‘സംസ്ഥാനത്തിന്റെ നയരൂപീകരണത്തിന്‌ സഹായകമാകുന്ന നിർദേശങ്ങൾ പ്രഭാതയോഗങ്ങളിൽനിന്ന്‌ ലഭിക്കുന്നു’: മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ നയരൂപീകരണത്തിന്‌ സഹായകമാകുന്ന ക്രിയാത്മകമായ നിർദേശങ്ങളാണ് നവകേരള സദസ്സിലെ പ്രഭാതയോഗങ്ങളിൽനിന്ന്‌ ലഭിക്കുന്നത്. വെള്ളിയാഴ്‌ച പ്രഭാതയോഗം കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കൺവൻഷൻ സെന്ററിലാണ് നടന്നത്. നെയ്യാറ്റിൻകര, കാട്ടാക്കട, പാറശാല, അരുവിക്കര മണ്ഡലങ്ങളിൽനിന്നുള്ള ക്ഷണിതാക്കൾ യോഗത്തിൽ പങ്കെടുത്തു. ഭാവികേരളം എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ചുള്ള വൈവിധ്യമാർന്ന കാഴ്ചപ്പാടുകൾ നൽകുന്ന സംവാദമായിരുന്നു യോഗത്തിൽ നടന്നത്. അവയെല്ലാം സഗൗരവം സർക്കാർ പരിഗണിക്കും.

ALSO READ: ഇനി നെല്ലിക്ക ഉപയോഗിച്ചും മുഖത്തിന്റെ ശോഭ കൂട്ടാം…

നവകേരള സദസ്സ് ഒരു മാതൃകയാണെന്ന്‌ പ്രഭാതയോഗത്തിൽ പങ്കെടുത്ത അരുവിപ്പുറം മഠത്തിലെ സ്വാമി സാന്ദ്രാനന്ദ അഭിപ്രായപ്പെട്ടു. വലിയ അശ്വമേധമാണ്‌ സർക്കാർ നടത്തുന്നത്. അതിനെ പിടിച്ചുകെട്ടാൻ ചില ശ്രമങ്ങൾ നടക്കുന്നുണ്ട്. പക്ഷേ, പ്രതിസന്ധികളെ അതിജീവിച്ച്‌ മുന്നോട്ടുപോകാൻ സർക്കാരിന്‌ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. നവകേരള സദസ്സ്‌ കേരളത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും സഹായകമാകുമെന്ന് നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസന്റ് സാമുവൽ അഭിപ്രായപ്പെട്ടു. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതോടെ നെയ്യാറ്റിൻകര താലൂക്കിനെ സാറ്റലൈറ്റ് നഗരമാക്കി മാറ്റാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന്‌ നിംസ് മെഡിസിറ്റി എംഡി ഡോ. ഫൈസൽ ഖാൻ അഭിപ്രായപ്പെട്ടു. ഇത്‌ മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ സർക്കാർ ആരംഭിച്ചു. വിഴിഞ്ഞത്തുനിന്ന് ആരംഭിക്കുന്ന റിങ് റോഡ് പദ്ധതി വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായിവരുന്ന വലിയ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യംവച്ചുള്ളതാണ്. ഇതിന്റെ ഭാഗമായി ഒട്ടേറെ സംരംഭങ്ങൾ വരും. ഭൂമി ഏറ്റെടുക്കൽ മാത്രമാക്കാതെ ഭൂമി വിട്ടുതരുന്നവരെക്കൂടി ഈ വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കാൻ കഴിയുമോ എന്നാണ്‌ സർക്കാർ ആലോചിക്കുന്നത്.

ALSO READ: അവൾ ചോര നീരാക്കി നിർമിച്ച വീട് നഷ്ടപ്പെടാൻ പോകുന്നു, ലക്ഷ്മിക സജീവന്റെ കുടുംബത്തെ സഹായിക്കണമെന്ന് സുഹൃത്തുക്കൾ

