ലോക ട്രാന്‍സ്പ്ലാന്റ് ഒളിമ്പിക്സില്‍ അഞ്ച് കിലോമീറ്റർ മാരത്തണിൽ പങ്കെടുക്കാന്‍ പോകുന്ന ഡിനോയ് തോമസിന് ആശംകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ജേഴ്സി കൈമാറിയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡിനോയിക്ക് യാത്രയയപ്പ് നല്‍കിയത്. മന്ത്രിമാരായ പി രാജീവും എംബി രാജേഷും ഒപ്പമുണ്ടായിരുന്നു.
ഏപ്രില്‍ 15 മുതൽ 21 വരെ ഓസ്ട്രേലിയയിലെ പെര്‍ത്തിലാണ് ലോകട്രാന്‍സ്പ്ലാന്റ് ഒളിമ്പിക്സ് നടക്കുന്നത്. അവയവം മാറ്റിവച്ചവര്‍ക്കും ദാതാക്കള്‍ക്കുമായിട്ടാണ് ഇൻ്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ അംഗീകാരത്തോടെ ട്രാന്‍സ്പ്ലാന്റ് ഒളിമ്പിക്സ് സംഘടിപ്പിക്കുന്നത്. കേരളത്തില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ ഇതില്‍ പങ്കെടുക്കന്നത്. ലിസി ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. ജോ ജോസഫും മെഡിക്കല്‍ സംഘത്തിന്റെ ഭാഗമായി ഇന്ത്യന്‍ ടീമിനൊപ്പം പെര്‍ത്തിലേക്ക് പോകുന്നുണ്ട്. കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയില്‍ നടന്ന സ്പൈസ് കോസ്റ്റ് മാരത്തണോനോടനുബന്ധിച്ച് സംഘടിപ്പിച്ച 5 കിലോമീറ്റര്‍ ഓട്ടം വിജയകരമായി പൂര്‍ത്തീകരിച്ച ഡിനോയ് തോമസിനെ അഭിനന്ദിച്ചു കൊണ്ട് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ട്വീറ്റ് ചെയതിരുന്നു.
2013 സെപ്റ്റംബര്‍ 20നാണ് കളമശ്ശേരി സ്വദേശി ഡിനോയ് തോമസിന് (39) എറണാകുളം ലിസി ആശുപത്രിയില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ ഹൃദയം മാറ്റി വച്ചത്. തൃശൂര്‍ അയ്യന്തോള്‍ സ്വദേശി ലിബുവിന്റെ ഹൃദയമാണ് ഡിനോയിയില്‍ ഇപ്പോള്‍ മിടിക്കുന്നത്. ഡൈലേറ്റഡ് കാര്‍ഡിയോ മയോപതി എന്ന അസുഖം മൂലം നടക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ നിന്നും ഇപ്പോള്‍ സ്വന്തമായി അധ്വാനിച്ച് കുടുംബം പുലര്‍ത്തുവാന്‍ ഡിനോയിക്ക് സാധിക്കുന്നുണ്ട്.
അവയവദാനത്തിന്റെ മഹത്വം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡോ. ജോസ് ചാക്കോ പെരിപ്പുറം ചെയർമാനായുള്ള ഹാര്‍ട്ട്‌കെയര്‍ ഫൗണ്ടേഷന്‍ ആണ് ഈ യാത്രയ്ക്ക് മുന്‍കൈ എടുക്കുന്നത്. ഡിനോയിയുടെ യാത്രാ ചെലവുകള്‍ വഹിക്കുന്നത് അദ്ദേഹം ജോലി ചെയ്യുന്ന നിപ്പോണ്‍ ടൊയോട്ടാ ഗ്രൂപ്പ് ആണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here