യുഎസ്, ക്യൂബ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര തിരിച്ചു. ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ജൂണ്‍ 10ന് രാവിലെ ടൈം സ്‌ക്വയറിലെ മാരിയറ്റ് മാര്‍ക്ക് ക്വീയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ലോക കേരളാസഭാ മേഖലാ സമ്മേളനത്തില്‍ ഉള്‍പ്പെടെ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെത്തുന്നത്.
സ്പീക്കര്‍ എ എന്‍ ഷംസീര്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, എം.പിമാരായ ജോണ്‍ ബ്രിട്ടാസ്, ജോസ് കെ മാണി ഉള്‍പ്പെടെയുള്ള പ്രമുഖരും ലോക കേരള സഭാ അംഗങ്ങളും ചീഫ് സെക്രട്ടറി വി.പി. ജോയി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.
ജൂണ്‍ ഒമ്പതിന് വെള്ളിയാഴ്ച ന്യൂയോര്‍ക്കിലെ സെപ്തംബര്‍ 11 സ്മാരകം മുഖ്യമന്ത്രി സന്ദര്‍ശിക്കും. തുടര്‍ന്ന് യുഎന്‍ ആസ്ഥാനത്തും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും.
ജൂണ്‍ 11ന് മാരിയറ്റ് മാര്‍ക്ക് ക്വീയില്‍ ചേരുന്ന ബിസിനസ് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അമേരിക്കയിലെ മലയാളി നിക്ഷേപകര്‍, പ്രമുഖ പ്രവാസി മലയാളികള്‍, ഐടി വിദഗ്ധര്‍, വിദ്യാര്‍ഥികള്‍, വനിതാ സംരംഭകര്‍ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
അന്ന് വൈകിട്ട് ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. ജൂണ്‍ 12 ന് വാഷിംഗ്ടണ്‍ ഡിസി യില്‍ ലോകബാങ്ക് സൗത്ത് ഏഷ്യ മേഖലാ വൈസ് പ്രസിഡന്‍റ് മാര്‍ട്ടിന്‍ റെയിസറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
ജൂണ്‍ 13ന് മാരിലാന്‍ഡ് വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് സന്ദര്‍ശിച്ച് മനസ്സിലാക്കും. ജൂണ്‍ 14 ന് ന്യൂയോര്‍ക്കില്‍ നിന്നും ഹവാനയിലേക്ക് തിരിക്കും. ജൂണ്‍ 15 ,16 തീയതികളില്‍ ഹവാനയിലെ വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. വിവിധ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ജോസ് മാര്‍ട്ടി ദേശീയ സ്മാരകം അടക്കമുള്ള ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here