നെയ്യാർ ഡാമിനെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കാനുള്ള സമഗ്ര രൂപരേഖയുണ്ടാക്കണമെന്നും നെയ്യാർ ഡാം വികസന സമിതി രൂപീകരിക്കണമെന്നും എഴുത്തുകാരൻ കെ ആർ അജയൻ പറഞ്ഞു. കേരളത്തിൽ തികച്ചും വ്യവസായ, നിക്ഷേപ സൗഹൃദ അന്തരീക്ഷമാണ്‌ നിലനിൽക്കുന്നതെന്ന് പങ്കജകസ്തൂരി മാനേജിങ് ഡയറക്ടർ പത്മശ്രീ ഡോ. ജെ ഹരീന്ദ്രൻ നായർ പറഞ്ഞു. കരമന –- കളിയിക്കാവിള റോഡ് വികസനം ത്വരിതപ്പെടുത്തണമെന്നും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണമെന്നും നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി കെ രാജ്‌മോഹൻ പറഞ്ഞു.

മന്ത്രിസഭയാകെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയെന്ന സ്വപ്‌നമാണ്‌ നവകേരള സദസ്സിലൂടെ യാഥാർഥ്യമായതെന്ന്‌ സംഗീത സംവിധായകൻ ശ്രീകുമാരൻ തമ്പി യോഗത്തിൽ പറഞ്ഞു. ഓട്ടിസം അടക്കമുള്ള പ്രശ്‌നങ്ങൾ അനുഭവിക്കന്ന കുട്ടികൾക്കായി തെറാപ്പി സെന്ററുകൾ ആരംഭിക്കണമെന്ന്‌ പൂവച്ചൽ ബഡ്‌സ് സ്‌കൂളിലെ അധ്യാപിക ഷൈനി ജോൺ പറഞ്ഞു. തരിശുനിലങ്ങളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‌ കൃഷിഭവനുകളിലൂടെ നടപ്പാക്കുന്ന തരത്തിൽ പദ്ധതി ആവിഷ്‌കരിക്കണമെന്ന്‌ പള്ളിച്ചൽ പഞ്ചായത്തിൽനിന്നുള്ള യുവ കർഷകൻ ചന്ദ്രകുമാർ പറഞ്ഞു.

നെയ്യാർ അഞ്ചുചങ്ങല പ്രദേശത്ത് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പട്ടയപ്രശ്‌നം പരിഹരിക്കുന്നതിന്‌ സർക്കാർ ഇടപെടൽ നടത്തണമെന്ന് കർഷകനായ മോഹനൻ കാലയിൽ പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഊരുകളിൽ ആരംഭിച്ച സാമൂഹ്യ പഠനമുറി പദ്ധതി സമഗ്ര വിദ്യാഭ്യാസ കേന്ദ്രമാക്കി വികസിപ്പിക്കണമെന്ന ആവശ്യമാണ് അരുവിക്കര തൊളിക്കോട് ഊരിൽ പ്രവർത്തിക്കുന്ന വിജിത ഉന്നയിച്ചത്. പ്രവാസികൾക്ക് ഏറ്റവും കൂടുതൽ പിന്തുണയും സഹായവും നൽകുന്ന സർക്കാരാണ്‌ കേരളത്തിൽ ഇപ്പോഴുള്ളതെന്ന്‌ കേരള പ്രവാസി ലീഗ് പ്രതിനിധി കലാപ്രേമി ബഷീർ അഭിപ്രായപ്പെട്ടു.

ALSO READ: ട്രാൻസ്ജെൻഡർ വിഭാഗങ്ങളെ അധിക്ഷേപിച്ച് സ്മൃതി ഇറാനി

തൊളിക്കോട് പഞ്ചായത്തിൽനിന്നുള്ള അബ്ദുൾ നാസർ ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതിയിലേക്ക് തന്റെ ഉടമസ്ഥതയിലുള്ള ഭൂമി യോഗത്തിൽവച്ച്‌ കൈമാറി. സർക്കാർ നടത്തുന്ന ജനക്ഷേമ പദ്ധതികൾക്ക് ജനങ്ങൾ നൽകുന്ന പിന്തുണയ്ക്ക് ഈ സംഭവം അടിവരയിടുന്നു. നാടിന്റെ വികസനത്തിനും പുരോഗതിക്കുമായി ആവേശപൂർവം എല്ലാവരും പങ്കുചേരുന്ന അനുഭവമായി ഈ ദിവസത്തെ പ്രഭാതയോഗം.

(നവകേരള സദസിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിലയിരുത്തൽ, ദേശാഭിമാനി ദിനപത്രം പ്രസിദ്ധീകരിച്ചത്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News