിയോളം ഇല്ലാതായി.
Also Read : ഗവര്‍ണറുടേത് വ്യക്തിപരമായ അജണ്ട, നിലപാട് നിര്‍ഭാഗ്യകരം: മുഖ്യമന്ത്രി
ഈ പ്രശ്‌നങ്ങള്‍ക്കിടയിലും ക്ഷേമ പദ്ധതികളില്‍ നിന്ന് അണുവിട പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ല. സൗജന്യങ്ങള്‍ പാടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ സംസ്ഥാനം അംഗീകരിക്കുന്നില്ല. വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കുറവും വരുത്താതെ സംസ്ഥാനത്തെ വികസന ലക്ഷ്യങ്ങളിലേക്ക് നയിക്കാനാണ് ശ്രമം.
തനത് വരുമാനം ഉയര്‍ത്തിയും അതീവ ശ്രദ്ധയാര്‍ന്ന ധന മാനേജുമെന്റുവഴിയും ഈ പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമങ്ങളിലാണ് സംസ്ഥാനം. നികുതി പിരിവ് ഊര്‍ജിതപ്പെടുത്തിയും അധികച്ചെലവുകള്‍ നിയന്ത്രിച്ചും സാമ്പത്തിക ദൃഡീകരണത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഊന്നിനിന്നാണ് സംസ്ഥാനത്തിന്റെ ധന മാനേജ്‌മെന്റ്.
കഴിഞ്ഞവര്‍ഷം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ജിഎസ്ടി വരുമാനം 23,000 കോടി വര്‍ധിപ്പിക്കാനായി. 2021-22ല്‍ തനത് നികുതി വരുമാന വര്‍ദ്ധന 22.41 ശതമാനമായിരുന്നു. കഴിഞ്ഞവര്‍ഷം ഇത് 23.36 ശതമാനമായി വീണ്ടും ഉയര്‍ത്തി. റവന്യുകമ്മി 0.9 ശതമാനത്തിലെത്തിച്ചു. റവന്യു കമ്മി ഒരു ശതമാനത്തില്‍ താഴേയെത്തിയത് ചരിത്രത്തില്‍ ആദ്യമാണ്. ഇതെല്ലാം ധന കമീഷന്‍ നിശ്ചയിച്ച സമയക്രമം അനുസരിച്ചുള്ള കേരളത്തിന്റെ ധനദൃഡീകരണ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് സൂചിപ്പിക്കുന്നത്.
Also Read : കേരളീയം കേരളത്തിന്റെ മഹോത്സവമായി മാറി, സംഘാടകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി
കഴിഞ്ഞവര്‍ഷങ്ങളില്‍ കേരളം തനത് വരുമാന സ്രോതസുകള്‍ വഴിയാണ് ചെലവുകളുടെ മുഖ്യപങ്കും നിര്‍വഹിച്ചത്. ഈവര്‍ഷവും ചെലവിന്റെ 71 ശതമാനവും സംസ്ഥാനം വഹിക്കേണ്ട സ്ഥിതിയാണ്.
എന്നിരുന്നാലും സംസ്ഥാനത്തിന്റെ ഭാവിയിലേക്കുള്ള ആലോചനകളും ആസൂത്രണവും മാറ്റി വെക്കാന്‍ കഴിയില്ല. സാംസ്‌കാരിക മേഖലയില്‍ ചെലവിടുന്ന പണത്തെ ധൂര്‍ത്തെന്നും അനാവശ്യമെന്നും ചിത്രീകരിക്കാനുള്ള ശ്രമം ജനാധിപത്യവും സാംസ്‌കാരിക ഔന്നത്യവും പുലരുന്ന നാടിന് അംഗീകരിക്കാനാവില്ല. പുസ്തകങ്ങളും ഗ്രന്ഥാലയങ്ങളും ചുട്ടുകരിക്കുന്ന രീതിയും പാരമ്പര്യവും ഫാസിസത്തിന്റേതാണ്. അതിന്റെ നേര്‍വിപരീത ദിശയില്‍ സഞ്ചരിക്കുന്നവരാണ് നാം. സാംസ്‌കാരിക രംഗത്തെ ഇടപെടലും നിക്ഷേപവും വരും തലമുറയോട് ചെയ്യുന്ന നീതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here