രോഗികള്‍ക്ക് ഗൃഹകേന്ദ്രീകൃത പരിചരണം ഉറപ്പാക്കാന്‍ ജനസംഖ്യാനുപാതികമായി ആരോഗ്യ വകുപ്പിന്‍റെ ഹോം കെയര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായും സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പാലിയേറ്റീവ് കെയര്‍ ഉറപ്പാക്കുന്നതിന് 2021 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പ് മാര്‍ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണസമിതി അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീര്‍ഘകാല രോഗങ്ങള്‍ മൂലം പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഗൃഹകേന്ദ്രീകൃത പരിചരണം ഉറപ്പാക്കാന്‍ ഉദ്ദേശിച്ചാണ് പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങള്‍ ആവിഷ്ക്കരിച്ചത്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പാലിയേറ്റീവ് കെയര്‍ ഉറപ്പാക്കുന്നതിന് 07.03.2021ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പ് മാര്‍ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെയും ആരോഗ്യവകുപ്പിന്‍റെ സഹകരണത്തോടെയുമാണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്.
also read; മുണ്ടക്കൈ – ചൂരൽമല ദുരന്തം വിവാദവിഷയമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്; മുഖ്യമന്ത്രി
രോഗികള്‍ക്ക് ഗൃഹകേന്ദ്രീകൃത പരിചരണം ഉറപ്പാക്കാന്‍ ജനസംഖ്യാനുപാതികമായി ആരോഗ്യ വകുപ്പിന്‍റെ ഹോം കെയര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പരിശീലനം ലഭിച്ച കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സുമാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നിയമിക്കുന്നത്. 1,142 പ്രൈമറി പാലിയേറ്റീവ് യൂണിറ്റുകള്‍ സര്‍ക്കാര്‍ മേഖലയിലുണ്ട്. ഇവ വഴി 1,14,439 രോഗികള്‍ക്ക് പരിചരണം നല്‍കിവരുന്നുണ്ട്. മാനദണ്ഡങ്ങള്‍ക്കനുസൃതമായി യൂണിറ്റുകള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കാനുള്ള സംവിധാനമൊരുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും തങ്ങളുടെ അധികാര പരിധിയിലെ പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും വിശദാംശങ്ങള്‍ സമാഹരിച്ച് രജിസ്ട്രേഷന്‍ നടത്തുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം. എല്ലാ സംഘടനകളെയും രജിസ്റ്റര്‍ ചെയ്യിക്കണം. ഇക്കാര്യത്തില്‍ യാതൊരുവിധ വിവേചനവും പാടില്ല.
also read; കരുതലും കൈത്താങ്ങും; താലൂക്ക് തല അദാലത്തില്‍ 554 അപേക്ഷകള്‍ തീര്‍പ്പാക്കി
ഗൃഹപരിചരണം ആവശ്യമായ എല്ലാവര്‍ക്കും ഗുണമേന്മയിലധിഷ്ഠിതമായ ഗൃഹ പരിചരണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഓരോ രോഗിക്കും പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരുടെ പിന്തുണ ഉറപ്പുവരുത്തണം. ഇതിനായി സന്നദ്ധ പ്രവര്‍ത്തകരെ കണ്ടെത്തി പരിശീലിപ്പിക്കണം. പുതിയ വളന്‍റിയര്‍മാരെ കണ്ടെത്താനുള്ള ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം. കണ്ടെത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ശാസ്ത്രീയമായ പരിശീലനം ഉറപ്പാക്കണം.പരിശീലന മൊഡ്യൂളും പരിശീലകരെയും ആരോഗ്യ വകുപ്പ് ലഭ്യമാക്കും. ഓരോ രോഗിക്കൊപ്പവും പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകളില്‍ പരിചരണം നല്‍കിവരുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരില്‍ മതിയായ പരിശീലനം ലഭിക്കാത്ത വരുണ്ടെങ്കില്‍ അവര്‍ക്ക് പരിശീലനം നല്‍കണം.
ദൈനംദിന പരിചരണം ആവശ്യമായ രോഗികളുള്ള വീടുകളില്‍ ബയോമെഡിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍, രാസ മാലിന്യങ്ങളെ മറ്റ് മാലിന്യങ്ങളില്‍ നിന്ന് വേര്‍തിരിച്ച് കൈകാര്യം ചെയ്യാന്‍ ആവശ്യമായ അവബോധവും പരിശീലനവും ഉറപ്പാക്കണം. രോഗി പരിചരണമാണ് പാലിയേറ്റീവ് കെയറില്‍ കാര്യമായി ഉള്‍പ്പെട്ടിട്ടുള്ളത്.
