മാത്യു കുഴല്‍നാടനെതിരായ ആരോപണത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് സി പി ഐ (എം) എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍. വക്കീല്‍ നോട്ടീസിനുള്ള തന്റെ മറുപടി വാര്‍ത്തയാക്കാന്‍ താല്‍പര്യമില്ലായിരുന്നുവെന്നും താന്‍ പുതിയതായി ഒരു ആക്ഷേപവും ഉന്നയിച്ചിട്ടില്ലെന്നും മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കുഴല്‍നാടന്റെ സത്യവാങ് മൂലത്തിലെ ക്രമക്കേട് സംബന്ധിച്ചാണ് ചൂണ്ടിക്കാട്ടിയത്. 95 ലക്ഷത്തോളം വരുമാനമുള്ള അദ്ദേഹം 32 ഇരട്ടി സമ്പാദിച്ചതായി സത്യവാങ്മൂലത്തില്‍ പറയുന്നു. അതിന്റെ സ്രോതസ്സ് കുഴല്‍നാടന്‍ വെളിപ്പെടുത്തണമെന്നും കുഴല്‍നാടന്റെ സ്ഥാപനത്തിനോട് ഒരു വിരോധവുമില്ലെന്നും മോഹനന്‍ പറഞ്ഞു.
ദുബായിലുള്ള സ്ഥാപനത്തില്‍ നിക്ഷേപിക്കാന്‍ പണം എവിടുന്നാണെന്ന് ചോദ്യമുന്നയിച്ച മോഹനന്‍ കെ എം എന്‍ പി എന്ന നിയമ സ്ഥാപനത്തിനെതിരായി തനിയ്ക്ക് ഒരാക്ഷേപവുമില്ലെന്നും ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ കുഴല്‍നാടന്‍ ഇതു വരെ തയ്യാറായിട്ടില്ലെന്നും കുഴല്‍നാടനെതിരായി ഉന്നയിച്ച ആരോപണത്തിന് തന്റെ കയ്യില്‍ തെളിവുണ്ടെന്നും മോഹനന്‍ വ്യക്തമാക്കി.
Also Read : മതത്തിന് അതീതമായ മാനവസ്‌നേഹം; നബിദിനറാലിക്ക് സ്വീകരണം ശിവക്ഷേത്ര കമ്മിറ്റി
കുഴല്‍നാടനെതിരെ താന്‍ ആരോപണം ഉന്നയിച്ചത് തെളിവുകളുടെയും മാത്യു കുഴല്‍നാടന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിന്റെയും പിന്‍ബലത്തിലാണെന്നും സി എന്‍ മോഹനന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതെ അനധികൃത സ്വത്ത് സമ്പാദനം നടത്തി എന്ന് തനിക്കെതിരെ കുഴല്‍നാടന്‍ തിരിച്ച് ആരോപണമുന്നയിക്കുകയായിരുന്നു. അതിന് കുഴല്‍നാടന്റെ പക്കല്‍ എന്ത് തെളിവാണുള്ളതെന്നും മോഹനന്‍ ചോദിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here