മോദി സര്‍ക്കാരിന്റെ കാലത്തും കല്‍ക്കരി കുംഭകോണം; 4100 കോടിയിലധികം ടണ്‍ കല്‍ക്കരിയുടെ വിതരണത്തില്‍ അഴിമതി നടന്നു

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന കല്‍ക്കരി ലേലകുംഭകോണം നരേന്ദ്രമോദി സര്‍ക്കാരും പിന്തുടര്‍ന്നതായി വെളിപ്പെടുത്തല്‍. ബിജെപി എംപിമാരായ ആര്‍.കെ. സിങ്ങും രാജീവ് ചന്ദ്രശേഖറും 2015ല്‍ എഴുതിയ കത്തുകള്‍ പുറത്തുവിട്ട് റിപ്പോര്‍ട്ട് കളക്ടീവ് ആണ് വന്‍ അഴിമതി വെളിപ്പെടുത്തിയത്. 4100 കോടിയിലധികം ടണ്‍ കല്‍ക്കരിയുടെ ലേല വിതരണത്തില്‍ വ്യവസ്ഥകള്‍ പാലിക്കാതെ കോര്‍പ്പറേറ്റുകള്‍ക്ക് കൊളളലാഭം കൊയ്യാന്‍ മോദിസര്‍ക്കാര്‍ ഒത്താശ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

കല്‍ക്കരി വിഭവകൈമാറ്റം സുതാര്യമാക്കി ഇരുട്ടില്‍നിന്ന് രാജ്യത്തെ വെളിച്ചത്തിലേക്ക് നയിച്ചെന്നായിരുന്നു പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ധവളപത്രത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവകാശപ്പെട്ടത്. എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന കല്‍ക്കരി കുംഭകോണം 2014ല്‍ അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാരും പിന്തുടര്‍ന്നുവെന്ന് വെളിപ്പെടുത്തുന്ന തെളിവുകള്‍ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് പുറത്തുവിട്ടു.

മോദി സര്‍ക്കാരില്‍ എംപിമാരും ഇന്നത്തെ കേന്ദ്രമന്ത്രിമാരുമായ ആര്‍.കെ. സിങ്ങും രാജീവ് ചന്ദ്രശേഖറും അഴിമതി തുറന്നുകാട്ടി 2015 ഫെബ്രുവരിയില്‍ എഴുതിയ കത്ത് പുറത്തുവിട്ടുകൊണ്ടായിരുന്നു വെളിപ്പെടുത്തല്‍. 4100 കോടിയിലധികം ടണ്‍ കല്‍ക്കരിയുടെ 200-ല്‍പ്പരം വരുന്ന ബ്ലോക്കുകളുടെ വിതരണത്തിനായി തയ്യാറാക്കിയ ലേലവ്യവസ്ഥകള്‍ തിടുക്കപ്പെട്ട് ഉണ്ടാക്കിയതും സ്വകാര്യകമ്പനികള്‍ക്ക് അന്യായലാഭത്തിന് വഴിയൊരുക്കുന്നതുമാണെന്ന മുന്നറിയിപ്പാണ് എംപിമാര്‍ നല്‍കിയത്.

Also Read : പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഭര്‍ത്താവിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തും

അന്നത്തെ കല്‍ക്കരി മന്ത്രിയായിരുന്ന പീയൂഷ് ഗോയലും ധനമന്ത്രി അരുണ്‍ ജയ്റ്റിലും കത്ത് അവഗണിച്ചതോടെ വന്‍ അഴിമതിക്ക് കളമൊരുങ്ങി. കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈമാറിയെങ്കിലും ഒരു മാറ്റവുമുണ്ടായില്ല. എംപിമാരുടെ മുന്നറിയിപ്പുകള്‍ ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സി.എ.ജി.) പിന്നീട് പുറത്തുവിട്ടത്.

സര്‍ക്കാരിലേക്ക് കിട്ടേണ്ട വരുമാനം നഷ്ടപ്പെടുത്തും വിധം സ്വകാര്യ കമ്പനികള്‍ക്ക് ലാഭത്തിന് പഴുതൊരുക്കിയെന്ന കണ്ടെത്തലാണ് സി.എ.ജിയും നടത്തിയത്. എന്നാല്‍ ഈ സിഎജി റിപ്പോര്‍ട്ടും വെളിച്ചംകണ്ടില്ല. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. ഭരണകാലത്ത് 1.86 ലക്ഷം കോടിയുടെ കല്‍ക്കരിലേല അഴിമതി നടന്നെന്ന് ധവളപത്രത്തില്‍ വിശദീകരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ മറ്റൊരു വന്‍ അഴിമതിയുടെ വ്യക്തമായ തെളിവ് കൂടിയാണ് റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News