വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തന കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അന്‍പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിണറായി വിജയന്‍ എഴുതിയ കത്താണ് വൈറലായിരിക്കുന്നത്. വിദ്യാര്‍ഥി സംഘടനയായിരുന്ന കെഎസ്എഫിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന പിണറായി വിജയന്‍ 1965 കെഎസ്എഫ് സംസ്ഥാന സെക്രട്ടറിയായിരുന്ന ജി സുഭാഷ് ചന്ദ്രബോസിന് എഴുതിയ കത്താണ് വൈറലായത്. സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവനും കൊല്ലം ജില്ലയിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനുമായ ടി കെ വിനോദന്റെ സ്വകാര്യ ശേഖരത്തിലാണ് ഈ കത്തുള്ളത്. ആ കത്ത് വിനോദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂം
58 വര്‍ഷം മുമ്പ് ഒരു വിദ്യാര്‍ത്ഥിസംഘടനയുടെ സംസ്ഥാന പ്രസിഡന്റ്, സംഘടനയുടെ സംസ്ഥാന സെക്രട്ടറിക്കയച്ച കത്താണ് ഇതോടൊപ്പം. 1965 മേയ് 18ന് കെഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആയിരുന്ന പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറി ആയിരുന്ന ജി.സുഭാഷ്ചന്ദ്രബോസിന് അയച്ച പോസ്റ്റ് കാര്‍ഡ്. അര നൂറ്റാണ്ട് മുമ്പുള്ള വിദ്യാര്‍ത്ഥിസംഘടനാ പ്രവര്‍ത്തനത്തിന്റെ, പ്രത്യേകിച്ച് ഇടതുപക്ഷ വിദ്യാര്‍ത്ഥിസംഘടനാ പ്രവര്‍ത്തനത്തിന്റെ രീതിയും സ്വഭാവവും എങ്ങനെയായിരുന്നു എന്നതിന്റെ ചെറിയ സൂചന നല്കാന്‍ ഈ കത്ത് സഹായകമായേക്കും.
Dear comrade,
താങ്കളുടെ എഴുത്ത് 15-ാം നു എനിക്ക് കിട്ടി. ഞങ്ങളുടെ കേമ്പ് കണ്ണൂരില്‍ കൂത്തുപറമ്പ് മണ്ഡലത്തിലുള്ള വേങ്ങാട് എന്ന സ്ഥലത്തുവെച്ച് മെയ് 28,29,30 തിയ്യതികളില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. കേമ്പില്‍ സ.ഇ.യം.എസ്സ് പങ്കെടുക്കേണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. അതിനുവേണ്ടി താങ്കള്‍ ഒന്നെഴുതേണം. ഇ.യം.എസ്സ് പങ്കെടുക്കാതിരിക്കുകയാണെങ്കില്‍ സ:ചക്രപാണി നിര്‍ബ്ബന്ധമായും പങ്കെടുത്തേ തീരു. അതും താങ്കളുടെ ശ്രദ്ധയില്‍ ഉണ്ടായിരിക്കേണം. 30-ാം നുയിലെ പൊതു സമ്മേളനത്തില്‍ ആര്‍.സി ഉണ്ണിത്താനെ കിട്ടിയാല്‍ നന്നായിരുന്നു. 30-ാം നുത്തെ വിദ്യാഭ്യാസ സമ്മേളനത്തില്‍ മുണ്ടശ്ശേരിയെ നിര്‍ബ്ബന്ധമായും കിട്ടേണം. അദ്ദേഹത്തെ പൊതു സമ്മേളനത്തിലും പങ്കെടുപ്പിക്കാമായിരുന്നു. ഈ കാര്യങ്ങളെല്ലാം താങ്കള്‍ ഗൗരവമായെടുക്കേണമെന്നും ഇവരെ പങ്കെടുപ്പിക്കുവാന്‍ പരിശ്രമിക്കേണമെന്നും അഭ്യര്‍ത്ഥിക്കുകയാണ്. താങ്കള്‍ കേമ്പില്‍ പങ്കെടുക്കുവാന്‍ 27-ാം നു തന്നെ തലശ്ശേരിയില്‍ എത്തേണമെന്ന് അഭ്യര്‍ത്ഥന.
അഭിവാദ്യങ്ങളോടെ
പിണറായി വിജയന്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here