കോൺഗ്രസ് ബിജെപിയുടെ ഉച്ചഭാഷിണിയായി മാറി; പ്രതിപക്ഷ നേതാവ് ആരാണ് എന്നറിയാത്ത അവസ്ഥയിലാണ് കോൺഗ്രസ്

ഇന്ന് കാണുന്ന കേരളം വാർത്തെടുക്കുന്നതിനുള്ള അടിത്തറയായിരുന്നു 1957ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് തകർക്കാനുള്ള ശ്രമങ്ങൾ പലപ്പോഴും നടന്നെങ്കിലും അത് സംഭവിച്ചില്ലായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒഞ്ചിയം രക്തസാക്ഷി ദിനം എഴുപത്തിയഞ്ചാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വെറും മുദ്രാവാക്യങ്ങളല്ല ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭ നൽകിയത്. പറഞ്ഞ വാഗ്ദാനങ്ങൾ നടപ്പാക്കുകയാണ് ചെയ്തത്. അതിനുദാഹരണമാണ് ഭൂപരിഷ്ക്കരണം. 1956 ൽ തന്നെ അധികാരം ലഭിച്ചാൽ എന്ത് ചെയ്യുമെന്ന കാര്യം കമ്മ്യൂണിസ്റ്റ് പാർട്ടി ജനങ്ങളോട് പറഞ്ഞിരുന്നു എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരളം ലോകത്തിന് മാതൃകയാണ് എന്ന് ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി പറഞ്ഞത് സത്യമായിരുന്നു. എന്നാൽ രാഷ്ട്രീയ പരിപാടിയിൽ വസ്തുത അറിഞ്ഞു കൊണ്ട് ബോധപൂർവ്വം കേരളത്തെ ഇകഴ്ത്തിക്കാണിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.സംസ്ഥാനത്ത് 0. 7 ശതമാനമാണ് അതിദാരിദ്ര്യം അനുഭവിക്കുന്നവരുടെ കണക്ക്. എന്നാൽ അവരെ അവഗണിക്കുകയല്ല കേരളം ചെയ്തത്. അവരെ പൊതുധാരയിലെത്തിക്കാൻ വിശദമായ പഠനം നടത്തി… അതിന് സമാനമായ ഒരു പരിപാടി ഇന്ത്യയിൽ വേറെ എവിടെയാണ് ഉള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രധാനമന്ത്രിക്ക് എന്തുകൊണ്ടാണ് അത് ശ്രദ്ധിക്കാൻ പറ്റാതിരുന്നത്. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറയുമ്പോൾ ആളുകൾ എങ്ങനെ അതെടുക്കുമെന്ന് അദ്ദേഹം പരിശോധിക്കണ്ടേയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയെപ്പോലൊരാൾ രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമായാൽ പോലും വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറയാമോ. ഇന്ത്യയിൽ മറ്റെല്ലാം സംസ്ഥാനങ്ങളിലെ പിഎസ്സി നിയമനം കൂട്ടിയാൽ പോലും കേരളത്തിലെ പിഎസ്സി നിയമനത്തിന്റെ അടുത്തെത്തില്ല. ആ സംസ്ഥാനത്ത് വന്നിട്ട് പറയുന്നത് കേരളത്തിൽ തൊഴിൽ നൽകുന്നില്ലെന്നാണ്. കേന്ദ്ര സർക്കാർ റെയിൽവേ മുതൽ ഇൻഷുറൻസ് വരെ സ്വകാര്യവൽക്കരിച്ചു. അത് വഴി ഉള്ളതൊഴിൽ അവസരങ്ങൾ ഇല്ലാതാക്കി. രാജ്യത്ത് പൊതുമേഖലയിൽ 10 ലക്ഷത്തോളം ഒഴിവുകൾ നികത്താതെ കിടക്കുകയാണ് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിൽ വന്ന് കുറ്റം പറയുമ്പോൾ കേന്ദ്ര സർക്കാർ സ്വീകരിച്ച സമീപനത്തെകുറിച്ച് പ്രധാനമന്ത്രി ഓർക്കണം.പ്രധാനമന്ത്രി പറയുന്നത് കേരളത്തിന് പ്രത്യേക പരിഗണന നല്കുന്നുവെന്നാണ്. ആ പരിഗണണ ഇത്തരത്തിലാണെങ്കിൽ അത് വളരെ പ്രത്യേകമായിരിക്കും എന്നും മുഖ്യമന്ത്രി പരിഹസിച്ചു. സംസ്ഥാനത്തിന് ലഭിക്കേണ്ട സഹായങ്ങളെല്ലാം തടഞ്ഞ അനുഭവങ്ങളാണ് കേരളത്തിനുള്ളത്. പ്രളയത്തിന് രക്ഷാപ്രവർത്തനം നടത്തിയതിനടക്കം സംസ്ഥാനത്തിന് ബിൽ അയച്ച സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. കിഫ്ബിയെയും സഹകരണ ബാങ്കുകളെയും സംസ്ഥാനത്തിൻ്റെ ക്ഷേമ പദ്ധതികളെ പല രീതിയിൽ തകർക്കാനുള്ള ശ്രമം കേന്ദ്രം നടത്തുകയാണ്. ഇതല്ലേ പ്രധാനമന്ത്രി പറഞ്ഞ പ്രത്യേക പരിഗണനയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. റെയിൽവേയുടെ കേരളത്തിന്റെ സ്വപ്ന പദ്ധതികളായി ഇപ്പോഴും അവശേഷിക്കയാണ്. അതിനിടയിൽ വന്ദേഭാരത് വന്നു. സംസ്ഥാനം അതിനെ സ്വാഗതം ചെയ്തു. അതുകൊണ്ട് മറച്ചുവെക്കാനാവില്ല കേരളത്തോടുള്ള അവഗണന എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്ത് 175 നഴ്സിംഗ് കോളജുകൾ അനുവദിക്കുമ്പോൾ കേരളത്തിന് ഒരെണ്ണം പോലും അനുവദിച്ചില്ല.ആതുര ശുശ്രൂഷ രംഗത്ത് കേരളത്തെ ലോകം മുഴുവൻ അംഗീകരിച്ചതാണ്. കേരളത്തിലെ നഴ്സുമാരെയും ലോകം അംഗീകരിച്ചു. ആ സംസ്ഥാനത്തെയാണ് കേന്ദ്ര സർക്കാർ അവഗണിച്ചത്.

