കൂപ്പുകുത്തി ഇന്ത്യൻ വിപണി, അമേരിക്കൻ ഇഫക്ടെന്ന് ട്രേഡ് അനലിസ്റ്റുകൾ; സെൻസെക്സിൽ ഒറ്റയടിക്കുള്ള നഷ്ടം 3 ലക്ഷം കോടി

യുഎസ് വിപണിയിലെ ആശങ്കകളിലൊലിച്ച് ഇന്ത്യൻ വിപണിയും. സെൻസെക്സ് 500 ൽ അധികം പോയിൻ്റുകൾ ഇടിഞ്ഞാണ് ഇന്ന് വ്യാപാരം ചെയ്യുന്നത്. നിഫ്റ്റി തുടങ്ങിയത് തന്നെ 180 ലേറെ പോയിൻ്റിടിഞ്ഞ്  25,100 നും താഴെ. ഇതോടെ വിപണിയ്ക്ക് ഒറ്റയടിക്കുള്ള നഷ്ടം 3 ലക്ഷം കോടിയാണെന്ന് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തി.  എല്ലാ ഓഹരി വിഭാഗങ്ങളും ചുവപ്പിൽ നിന്നാണ് ഇന്നു തുടങ്ങിയത്. വിപണിയുടെ കൂപ്പുകുത്തലിൽ പിടിച്ചു നിന്നതാകെ കിറ്റെക്സും കൊച്ചി കപ്പൽശാലയും മാത്രം. യുഎസ് വീണ്ടും മാന്ദ്യഭീതിയിലകപ്പെട്ടതും യുഎസ് ഓഹരി വിപണികളായ ഡൗ ജോൺസ്, എസ് ആൻഡ് പി 500, നാസ്ഡാക്ക് എന്നിവ കൂപ്പുകുത്തിയതും ഏഷ്യൻ ഓഹരികളെയാകെ തന്നെ ഇന്ന് ഉലച്ചിരുന്നു.

ALSO READ: മോഷണംപോയത് അഞ്ചേമുക്കാല്‍ പവന്റെ സ്വര്‍ണാഭരണങ്ങള്‍, വിരലടയാളം എടുക്കുമെന്ന് പൊലീസിന്റെ ‘ഭീഷണി’; ഒടുവില്‍ വന്‍ ട്വിസ്റ്റ്

ജപ്പാൻ്റെ നിക്കേയ്, ഹോങ്കോങ്ങിൻ്റെ ഹാങ്സെങ്, ചൈനയുടെ ഷാങ്ഹായ് തുടങ്ങിയവയെല്ലാം വിപണിയിൽ കൂപ്പുകുത്തിക്കൊണ്ടാണ് ഇന്ന് തുടങ്ങിയത്. ഈ സാഹചര്യത്തിൽ  ഇന്ത്യൻ വിപണിയ്ക്കും മുന്നേറ്റമുണ്ടാകില്ലെന്ന് ഈ രംഗത്തെ വിദഗ്ധർ നേരത്തെ വിലയിരുത്തിയിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും കനത്ത തിരിച്ചടിയാണ് ഇന്ത്യൻ വിപണി നേരിട്ടത്.  നിഫ്റ്റിയുടെ 50ൽ 44 ഓഹരികളും ചുവന്നു. 5 ഓഹരികളാണ് നേട്ടത്തിലുള്ളത്. ഒരു ഓഹരിയുടെ വില ഇതുവരെയും  മാറിയിട്ടില്ല. കോൾ ഇന്ത്യയാണ് 3.6% ഇടിഞ്ഞ് നഷ്ടത്തിൽ ഒന്നാമത്. ഒഎൻജിസി, വിപ്രോ, ഹിൻഡാൽകോ, എൽടിഐ മൈൻഡ്ട്രീ എന്നിവയാണ് 2-3.14% ഇടിഞ്ഞ് നഷ്ടത്തിൽ തൊട്ടുപിന്നാലെയുള്ളത്. ഏഷ്യൻ പെയിന്റ്സ്, ഗ്രാസിം ഇൻഡസ്ട്രീസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, അൾട്രാടെക് സിമന്റ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ 0.09 മുതൽ‌ 2.14% വരെ ഉയർന്ന് നേട്ടത്തിൽ വ്യാപാരം ചെയ്യുന്നു. വിശാല വിപണിയിൽ എല്ലാ ഓഹരി വിഭാഗങ്ങളും നഷ്ടത്തിലായി. ബാങ്ക് നിഫ്റ്റി 0.65% ഇടിഞ്ഞു. നിഫ്റ്റി ഓട്ടോ 0.89%, നിഫ്റ്റി ഐടി 1.64%, നിഫ്റ്റി മെറ്റൽ 1.23%, പൊതുമേഖലാ ബാങ്ക് 1.80% എന്നിങ്ങനെയും താഴ്ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News