സമ്മേളനങ്ങൾ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്നും ചിട്ടയോടെ ഭംഗിയായി സമ്മേളനങ്ങൾ നടത്താൻ സിപിഐഎമ്മിനാകുന്നുണ്ടെന്നും മറ്റു പല പാർട്ടികൾക്കും ഇത് ചിന്തിക്കാൻ പോലും പറ്റില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പത്തനംതിട്ടയിൽ സിപിഐഎം ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ പ്രക്രിയ വഴിയാണ് പാർട്ടിയിലെ എല്ലാ ഭാരവാഹികളെയും തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിൻറെ അടിസ്ഥാന മൂല്യങ്ങൾ വെല്ലുവിളിക്കപ്പെടുകയാണെന്നും
അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ബാധ്യതപ്പെട്ടവർ തന്നെ ഇവയെ തകർക്കാൻ നേതൃത്വം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുകയാണ്. ദേശീയ പ്രസ്ഥാനത്തിൽ ഒരു പങ്കും ആർഎസ്എസ് വഹിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ പങ്കാളികളാകത്ത ആർഎസ്എസ് ചരിത്രം തിരുത്തുകയാണ്. ആൻഡമാൻ ജയലിലിൽ എത്തിയ സംഘപരിവാർ നേതാവ്മാപ്പെഴുതി കൊടുത്താണ് രക്ഷപ്പെട്ടത്. അയാളെ സ്വാതന്ത്രസമര സേനാനി എന്നല്ല വഞ്ചകൻ എന്നെ വിളിക്കാൻ പറ്റൂ. അങ്ങനെ വിളിക്കാൻ ആർഎസ്എസിന് പറ്റാത്തത് കൊണ്ട് ചരിത്രം തിരുത്താൻ ശ്രമിക്കുന്നു. സംഘപരിവാറിന് രാജ്യം ഉയർത്തിയ മൂല്യങ്ങളോട് എല്ലാ കാലവും എതിർപ്പായിരുന്നു. ആർഎസ്എസിനും, സംഘപരിവാറിനും, ജമാഅത്തെ ഇസ്ലാമിക്കും രാജ്യം മതാധിഷ്ഠിതം ആകണമെന്നാണ് ആഗ്രഹം.
മതനിരപേക്ഷത എതിരായ നിലപാടാണ് സംഘപരിവാർ അന്നും ഇന്നും സ്വീകരിച്ചിട്ടുള്ളത്. അന്ന് സംഘപരിവർ നിലപാട് കേന്ദ്രസർക്കാർ നിലപാട് അല്ലായിരുന്നു. ഇന്ന് സംഘപരിവാർ നിലപാട് കേന്ദ്ര സർക്കാർ നിലപാട് ആയിരിക്കുന്നു. ഇത് രാജ്യത്ത് ഉണ്ടായ ദൗർഭാഗ്യകരമായ അവസ്ഥയാണ്. സംഘപരിവാറുകാർ ഭരണഘടന എങ്ങനെയൊക്കെ തകർക്കാൻ പറ്റും എന്നാണ് നോക്കുന്നത്. അംബേദ്കർ മനുസ്മൃതിയെ അംഗീകരിക്കാത്തതു കൊണ്ട് ആർഎസ്എസ് ഭരണഘടന അംഗീകരിച്ചില്ല. ആർഎസ്എസിന് വേണ്ടിയത് ഇന്നത്തെ സാമൂഹിക വ്യവസ്ഥയല്ല, മനു വചനങ്ങളാണ് ആർഎസ്എസിന് നടപ്പാക്കേണ്ടത്.
ആരാണ് അംബേദ്കർ എന്ന നമുക്കെല്ലാവർക്കും അറിയാം. നാം കാണുന്ന അംബേദ്കറിനെ അല്ല സംഘപരിവാർ കാണുന്നത്. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി തന്നെ ഭരണഘടന നിർമ്മാണ സഭയിലെ ഏറ്റവും പ്രധാനിയായ അംബേദ്ക്കറെ പാർലമെൻറിൽ കഠിനമായി ആക്ഷേപിക്കുകയാണ്. കേന്ദ്ര സർക്കാർ നമ്മുടെ രാജ്യത്ത് മത നിരപേക്ഷതയെ കഴിയുന്നത്ര പോറൽ ഏൽപ്പിക്കുകയാണ്. പാവപ്പെട്ടവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ചു തകർക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. സുപ്രീംകോടതി ഇടപെട്ടിട്ടും അത് ആവർത്തിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ സംഘപരിവാർ അഴിഞ്ഞാടുന്നു. നിയന്ത്രിക്കേണ്ട ഗവൺമെന്‍റുകൾ പൂർണ്ണമായി നിസ്സഹരിക്കുന്നു. കലാപങ്ങൾ നടത്തുന്നവരുടെ സംരക്ഷകരായി മാറുന്നു. എല്ലാം ന്യൂനപക്ഷങ്ങളും വേട്ടയാടപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here