‘വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു സഖാവ് പുഷ്പന്റേത്’: മുഖ്യമന്ത്രി

വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു സഖാവ് പുഷ്പന്റേതെന്ന് അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നു പതിറ്റാണ്ടു കാലം നീണ്ട തന്റെ സഹനങ്ങള്‍ക്ക് അന്ത്യം കുറിച്ച് സഖാവ് പുഷ്പന്‍ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. ആ പേരു കേട്ടാല്‍ ആവേശം തുടിച്ചിരുന്ന ഓരോ കമ്മ്യൂണിസ്റ്റുകാരന്റെ ഹൃദയവും ഈ നിമിഷം ദു:ഖഭരിതമാണ്. സഖാവിനോടൊപ്പം പാര്‍ടിയുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു അധ്യായം കൂടി അഗ്‌നിയായി നമ്മുടെയുള്ളില്‍ ജ്വലിക്കുകയാണ്.

1994, നവംബര്‍ 25 ഈ നാട് ഒരിക്കലും മറക്കില്ല. കെ കെ രാജീവന്‍. കെ വി റോഷന്‍, ഷിബുലാല്‍, ബാബു, മധു എന്നീ അഞ്ചു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ജീവനെടുത്ത അന്നത്തെ യുഡിഎഫ് ഭരണകൂട ഭീകരതയെ നെഞ്ചു വിരിച്ചു നേരിട്ട സഖാവ് പുഷ്പനു ജീവന്‍ ബാക്കിയായെങ്കിലും സ്വന്തം ജീവിതം നഷ്ടപ്പെട്ടു. കൂത്തുപറമ്പ് വെടിവയ്പ്പ് എന്നന്നേയ്ക്കുമായി സഖാവിനെ ശയ്യാവലംബിയാക്കി.

ALSO READ:‘ഏതൊരു വിപ്ലവകാരിയുടെ മനസിലും അണയാത്ത കനലായി പുഷ്പന്‍ ജീവിക്കും’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ശിഷ്ടകാലം ദുരന്തം സമ്മാനിച്ച തന്റെ അനാരോഗ്യത്തോടു പൊരുതേണ്ടി വന്ന അവസ്ഥയിലും സഖാവ് പുഷ്പനിലെ കമ്മ്യൂണിസ്റ്റ് അണുകിട ഉലഞ്ഞിട്ടില്ല. താന്‍ നേരിട്ട ദുരന്തത്തില്‍ അദ്ദേഹം പശ്ചാത്തപിച്ചിട്ടില്ല. കാരണം, അദ്ദേഹത്തെ നയിച്ചത് സ്വാര്‍ത്ഥ മോഹങ്ങളായിരുന്നില്ല, മറിച്ച് നാടിനു വേണ്ടി സ്വയം ത്യജിക്കാനുള്ള ധീരതയും ഉറച്ച കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളുമായിരുന്നു. പാര്‍ടിയോടുള്ള അനിതരസാധാരണമായ കൂറായിരുന്നു.

സഖാവിന്റെ രക്തസാക്ഷിത്വം പാര്‍ടിയെ സംബന്ധിച്ചിടത്തോളം ഒരേ സമയം അടങ്ങാത്ത വേദനയും അണയാത്ത ആവേശവുമാണ്. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എന്തെന്ന ചോദ്യത്തിനു ഈ നാട്ടിലെ ഓരോ സഖാവിനും ചൂണ്ടിക്കാണിക്കാനുള്ള ഉത്തരമാണ് സഖാവ് പുഷ്പന്‍. അതുകൊണ്ടുതന്നെ ഓരോരുത്തരിലുമെന്ന പോലെ സഖാവിന്റെ വിയോഗം വ്യക്തിപരമായും കടുത്ത ദു:ഖമാണ് സൃഷ്ടിച്ചിട്ടുള്ളത്. വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു സഖാവ് പുഷ്പന്റേത്. മനുഷ്യസ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും അനശ്വര പ്രതീകമായ സഖാവ് പുഷ്പനു ആദരാഞ്ജലികള്‍. സഖാക്കളുടേയും കുടുംബത്തിന്റേയും വേദനയില്‍ പങ്കു ചേരുന്നു. വിപ്ലവാഭിവാദ്യങ്ങള്‍!

ALSO READ:സമരസൂര്യന് വിട; കൂത്തുപറമ്പ് സമര പോരാളി സഖാവ് പുഷ്പന് അന്ത്യാഭിവാദ്യങ്ങള്‍: ഡിവൈഎഫ്‌ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News