also read; അറുപത്തി മൂന്നാമത് കേരള സ്‌കൂള്‍ കലോത്സവം; ആദ്യമായി ഗോത്രനൃത്ത വിഭാഗങ്ങളും
പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ ഗുരുതര രോഗബാധിതരല്ലാത്തതും പരിചരണം ആവശ്യമുള്ളതുമായ വയോജനങ്ങളും ഭിന്നശേഷിക്കാരും ധാരാളമുണ്ട്. ഇവരെക്കൂടി ഉള്‍ക്കൊള്ളിച്ച് ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പരിചരണം ഉറപ്പാക്കുംവിധം ഡൊമിസിലിയറി കെയര്‍ പദ്ധതിയായി വിപുലീകരിച്ച് മികച്ച പരിചരണം ഉറപ്പാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. കിടപ്പിലായ രോഗികള്‍ക്ക് മെച്ചപ്പെട്ട പരിചരണം ലഭിക്കാന്‍ 20,000 ജനസംഖ്യയുള്ള പ്രദേശത്ത് ഒരു ഹോം കെയര്‍ യൂണിറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരംഭിക്കണമെന്ന് പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാനില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാല്‍, നിലവില്‍ 30,000 പേരടങ്ങുന്ന ജനസംഖ്യ പ്രദേശത്തിന് ഒരു കെയര്‍ യൂണിറ്റാണ് പ്രവര്‍ത്തിക്കുന്നത്. ആക്ഷന്‍ പ്ലാനില്‍ നിര്‍ദ്ദേശിച്ചതുപ്രകാരം ഹോം കെയര്‍ യൂണിറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നടപടികള്‍ കൈക്കൊള്ളണം. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിച്ച് ടെലിമെഡിസിന്‍ സംവിധാനത്തെ ഗ്രിഡിന്‍റെ ഭാഗമാക്കാനാണ് ഉദ്ദേശിക്കുന്നത്.
also read; യൂറോപ്യന്‍ യൂണിയനിലെ തൊഴിലവസരം; കേരളത്തിലെത്തിക്കാന്‍ നോര്‍ക്ക റൂട്ട്‌സ്
നിരാലംബരായ വയോജനങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന ഹോമുകള്‍ സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ മേഖലയിലും പ്രവര്‍ത്തിക്കുന്ന വൃദ്ധ മന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍ക്കൂടി പാലിയേറ്റീവ് കെയര്‍ സേവനം എത്തിക്കണം. വയോമിത്രം പദ്ധതിയെ ഡൊമിസിലിയറി കെയര്‍ പദ്ധതിയുമായി കണ്ണിചേര്‍ക്കണം. പാലിയേറ്റീവ് കെയര്‍ രംഗത്ത് തദ്ദേശ സ്വയംഭരണം, സാമൂഹ്യനീതി, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ, ബ്ലോക്ക് തലങ്ങളില്‍ സംവിധാനമൊരുക്കണം. വാര്‍ഡ് അടിസ്ഥാനത്തില്‍ വാര്‍ഡ് അംഗത്തിന്‍റെ നേതൃത്വത്തില്‍ ആശവര്‍ക്കര്‍മാര്‍, അംഗന്‍വാടി, കുടുംബശ്രീ, സന്നദ്ധ പ്രവര്‍ത്തകര്‍ അടങ്ങിയ സമിതി രൂപീകരിക്കണം.
തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ സമാനമായ സമിതികള്‍ രൂപീകരിക്കണം. ഈ സമിതികള്‍ മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. അതുവഴി പാലിയേറ്റീവ് പരിചരണം ആവശ്യമായവര്‍ക്കെല്ലാം മെച്ചപ്പെട്ട പരിചരണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. ഗ്രാമ, നഗര വ്യത്യാസമില്ലാതെ പാലിയേറ്റീവ് പരിചരണം ആവശ്യമായ മുഴുവന്‍ ആളുകളെയും കുടുംബങ്ങളെയും കണ്ണിചേര്‍ത്തുകൊണ്ട് എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ മികച്ച പരിചരണം ഉറപ്പാക്കാന്‍ ജനകീയ മുന്നേറ്റം നടത്താനാണ് ഉദ്ദേശിക്കുന്നത്. അതിന്‍റെ ഭാഗമായ ക്യാമ്പൈന്‍ പ്രവര്‍ത്തനം 2025 ജനുവരി 1ന് ആരംഭിക്കണം.
ഇത്തരം ക്യാമ്പയിനുകൾ പൂര്‍ണ്ണതോതില്‍ നടപ്പാക്കിയാലേ സുസ്ഥിരമായ നവകേരളമെന്ന നമ്മുടെ ആത്യന്തിക ലക്ഷ്യം കൈവരിക്കാനാകൂ. ഈയൊരു ബോധ്യത്തോടെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here