നാടിന്റെ താൽപര്യത്തിനല്ല പാർട്ടി താൽപര്യത്തിനാണ് കേരളം പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മൂന്നര ലക്ഷം പേർക്ക് വീടും 63 ലക്ഷം പേർക്ക് ക്ഷേമ പെൻഷനും സംസ്ഥാനം നൽകി. ഇത് പാർട്ടി താൽപര്യം നോക്കിയല്ല നൽകിയത്. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയടക്കം എല്ലാവർക്കും ലഭ്യമാക്കുന്നത് പാർട്ടി നോക്കിയല്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി ഈ ആരോപണമുന്നയിച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു.

നാടിന്റെ താൽപര്യമണ് സർക്കാരിൻ്റെ പദ്ധതികൾക്കടിസ്ഥാനം. പ്രധാനമന്ത്രി കാര്യങ്ങൾ പറയുമ്പോൾ വസ്തുത നോക്കി പറയണം. ഇവിടെ ജനങ്ങളുടെ ഉയർച്ച നോക്കിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. അതാണ് നവകേരളമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.ഏറ്റവും മികച്ച ജീവിത നിലവാരമുള്ള ജനങ്ങൾ കേരളത്തിലുണ്ടാവണം. അതാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വാട്ടർ മെട്രോ കേരളത്തിന്റെ തനതായ പദ്ധതിയാണ്. ഡിജിറ്റൽ സയൻസ് പാർക്ക് അടക്കമുള്ള പദ്ധതികൾ യുവതലമുറയെ കണ്ടു കൊണ്ടുള്ളതാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോൺഗ്രസ് ഇപ്പോൾ ബിജെപിയുടെ ഉച്ചഭാഷിണി പോലെയാണ് പ്രവർത്തിക്കുന്നത്. രാവിലെ ബിജെപി പറയും. ഉച്ചക്ക് കോൺഗ്രസ് പറയും എന്ന അവസ്ഥയാണ് നിലവിൽ.പ്രതിപക്ഷ നേതാവ് ആരാണെന്ന് പോലുമറിയാതെ പരസ്പര മത്സരത്തിലാണ് കോൺഗ്രസ് നേതാക്കൾ എന്നും മുഖ്യമന്ത്രി പരിഹസിച്ചു. കെ. ഫോൺ കേരളത്തിന്റെ അഭിമാന പദ്ധതിയാണ്. അതിനെ എതിർക്കുന്നവർ എന്തിനെയും എതിർക്കും. കേരളം എന്ത് പദ്ധതി തുടങ്ങിയാലും ബിജെപിയും കോൺഗ്രസും എതിർക്കുകയാണ് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്താ

വിവിധ രീതിയിൽ കേരളത്തിൽ സ്വാധീനമുറപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. അതൊന്നും കേരളത്തിൽ ചെലവാകില്ല. കേരളത്തിലെ ഏതെങ്കിലും വിഭാഗത്തെ അങ്ങ് ആകർഷിച്ചുകളയും എന്ന് ബിജെപി വിചാരിച്ചാൽ അത് നടക്കാൻ പോകുന്നില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബിജെപി ആർഎസ്എസിന്റെ കൂട്ടാളിയാണ്.അവരുടെ ആഭ്യന്തരശതുക്കൾ മൂന്ന് വിഭാഗമാണ്. ക്രിസ്ത്യൻ, മുസ്ലിം മത വിഭാഗമാണ് ഇതിൽ രണ്ട് വിഭാഗങ്ങൾ. സംസ്ഥാനത്തിൻ്റെ മതനിരപേക്ഷത തകർത്ത് മുന്നോട്ട് പോകാൻ ആരെയും അനുവദിക്കില്ല. ജർമ്മനിയിൽ പ്രാവർത്തികമാക്കിയ രീതിയാണ് ആഭ്യന്തര ശത്രുക്കളെ നേരിടാൻ ആർ എസ് എസ് ഇവിടെ പ്രയോഗിക്കുന്നത്. ആർഎസ്എസിന്റെ മുഖം കേരളത്തിലെ എല്ലാവർക്കും അറിയാം എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News