സംസ്ഥാനത്ത് ആദ്യമായാണ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണസമിതികള്‍ ഒരേ സമയം യോഗം ചേരുന്നതെന്നും അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചുവരുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 2025 നവംബര്‍ 1ന് മുമ്പായി അതിദരിദ്രരി ല്ലാത്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണസമിതി അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന് 2021ല്‍ ആരംഭിച്ച പദ്ധതിയാണ് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി. 64,006 കുടുംബങ്ങളിലായി 1,03,099പേര്‍ അതിദരിദ്രരാണെന്ന് കണ്ടെത്തി. 1,032 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായാണ് ഇവരെ കണ്ടെത്തിയത്. ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നീ ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് അതിദരിദ്രരെ നിര്‍ണയിച്ചത്.
ALSO READ; മുണ്ടക്കൈ – ചൂരൽമല ദുരന്തം വിവാദവിഷയമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്; മുഖ്യമന്ത്രി
ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ 2023 നവംബര്‍ 1നാണ് പൂര്‍ത്തിയായത്. ആദ്യ ഘട്ടത്തില്‍ തന്നെ 47.89% പേരെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കാന്‍ കഴിഞ്ഞു. രണ്ടാം ഘട്ടത്തില്‍ 2024 നവംബര്‍ 1ന് മുമ്പ് 90% പേരെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കുന്നതിനാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ഇതുവരെ 40,180 കുടുംബങ്ങളെ മാത്രമാണ് അതിദാരിദ്ര്യ ത്തില്‍ നിന്ന് മുക്തരാക്കാന്‍ സാധിച്ചത്. അതായത് 63.82% മാത്രമേ പുരോഗതി ഉണ്ടായിട്ടുള്ളൂ. രണ്ടാം ഘട്ടത്തില്‍ ഉണ്ടായിട്ടുള്ള മെല്ലെ പോക്കിനെ അതിജീവിച്ച് 2025 നവംബര്‍ 1ന് മുമ്പായി അതിദരിദ്രരില്ലാത്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയണം.
അതിന് എന്തെല്ലാം ചെയ്യണമെന്നാണ് ഇന്നത്തെ ഭരണസമിതി യോഗത്തില്‍ ആലോചിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചുവരുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. തീരുമാനിക്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കഴിയണം.
ALSO READ; സ്മാര്‍ട്ട്സിറ്റിയുടെ ഭൂമി കേരളത്തിന്റെ ഐടി വികസനത്തിന് ഫലപ്രദമായി ഉപയോഗിക്കും; മുഖ്യമന്ത്രി
ഭക്ഷണ ദൗര്‍ലഭ്യം മൂലം ബുദ്ധിമുട്ടനുഭവിച്ചിരുന്ന എല്ലാവര്‍ക്കും ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരാതികള്‍ക്കിടയില്ലാത്ത വിധം ഇത് തുടരുന്നുവെന്ന് ഉറപ്പാക്കണം. ഇതിന് ആവശ്യമായ തുടര്‍നടപടികള്‍ തീരുമാനിക്കണം. ഗുണമേന്മയിലധിഷ്ഠിതമായി സേവനം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും തദ്ദേശ സ്ഥാപനതലത്തില്‍ രൂപീകരിച്ച ഉപസമിതി ഇക്കാര്യം അവലോകനം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here