ഇന്ത്യയുടെ ചരിത്രം മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രമടക്കം ബിജെപി മാറ്റുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍എസ്എസ് ഒരുകാലത്തും മതനിരപേക്ഷത അംഗീകരിക്കില്ല. രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനുള്ള ബോധപൂര്‍വ ശ്രമങ്ങളാണ് നടക്കുന്നത്. രാജ്യത്തെ മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള നിരവധി ഗൗരവകരമായ നീക്കങ്ങള്‍ നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐഎം മംഗലപുരം ഏരിയ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മതനിരപേക്ഷത സംരക്ഷിക്കാന്‍ ബാധ്യതസ്ഥരായ അധികാരികള്‍ തന്നെയാണ് വിപരീത നിലപാട് സ്വീകരിക്കുന്നതെന്ന് ഓര്‍ക്കണം. അതിനിടയാക്കിയത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ബിജെപി കേവലമായൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്ത നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. ബിജെപിയുടെ കാര്യങ്ങള്‍ നയപരമായി തീരുമാനിക്കാനുള്ള അവകാശം അവര്‍ക്ക് തന്നെയാണെന്ന് പറയാന്‍ കഴിയുമോ എന്ന് മുഖ്യമന്ത്രി ചോദിക്കുന്നു. ആര്‍എസ്എസ് നേതൃത്വം അംഗീകരിച്ചിട്ടുള്ള പാര്‍ട്ടിയാണ് ബിജെപി. ആര്‍എസ്എസ് ഒരു കാലത്തും മതനിരപേക്ഷത അംഗീകരിച്ചിട്ടില്ല. അവര്‍ക്ക് വേണ്ടത് മതാഷ്ഠിത രാഷ്ട്രമാണ്. അതിന്റെ ഭാഗമായി ചിലരെ അവര്‍ ആഭ്യന്തര ശത്രുക്കളായി നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ ഒന്ന് കമ്മ്യൂണിസ്റ്റുകാര്‍ ആണ്. മറ്റ് രണ്ട് പേര്‍ മുസ്ലീമുകളും ക്രിസ്ത്യാനികളുമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും അത്യന്തം രക്തരൂക്ഷിതമായ വര്‍ഗീയ കലാപങ്ങള്‍ നടന്നു. നിരവധി ജീവനുകള്‍ ബലികൊടുക്കേണ്ടിവന്നു. മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ മനഃപൂര്‍വം അഴിച്ചുവിട്ട ആക്രമണങ്ങളെ വേദനയോടെയാണ് നാം കണ്ടത്. എന്നാല്‍ അതില്‍ വേദനിക്കുന്ന മനസല്ല ആര്‍എസ്എസിന്റേത്. കര്‍ണാടകയില്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സംഘപരിവാറാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here