കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവം, ലീഡ് ചെയ്യുന്നവർ ഉടൻ ബെംഗളൂരുവിലെത്താൻ ഡി.കെയുടെ നിർദ്ദേശം

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ കോൺഗ്രസ് മുന്നേറ്റം വ്യക്തമായതോടെ പാർട്ടിക്കുള്ളിൽ മുഖ്യമന്ത്രി ചർച്ചകളും സജീവമായി. ഡികെ ശിവകുമാറോ സിദ്ധരാമയ്യയോ എന്ന ചോദ്യം കോൺഗ്രസിൽ ഉൾപ്പാർട്ടി തർക്കങ്ങൾ ഉണ്ടാക്കിയേക്കുമെന്ന സൂചനകളുണ്ട്.

കെപിസിസി അധ്യക്ഷൻ ആയതുമുതൽ ഇതുവരെ കോൺഗ്രസിനെ തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചതും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ചതും ഡി.കെ ശിവകുമാറായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഓപ്പറേഷൻ താമരയിൽ കൈപൊള്ളിയ കോൺഗ്രസിന് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പകരം വീട്ടാൻ ഒപ്പം നിന്നതും ഡി.കെ ശിവകുമാർ തന്നെ. ലിംഗായത് വിഭാഗത്തിലെ രണ്ട് പ്രബലനേതാക്കളായ ജഗദീഷ് ഷെട്ടാറിനെയും ലക്ഷ്മൺ സാവഡിയെയും അവസാനം നിമിഷം ബിജെപിയിൽ നിന്ന് കോൺഗ്രസ് പാളയത്തിലേക്കെത്തിച്ചത് ശിവകുമാറിന്റെ തന്ത്രമായിരുന്നു.

കൂടാതെ കർണാടകയിൽ കൊടുമ്പിരികൊണ്ട അമുൽ – നന്ദിനി വിവാദത്തിനിടയിലും നന്ദിനി സ്റ്റോറുകൾ സന്ദർശിച്ചും പിന്തുണ പ്രഖ്യാപിച്ചും ഡി.കെ താരമായി. ഇതെല്ലാം മുഖ്യമന്ത്രിപദവി സ്വപ്നം കണ്ട് ഡി.കെ ചെയ്തതാണെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡികെ ശിവകുമാറിനെ ദേശീയ നേതൃത്വം പരിഗണിക്കാൻ സാധ്യതകളേറെയാണ്. ഡികെ ശിവകുമാറിന് എതിരെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ കേസുകളും സിദ്ധരാമയ്യയുടെ എതിർപ്പും മാത്രമാകും മുഖ്യമന്ത്രി പദത്തിനും ഡികെ ശിവകുമാറിനുമിടയിലെ തടസ്സങ്ങൾ എന്നാണ് വിലയിരുത്തൽ.

ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അകമഴിഞ്ഞ് പിന്തുണച്ച കുറുമ്പ വിഭാഗത്തിന്റെ നേതാവ് എന്ന നിലയിലും മുൻ മുഖ്യമന്ത്രി എന്ന നിലയിലും സിദ്ധരാമയ്യയെ പരിഗണിക്കാതെ പോകാൻ കോൺഗ്രസിനാകില്ല. ഡികെ ശിവകുമാറിന് വേണ്ടി സിദ്ധരാമയ്യ സ്വയം പിന്മാറാൻ തയ്യാറാകുമോ എന്നതും കോൺഗ്രസിനെ സംബന്ധിച്ച് വളരെ നിർണായകമാണ്. സിദ്ധരാമയ്യ മുഖ്യമന്ത്രി പദത്തിലേക്ക് അവകാശവാദമുന്നയിച്ചാൽ അത് ദേശീയ നേതൃത്വം എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കർണാടകയിലെ കോൺഗ്രസ്സിന്റെ കെട്ടുറപ്പിനെ സംബന്ധിച്ചും നിർണായകമാണ്. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ ലിംഗായത് വിരുദ്ധ പരാമർശത്തിന്റെ പേരിൽ സിദ്ധരാമയ്യക്കെതിരെ ആരോപണമുയർന്നിരുന്നു. ഈ തെരഞ്ഞെടുപ്പിൽ ലിംഗായത് വിഭാഗം കോൺഗ്രസിനോട് എതിർപ്പ് പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ സിദ്ധരാമയ്യയോടുള്ള ലിംഗായത് നേതാക്കളുടെ സമീപനവും മുഖ്യമന്ത്രി പദം തീരുമാനിക്കുന്നതിൽ കോൺഗ്രസ് നേതൃത്വം പരിഗണിച്ചേക്കാം.

അതേസമയം, ലീഡ് ചെയ്യുന്ന എംഎൽമാരോട് ഉടൻ ബെംഗളൂരുവിലെത്താൻ ഡികെ ശിവകുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. നേരിയ ഭൂരിപക്ഷം മാത്രം നിലവിലുള്ള സാഹചര്യത്തിൽ വിജയിച്ചെത്തുന്ന മുഴുവൻ എംഎൽഎമാരെയും ഒരുമിച്ചുനിർത്തുക എന്നതിനാകും കോൺഗ്രസ് നേതൃത്വം ഇപ്പോൾ മുൻഗണന നൽകുക. ഓപ്പറേഷൻ താമരയുടെ മുൻ അനുഭവങ്ങൾ തന്നെയാകണം ഇത്തരമൊരു മുൻകരുതൽ എടുക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്. കർണാടകയിലെ രാഷ്ട്രീയ പോരിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാലും അവസാനമുണ്ടാകില്ല എന്ന സൂചന കൂടിയാണ് കോൺഗ്രസിന്റെ ഈ നീക്കം നൽകുന്നത്. തങ്ങൾക്ക് മറ്റൊരു ബി പ്ലാൻ കൂടിയുണ്ടെന്ന് ബിജെപി നേതാക്കൾ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കർണാടകയിലെ ബിജെപി നീക്കവും നിർണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News