മഹാരാഷ്ട്രയിൽ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മധ്യവയസ്കന് ദാരുണാന്ത്യം. 55 കാരനായ സ്കൂൾ പ്രിൻസിപ്പൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് നിയന്ത്രണം നഷ്ടമായി അപകടത്തിൽപ്പെടുകയായിരുന്നു. ജില്ലാ പരിഷത്ത് സ്‌കൂളിലെ പ്രിൻസിപ്പലായിരുന്ന സുരേഷ് സംഗ്രമേയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ അർജുനി മോർഗാവോണിലേക്കുള്ള റോഡിൽ സകോലി താലൂക്കിലെ സംഗഡിക്ക് സമീപമായിരുന്നു അപകടം. ഒരു മാസം മുമ്പ് ഇദ്ദേഹം വാങ്ങിയ സിഎംഎഫ് 1 എന്ന ഫോണാണ് പോക്കറ്റിൽ കിടന്നു പൊട്ടിത്തെറിച്ചത്.
അപകടം നടക്കുമ്പോൾ കൂടെ 56 കാരനായ സുഹൃത്ത് നാഥു ഗെയ്‌ക്‌വാദും ഉണ്ടായിരുന്നു. ബൈക്കിൽ നിന്ന് വീണ് ഗെയ്‌ക്‌വാദിന് ഗുരുതരമായി പരിക്കേറ്റതായും ഇയാൾ ഇപ്പോൾ ചികിത്സയിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു. സ്‌ഫോടനത്തിൽ, വാഹനമോടിച്ചിരുന്ന സുരേഷ് സംഗ്രമേക്ക് ഗുരുതരമായി പൊള്ളലേറ്റു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല.
ALSO READ; എഐ നിരീക്ഷണത്തില്‍ കുളി പാസാക്കാം; ജപ്പാന്റെ മനുഷ്യനെ കുളിപ്പിക്കും വാഷിംഗ് മെഷീന്‍ റെഡി!
‘നതിങ്’ ഫോൺ കമ്പനിയുടെ ഉപ കമ്പനിയായ സിഎംഎഫ് ബഡ്ജറ്റ് വിലയിൽ വിപണിയിൽ ഇറക്കിയ തങ്ങളുടെ ആദ്യത്തെ ഫോണാണ് സിഎംഎഫ് ഫോൺ 1. ഫോൺ പൊട്ടിത്തെറിച്ചതിൻ്റെ കൃത്യമായ കാരണം ഇപ്പോഴും കണ്ടെത്താനായിട്ടില്ലെങ്കിലും അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ഫോൺ കമ്പനിയായ സിഎംഎഫ് ഇത് വരെ ഒരു തരത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല.
മൊബൈൽ ഫോൺ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇത്തരത്തിലുള്ള ഫോൺ സ്ഫോടനങ്ങൾ വളരെ അപൂർവമാണ്. സംഭവിക്കുന്നവയെല്ലാം സാധാരണയായി ബാറ്ററി തകരാറുകളുമായി ബന്ധപ്പെട്ടവയായിരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അമിതമായി ചാർജ് ചെയ്യുക, മറ്റു ചാർജറുകൾ ഉപയോഗിക്കുക തുടങ്ങിയ പ്രവണതകൾ ബാറ്ററി തകരാറിനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here