ചൂരല്‍മല ദുരന്തം; എയര്‍ഫോഴ്‌സ് ഉള്‍പ്പെടെ എല്ലാ സന്നാഹങ്ങളും അപകട സ്ഥലത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു: മുഖ്യമന്ത്രി

വയനാട് ചൂരല്‍മലയിലുണ്ടായ  അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പറയാറായിട്ടില്ലെന്നും എയര്‍ഫോഴ്‌സ് ഉള്‍പ്പെടെ എല്ലാ സന്നാഹങ്ങളും അവിടേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സംഭവസ്ഥലത്ത് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും എല്ലാ സന്നാഹങ്ങളും ഒരുക്കുകയാണ്. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും വിളിച്ചിരുന്നുവെന്നും എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആളുകള്‍ക്ക് കൃത്യമായി ഇപ്പോഴും അവിടെ എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഫലപ്രദമായി കാര്യങ്ങള്‍ നീക്കാന്‍ പറ്റുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ കൃത്യമായി പറയാന്‍ പറ്റാത്ത അവസ്ഥയുണ്ട്. കുറച്ചുകൂടി കഴിഞ്ഞാല്‍ ആണ് കാര്യങ്ങളെല്ലാം വ്യക്തമാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫീസില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

Also Read : ചൂരല്‍മല ദുരന്തം: പൊലീസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം

അതേസമയം ചൂരല്‍മല ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. എന്‍ഡിആര്‍എഫിന്റെ കൂടുതല്‍ ടീമിനെ സംഭവസ്ഥലത്തേക്ക് ഉടന്‍ എത്തിക്കുന്നതിനാണ് നിര്‍ദേശം നല്‍കിയത്.

ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, സിവില്‍ ഡിഫന്‍സ്, എന്‍ഡിആര്‍എഫ്, ലോക്കല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം എന്നിവരുടെ 250 അംഗങ്ങള്‍ വയനാട് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി.

മുണ്ടക്കൈ. ചൂരല്‍മല,അട്ടമല എന്നിവടങ്ങളിലാണ് വന്‍ദുരന്തമുണ്ടായത്. ചാലിയാറില്‍ നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെത്തി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും എയര്‍ ഫോഴ്സ് എത്തി ഫോട്ടോകള്‍ എടുത്തു തുടങ്ങിയെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. 4 എന്‍.ഡി.ആര്‍.എഫ് സംഘങ്ങള്‍ ഉച്ചയോടെ എത്തും.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ഉത്തരമേഖല ഐജിയും കണ്ണൂര്‍ ഡിഐജിയും അല്പസമയത്തിനുള്ളില്‍ വയനാട് എത്തും.പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ക്രമസമാധാനവിഭാഗം എഡിജിപിക്ക് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.

കേരള ആംഡ് പൊലീസ് നാല്, അഞ്ച് ബറ്റാലിയനുകള്‍, മലബാര്‍ സ്പെഷ്യല്‍ പൊലീസ് എന്നിവിടങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വയനാട്ടേയ്ക്ക് തിരിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ട്. മലപ്പുറം ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായും പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News