‘ജാതിവ്യവസ്ഥയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി; വര്‍ഗസമരത്തിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്നു തന്നു’: അയ്യങ്കാളിയുടെ ജന്മദിനത്തില്‍ മുഖ്യമന്ത്രി

ജാതിവ്യവസ്ഥയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ വിപ്ലവകാരിയാണ് അയ്യങ്കാളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ നവോത്ഥാന നായകരില്‍ അയ്യങ്കാളിയുടെ സ്ഥാനം അനുപമമാണ്. വര്‍ഗസമരത്തിന്റെ ആദ്യപാഠങ്ങള്‍ നമുക്കു പകര്‍ന്നത് അയ്യങ്കാളിയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

also read- തിരുവനന്തപുരത്ത് അച്ഛനെ കൊല്ലാന്‍ 15കാരന്റെ ശ്രമം; കണ്ണില്‍ മുളകുപൊടി വിതറി; വായില്‍ തുണി തിരുകി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ന് മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനം. കേരളത്തിന്റെ നവോത്ഥാന നായകരില്‍ അയ്യങ്കാളിയുടെ സ്ഥാനം അനുപമമാണ്. ജാതിവ്യവസ്ഥയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ അയ്യങ്കാളി തൊഴിലാളികളുടേയും സ്ത്രീകളുടേയും അവകാശങ്ങളേയും അതോടൊപ്പം ചേര്‍ത്തുവെച്ച് വര്‍ഗസമരത്തിന്റെ ആദ്യപാഠങ്ങള്‍ നമുക്കു പകര്‍ന്നു തന്നു.

ദളിത് ജനവിഭാഗങ്ങള്‍ നേരിട്ട അനീതികള്‍ക്കെതിരെ അദ്ദേഹം നേതൃത്വം നല്‍കിയ വില്ലുവണ്ടി സമരവും കല്ലുമാല സമരവുമെല്ലാം പിന്നീട് ഇതിഹാസങ്ങളായി മാറി. സ്വതന്ത്രമായി സഞ്ചരിക്കാന്‍ പോലും മനുഷ്യര്‍ക്ക് അവകാശമില്ലാതിരുന്ന, ന്യായമായ കൂലി സ്വപ്നത്തില്‍ പോലുമില്ലാതിരുന്ന ആ ഇരുണ്ട കാലത്തെ തിരുത്തിയെഴുതാന്‍ പ്രയത്‌നിച്ച വിപ്ലവകാരിയായിരുന്നു മഹാത്മാ അയ്യങ്കാളി. സാര്‍വത്രികമായ വിദ്യാഭ്യാസത്തിനും കര്‍ഷകത്തൊഴിലാളികളുടെ ക്ഷേമത്തിനുമായി അദ്ദേഹം നിലകൊണ്ടു.

ജാതീയമായ വേര്‍തിരിവുകളെ സാമൂഹ്യജീവിതത്തില്‍ നിന്നും പാടേ തുടച്ചുകളയാന്‍ ഇനിയും സാധിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യം അയ്യങ്കാളിയുടെ സ്മരണകളെ ഇന്നും ജ്വലിപ്പിക്കുന്നു. വര്‍ധിച്ചു വരുന്ന സാമ്പത്തിക അസമത്വവും ആധിപത്യം നേടാന്‍ ശ്രമിക്കുന്ന വര്‍ഗീയതയും തുല്യനീതി സാക്ഷാല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുകയാണ്. ഈ ഘട്ടത്തില്‍ മഹാത്മാ അയ്യങ്കാളിയുടെ ജീവചരിത്രം കൂടുതല്‍ ആഴത്തില്‍ ഉള്‍ക്കൊള്ളുക എന്നത് നമ്മുടെ ഉത്തരവാദിത്തമായി മാറുകയാണ്. ആ ആശയങ്ങളുള്‍ക്കൊണ്ട് നമുക്ക് ഒരുമിച്ചു മുന്നേറാം. സമത്വസുന്ദരമായ നവകേരളത്തിനായി സംഘടിക്കാം.

also read- സീനിയര്‍ സിപിഒ മുതല്‍ എസ്‌ഐമാര്‍ വരെ; ‘മങ്കമാരായി’ പൊലീസുകാരുടെ തിരുവാതിരകളി; വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News