‘ഇതാണ് യഥാര്‍ത്ഥ കേരള സ്റ്റോറി’; ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീടുകള്‍ കൈമാറിയതിന്റെ സന്തോഷം പങ്കുവെച്ച് പിണറായി വിജയന്‍

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളുടെ താക്കോല്‍ കൈമാറിയ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടുകളുടെ ചിത്രങ്ങള്‍ സഹിതം ട്വിറ്ററിലാണ് പിണറായി വിജയന്‍ സന്തോഷമറിയിച്ചത്. ഭവനരഹിതമായ അവസ്ഥയെ ഇല്ലാതാക്കാനുള്ള വലിയ ചുവടുവയ്പാണ് ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ഇടത് മുന്നണി സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതാണ് യഥാര്‍ത്ഥ കേരള സ്റ്റോറിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 20,073 വീടുകളാണ് സര്‍ക്കാര്‍ ഇന്ന് നാടിന് സമര്‍പ്പിച്ചത്. രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് വീടുകള്‍ പൂര്‍ത്തിയാക്കിയത്. ലൈഫ് 2020 പട്ടികയില്‍ ഉള്‍പ്പെട്ട 41,439 ഗുണഭോക്താക്കളുമായുള്ള കരാര്‍ ഒപ്പുവെച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് ഭവന പദ്ധതിയിലൂടെ ഇതുവരെ സംസ്ഥാനത്ത് 3,42,156 വീടുകളാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് സമര്‍പ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,06,000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 31 വരെ 54,648 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ 67,000 ലധികം വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിനിലൂടെ ഇതുവരെ 23.50 ഏക്കര്‍ സ്ഥലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 12.32 ഏക്കര്‍ ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് കൈമാറി. ഇതോടൊപ്പം ലൈഫ് 2020 ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 3,69,262 ഭൂമിയുള്ള ഭവനരഹിതരില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ ഫിഷറീസ് വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കും അതിവേഗം ആനുകൂല്യം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിയിരുന്നു. ഇതേത്തുടര്‍ന്ന് 46,380 ഗുണഭോക്താക്കള്‍ ഭവനനിര്‍മ്മാണത്തിനായി കരാറില്‍ ഏര്‍പ്പെടുകയും ഇതില്‍ 587 പേരുടെ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News