വട്ടക്കഴുത്തുള്ള ബനിയനും കൈലിയുമുടുത്ത് അതിനുമുകളില്‍ ബെല്‍റ്റ് കെട്ടി കൈയില്‍ പേനാക്കത്തി നിവര്‍ത്തിപ്പിടിച്ച് നെഞ്ചും വിരിച്ചു നടക്കുന്ന ഇറച്ചിവെട്ടുകാരന്‍ ഹൈദ്രോസ്. കിരീടത്തിലെ സേതുവിനെ ചുറ്റിപ്പറ്റി നടക്കുന്ന ആ മണ്ടന്‍ ഗുണ്ടയെ അറിയാത്തവരായി ആരെങ്കിലുമുണ്ടോ? ആ ആസാനെ വിളി ഏതൊരാളെയും പൊട്ടിച്ചിരിയുടെ കൂടാരത്തിലേക്ക് കൊണ്ടുപോകാറുണ്ട്.
പഞ്ചാബി ഹൗസിലെ ഗംഗാധരന്‍ മുതലാളി ഇന്നും രമണനെയും കൂട്ടി മലയാള സിനിമയുടെ ചായക്കടയ്ക്ക് മുന്നിലിരുന്ന് കപ്പലണ്ടി കൊറിയ്ക്കുന്നുണ്ട്. കാലം പോയിട്ടും മാറ്റമില്ലാതെ നമുക്കിടയില്‍ ഒരു ഗംഗാധരന്‍ മുലാളിയും രമണനുമൊക്കെ കറങ്ങി നടപ്പുണ്ട്.
അത്രത്തോളം ആ വലിയ മനസ്സുള്ള ചെറിയ മനുഷ്യന്റെ പ്രകടനം വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി.
Also Read: ഫെബ്രുവരി മമ്മൂട്ടിയുടെ മാസമാകുമോ? രണ്ട് ഭാഷകളിൽ വ്യത്യസ്ത ജോണറുകളിൽ മമ്മൂട്ടി എത്തുന്നു
മിമിക്രി- നാടകവേദികളിലൂടെ കടന്നുവന്ന് ‘അഴിമുഖം’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച കൊച്ചിന്‍ ഹനീഫക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വിജയഗാഥ രചിച്ചുകൊണ്ട് പറക്കും തളികയിലേറി മലയാളികളുടെ സ്വന്തം ഇന്‍സ്‌പെക്ടര്‍ വീരപ്പന്‍ കുറുപ്പ് ആടിത്തിമിര്‍ക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്.
പുലിവാല്‍ കല്യാണത്തിലെ ധര്‍മേന്ദ്ര, ചതിക്കാത്ത ചന്തുവിലെ ധര്‍മ, മാന്നാര്‍ മത്തായി സ്പീക്കിംഗിലെ എല്‍ദോ, പാണ്ടിപ്പടയിലെ ദരിദ്രനായ മുതലാളി, സിഐഡി മൂസയിലെ പൊലീസുകാരന്‍ അങ്ങനെ കണക്കില്ലാതെ നീളുന്നു കൊച്ചിന്‍ ഹനീഫ അനശ്വരമാക്കിയ റോളുകള്‍.
മീശ മാധവനിലെ പിള്ളേച്ചന്റെ വാലായ ത്രിവിക്രമന്‍ തീയേറ്ററുകള്‍ പൂരപ്പറമ്പാക്കി. അങ്ങനെ ആരാധകരെ പൊട്ടിച്ചിരിപ്പിച്ച എത്രയെത്ര രസികന്‍ വേഷങ്ങള്‍.
വില്ലന്‍ വേഷങ്ങളിലാണ് തുടക്കമെങ്കിലും ഹാസ്യ വേഷങ്ങളിലൂടെയാണ് പേരെടുത്തത്. മലയാളം, ഹിന്ദി, തമിഴ് തുടങ്ങി വിവിധ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങള്‍. ഒരു സന്ദേശം കൂടി, ആണ്‍കിളിയുടെ താരാട്ട്, വാത്സല്യം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായി. കടത്തനാടന്‍ അമ്പാടി, ലാല്‍ അമേരിക്കയില്‍, ഇണക്കിളി എന്നിവയുടെ തിരക്കഥാകൃത്തായി. കമലാഹാസനൊപ്പം അഭിനയിച്ച മഹാനദിയിലെ പ്രകടനം ദക്ഷിണേന്ത്യ മുഴുവന്‍ അദ്ദേഹത്തിന് പ്രശംസ നേടിക്കൊടുത്തു.
വിജയ്, വിക്രം, അജിത്ത്, രജനികാന്ത് തുടങ്ങി ഒട്ടനവധി താരങ്ങളോടൊപ്പം തമിഴില്‍ അഭിനയിച്ചു. ശങ്കര്‍ സിനിമകളിലെ സ്ഥിര സാന്നിധ്യമായി. 2010 ഫെബ്രുവരി രണ്ടിനായിരുന്നു മലയാള സിനിമയില്‍ നികത്താവാത്ത ആ വിടവ് നിലനിര്‍ത്തി കൊച്ചിന്‍ ഹനീഫ യാത്രയായത്. എങ്കിലും, നര്‍മം നിറഞ്ഞ വര്‍ത്തമാനങ്ങളിലൂടെ, നന്മ നിറഞ്ഞ ജീവിതത്തിലൂടെ, മലയാള ചലച്ചിത്ര ലോകത്ത് ഔപചാരികതകളില്ലാതെ കൊച്ചിന്‍ ഹനീഫ ഇന്നും പ്രയാണം തുടരുന്നു. മലയാളികളുടെ പൊന്നിക്കയായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here